ഇന്നത്തെ ദിവസം സമ്മാനിച്ചതിന് എല്ലാവര്‍ക്കും നന്ദി; ജാസ്മിന്‍ ഷാ

By Web DeskFirst Published Mar 5, 2018, 9:16 PM IST
Highlights
  • ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത സമ്മര്‍ദമായിരുന്നു ഇന്ന്
  • എല്ലാം അറിയുന്നൊരു ശക്തിയുണ്ട്

നഴ്സുമാരുടെ അവകാശപോരാട്ടത്തില്‍ യുഎന്‍എ ചരിത്രമെഴുതുമ്പോള്‍ യുഎന്‍എ നേതാവ് ജാസ്മിന്‍ ഷാക്ക് പറയാനുണ്ട് ഇന്നത്തെ ദിവസത്തെക്കുറിച്ച്. 

ജാസ്മിന്‍ ഷായുടെ പ്രതികരണം

ജീവിതത്തില്‍ ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത സമ്മര്‍ദമായിരുന്നു ഇന്നത്തേത്. കോടതിയിലേക്കിറങ്ങുമ്പോള്‍ ഡയാലിസിസ് പേഷ്യന്‍റ് കൂടിയായ ഒരു നഴ്‌സ് സഹോദരി വിളിച്ചിരുന്നു. മൂന്നുനാല് ദിവസമായി ആരോഗ്യം വളരെ അസ്വസ്തമാണ്. ചൊവ്വാഴ്ച ഡയാലിസിസ് ഉണ്ട്. നഴ്‌സുമാരാരും ഇല്ലെന്ന് ആശുപത്രിയില്‍ നിന്ന് പറയുന്നു. ജീവന്‍ പോയാലും താനും സമരത്തിനൊപ്പം ചേരുന്നു. ഇത് വല്ലാതെ വിഷപ്പിച്ചു. എല്ലാം അറിയുന്ന ഒരു ശക്തിയുണ്ട്. ഇത് സത്യത്തിന്‍റെ സമരമാണ്. സഹോദരി നിന്‍റെ ജീവന് ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പ് തരുന്നു. എന്തുകൊണ്ടോ അത്രയും പറഞ്ഞ എനിക്ക് ഇപ്പോള്‍ ആശ്വാസം തോന്നുന്നു.

രാവിലെ 10 മണിക്കാണ് കോടതി നടപടികള്‍ ആരംഭിച്ചത്. പത്തരയോടെ കോടതിയുടെ ആദ്യ പ്രതികരണമുണ്ടായി. പണിമുടക്ക് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കാനാവില്ലെന്നായിരുന്നു അത്. തെല്ലൊരു ആശങ്കയുണ്ടായെങ്കിലും നഴ്‌സുമാരുടെ സമരം തീര്‍ക്കാന്‍ ഹൈക്കോടതി ഇടപെടാമെന്ന് പിറകെ പ്രഖ്യാപിച്ചതോടെ ആശ്വാസമായി. ഉച്ചക്ക് 12 മണിയോടെ വിഷയത്തിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ച ഹൈക്കോടതി നിയോഗിച്ച കമ്മിഷന് മുമ്പാകെ നടക്കുമെന്ന് അറിയിച്ചത് യുഎന്‍എ സ്വാഗതം ചെയ്തു.

പതിനൊന്ന് മണിയോടെ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം സഖാവ് എം.വി ജയരാജന്‍ വിളിച്ചു. നിങ്ങള്‍ ആവശ്യപ്പെടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. മാര്‍ച്ച് 31ന് അതുസംബന്ധിച്ച ഉത്തരവിറക്കും. പുതുക്കിയ ശമ്പളം അടുത്ത മാസം ഒന്നുമുതല്‍ നഴ്‌സുമാര്‍ക്ക് ലഭിക്കണമെന്നാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. ഇത് ഇന്നത്തെ ദിവസത്തെ വിജയത്തിലേക്ക് ഒന്നുകൂടിയായി. സമയം 1.20 ആയപ്പോഴേക്കും ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ നേരിട്ട് വിളിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ച അതേ നിലപാട് മന്ത്രിയും ആവര്‍ത്തിച്ചു. 11.30ന് ലേബര്‍ കമ്മിഷണറും ഫോണില്‍ വിളിച്ചിരുന്നു. നാളെ നടക്കുന്ന കെ.വി.എം ആശുപത്രി ചര്‍ച്ചയുടെ കാര്യം അറിയിക്കാനായിരുന്നു അത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ആരോഗ്യ മന്ത്രിയുടെ ഉള്‍പ്പടെ സാന്നിധ്യത്തില്‍  യോഗം ചേര്‍ന്നതായും കര്‍ശനമായും 31നകം ശമ്പള പരിഷ്‌കരണ ഉത്തരവ് ഇറക്കണമെന്ന നിര്‍ദേശം മുഖ്യമന്ത്രി നല്‍കിയതായും ലേബര്‍ കമ്മിഷണര്‍ അറിയിച്ചു.

ചര്‍ച്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ആവണമെന്ന താല്‍പര്യം എം.വി ജയരാജനെ ഫോണില്‍ വിളിച്ച് അറിയിച്ചു. വൈകാതെ അതും സമ്മതിച്ചുകൊണ്ടുള്ള അറിയിപ്പ് ലഭിച്ചു. അത് സന്തോഷത്തിന്‍റെ നിമിഷങ്ങളായി. ഉച്ചക്ക് 12ന് ഹൈക്കോടതിയുടെ മീഡിയേഷന്‍ ആരംഭിച്ചു. ഇപ്പോള്‍ നല്‍കുന്ന ശമ്പളം കൊണ്ട് നഴ്‌സുമാര്‍ക്ക് ജീവിക്കാനാവില്ലെന്ന് കമ്മിഷന്‍ ആദ്യം ചൂണ്ടിക്കാട്ടി. ഇരുവിഭാഗങ്ങളും വാദങ്ങള്‍ നിരത്തി. ഒടുവില്‍ സ്വകാര്യ ആശുപത്രി മേഖലയിലെ വിവിധ ഗ്രേഡുകളെ തരംതിരിച്ച് 20000 രൂപ അടിസ്ഥാന വേതനമാക്കണമെന്ന നിര്‍ദ്ദേശം ഹൈക്കോടതിയില്‍ നിന്ന് പുറപ്പെടുവിക്കുന്നതിന് കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കും. ഗ്രേഡ് തിരിച്ചുള്ള പട്ടിക കമ്മിഷന് മുമ്പാകെ യുഎന്‍എയും നല്‍കും. 

ഇതോടൊപ്പം നിര്‍ദേശമെന്നത് ഉത്തരവായി പുറപ്പെടുവിക്കാനുള്ള ഇടപെടല്‍ കമ്മിഷന്‍ നടത്തണമെന്ന് യുഎന്‍എ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സര്‍ക്കാരിന്‍റെ ഉത്തരവിനൊപ്പം കോടതിയുടെ ഉത്തരവ് കൂടിയാകുന്നത് നഴ്‌സിംഗ് മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ഏറെ സഹായകരമാകും. ഇന്നത്തെ ദിവസം സമ്മാനിച്ചതിന് എല്ലാവര്‍ക്കും നന്ദിയുണ്ട്. എന്നാല്‍ ആരോടും കടപ്പാടില്ലാത്ത സമരവിജയമായി ഇതിനെ കാണുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയും സഹായിച്ചില്ലെന്ന സങ്കടമുണ്ട്- ജാസ്മിന്‍ ഷാ പറയുന്നു. 

click me!