കോളേജ് വിദ്യാര്‍ത്ഥിനിയുടെ തിരോധനം: തുമ്പില്ലാതെ പോലീസ്‌

By Web DeskFirst Published Apr 17, 2018, 1:59 PM IST
Highlights
  • കാഞ്ഞിരപ്പള്ളി സെന്റ ഡോമിനിക്‌സ് കോളേജിലെ രണ്ടാം വര്‍ഷം ബികോം വിദ്യാര്‍ത്ഥി ജസ്‌നമരിയ ജെയിംസിനെ കഴിഞ്ഞ മാസം 22 മുതലാണ് കാണാതായത്. 

ഏരുമേലി:മുക്കുട്ടുതറ സ്വദേശി ജസ്‌ന മരിയ ജയിംസിനെ കാണാതായി ഒരു മാസമായിട്ടും അന്വേഷണം ഏങ്ങുമെത്തിയില്ല. കാഞ്ഞിരപ്പള്ളി സെന്റ ഡോമിനിക്‌സ് കോളേജിലെ രണ്ടാം വര്‍ഷം ബികോം വിദ്യാര്‍ത്ഥി ജസ്‌നമരിയ ജെയിംസിനെ കഴിഞ്ഞ മാസം 22 മുതലാണ് കാണാതായത്. 

അന്ന് രാവിലെ മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള പിതൃസഹോദരിയുടെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ജസ്‌ന വീടുവിട്ടിറങ്ങിയത്. ജഗ്ഷനില്‍ ജസ്‌ന ഇറങ്ങിയത് കണ്ടവരുണ്ട്. എന്നാല്‍ പിന്നീട് ഏങ്ങോട്ട് പോയെന്ന് ആര്‍ക്കുമറിയില്ല.

പത്തനംതിട്ട വെച്ചൂച്ചിറ പൊലീസ് ജസ്‌നയുടെ സഹാപാഠികളെയും ബന്ധുക്കളെയും ചോദ്യം ചെയ്‌തെങ്കിലും ജസ്‌നയ്ക്ക് എന്തെങ്കിലും പ്രശ്‌നമുള്ളതായി ആരും മൊഴി നല്‍കിയില്ല. ഗവി ഉള്‍പ്പടെ പത്തനംതിട്ടയിലേയും കോട്ടയത്തെയും വിനോദസഞ്ചാരകേന്ദ്രങ്ങളിലും അന്വേഷിച്ചെങ്കിലും കാര്യമുണ്ടായില്ല. ജസ്‌നയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചിട്ടും സംശയകരമായി ഒന്നും കണ്ടെത്താനായില്ല

ഇത്ര ദിവസം കഴിഞ്ഞിട്ടും കേസില്‍ കാര്യമായ തുമ്പ് കിട്ടാത്ത സാഹചര്യത്തില്‍ അന്വേഷണം പ്രത്യേക സംഘത്തെ ഏല്‍പിക്കണമെന്നാണ് ജസ്‌നയുടെ സഹപാഠികളുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണ് കുട്ടികള്‍. ജസ്‌നയുടെ തിരോധനത്തില്‍ ദൂരൂഹതയുണ്ടെന്നാണ് വീട്ടുകാരുടേയും കൂട്ടുകാരുടേയും ആക്ഷേപം. അന്വേഷണം ഏങ്ങുമെത്താത്തിനെ തുടര്‍ന്ന് സഹപാഠികള്‍ മനുഷ്യചങ്ങലയടക്കമുള്ള പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. 

click me!