കത്വ ബലാൽസംഗം: മന്ത്രിസ്ഥാനം രാജിവെച്ച ലാൽസിംഗിന് സ്വീകരണം

By Web DeskFirst Published Apr 17, 2018, 1:34 PM IST
Highlights
  • നാര്‍ക്കോ പരിശോധനക്ക് വിധേയരാക്കണം എന്നും ആവശ്യപ്പെട്ട് പ്രതികൾ നൽകിയ അപപേക്ഷയിൽ ജമ്മുകോടതി ഇതുവരെ തീരുമാനം എടുത്തിട്ടില്ല

ജമ്മു: കത്വ കൂട്ടബലാൽസംഗ കേസിലെ പ്രതികളെ ന്യായീകരിച്ച മുൻ മന്ത്രി ലാൽസിംഗിന് ഹിന്ദു ഏകതാമഞ്ച് ജമ്മുവിൽ സ്വീകരണം നൽകി. ലാൽസിംഗ് ജമ്മുവിൽ വാഹന റാലിയും നടത്തി. ബലാൽസംഗ കുറ്റം വ്യാജമാണെന്നും നാര്‍ക്കോ പരിശോധനക്ക് വിധേയരാക്കണമെന്നും കേസിലെ പ്രതികൾ ഇന്നലെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

ലാൽസിംഗ് ജമ്മുവിൽ വാഹന റാലി നടത്തി. കത്വയിലെ എട്ടുവയസ്സുകാരി പെണ്‍കുട്ടിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കി കൊല്ലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ ന്യായീകരിച്ചതിന് ജമ്മുകശ്മീര്‍ മന്ത്രിമാരായ ലാൽസിംഗ്, ചന്ദ്ര പ്രകാശ് ഗംഗ എന്നിവര്‍ രാജിവെച്ചിരുന്നു. പ്രതികളെ ന്യായീകരിച്ച നടപടി തെറ്റായിപ്പോയെന്ന് ബി.ജെ.പി ജന.സെക്രട്ടറി രാംമാധവ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

പ്രതികളെ സംരക്ഷിക്കാൻ നടന്ന വര്‍ഗീയ ഇടപെടലുകൾ ബി.ജെ.പിക്ക് ദേശീയ തലത്തിൽ വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് വീണ്ടും പ്രകോപനപരമായ നീക്കവുമായി മന്ത്രിസ്ഥാനം രാജിവെച്ച ലാൽസിംഗ് രംഗത്തെത്തിയത്. ഹിന്ദു ഏകത മഞ്ച് നടത്തിയ സ്വീകരണ പരിപാടിയിൽ പങ്കെടുത്ത ലാൽസിംഗ് ജമ്മുവിൽ വാഹന റാലിയും സംഘടിപ്പിച്ചു. നേരത്തെ പ്രതികളെ ന്യായീകരിച്ച് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ച സംഘടനയാണ് ഹിന്ദുഏകതാ മഞ്ച്. ഈ സംഘടനയുടെ പരിപാടിയിൽ പങ്കെടുത്താണ് ഇരുവരും പ്രതികളെ ന്യായീകരിച്ചത്. 

കത്വ കേസിലെ വിചാരണ നടപടികൾ ജമ്മുകശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ ഇന്നലെ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. കേസിൽ പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി കോടതിയിൽ ഹാജരാകാതിരിക്കാൻ വലിയ ഭീഷണിയാണ് ഉണ്ടാകുന്നതെന്ന് അഭിഭാഷകയായ ദീപിക സിംഗ് രജാവത്ത് സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്തു.
 
ഇതിനിടെയാണ് നിയമസംവധാനങ്ങളെ വെല്ലുവിളിച്ചുള്ള നീക്കങ്ങൾ ജമ്മുവിൽ തുടരുന്നത്. ബലാൽസംഗ കുറ്റം വ്യാജമാണെന്നും നാര്‍ക്കോ പരിശോധനക്ക് വിധേയരാക്കണം എന്നും ആവശ്യപ്പെട്ട് പ്രതികൾ നൽകിയ അപപേക്ഷയിൽ ജമ്മുകോടതി ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഇക്കാര്യം പ്രത്യേകം പരിശോധിക്കാനാണ് കോടതി തീരുമാനം.

click me!