ജന്‍ ഔഷധി മെഡിക്കല്‍ഷോപ്പുകളുടെ പേരില്‍ ബിജെപി നേതാവിനെതിരെ കോഴ ആരോപണം

By Web DeskFirst Published Aug 3, 2017, 9:53 PM IST
Highlights

തിരുവനന്തപുരം: പ്രധാനമന്ത്രി ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങാനായി ഇടനിലക്കാര്‍ പണം വാങ്ങുന്നതായി ആക്ഷേപം. ജന്‍ ഔഷധിയുടെ മാര്‍ക്കറ്റിംഗ് ഓഫീസര്‍മാരായി നിയോഗിച്ചിട്ടുള്ള ബിജെപിയുടെ പ്രാദേശിക വനിത നേതാവിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ജന്‍ ഔഷധിയെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ആരോപണത്തിന് പിന്നിലെന്ന് മാര്‍ക്കറ്റിംഗ് ഓഫീസറായ പൂര്‍ണ്ണിമ പറഞ്ഞു.

ജീവന്‍ രക്ഷാമരുന്നുകള്‍ കുറഞ്ഞവിലക്ക് സാധാരണക്കാരന്റെ കൈകളിലെത്തിക്കുകയാണ് പ്രധാനമന്ത്രിയുടെ ജന്‍ ഔഷധി പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. കേന്ദ്രസര്‍ക്കാരില്‍ നിന്നും മെഡിക്കല്‍ ഷോപ്പിന് അനുമതി ലഭിക്കാന്‍ അഞ്ചുപൈസ ചെലവഴിക്കേണ്ട. നടപടികള്‍ ഇങ്ങനെയായിരിക്കെ ഇടനിലക്കാര്‍ പണം ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിട്ടുളളത്. ലൈസന്‍സിന് അപേക്ഷിക്കുന്നവരെ കുറിച്ച് അന്വേഷണം നടത്തേണ്ട ഉത്തരവാദിത്വം ജന്‍ ഔഷദി മാര്‍ക്കറ്റിംഗ് ഓഫീസര്‍ക്കാണ്. തിരുവനന്തപുരത്തെ മാര്‍ക്കറ്റിങിന്റെ ചുമതലയുള്ള പൂര്‍ണിമ അപേക്ഷകരോട് ഫോണില്‍ പണം ആവശ്യപ്പെടുന്നതാണ് ഇപ്പോള്‍ പുറത്തായിട്ടുള്ളത്.

ലൈസന്‍സിനായി 7000 രൂപ നല്‍കിയതായി കുളത്തൂപ്പുഴ സ്വദേശി നസീമ ബീഗം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ പൂര്‍ണിമ നിഷേധിച്ചു. പണം ആവശ്യപ്പെട്ടത് കട വാടക്കുമാത്രമാണെന്നും ജെന്‍റിക് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമം ഇതിനുപിന്നിലുണ്ടെന്നും പൂര്‍ണിമ പറഞ്ഞു. തനിക്കെതിരെ നടക്കുന്ന ഗൂഡാലോചന അന്വേഷിക്കന്‍ ഡിജിപിക്ക് പരാതി നല്‍കുമെന്നും പൂര്‍ണിമ പറഞ്ഞു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പേറഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു പൂര്‍ണിമ. സംഭവത്തെ കുറിച്ച് കേന്ദ്രസര്‍ക്കാറും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

click me!