
ദില്ലി: അഴിമതി കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ധാര്‍മ്മികമായ പക്വത കോടതികളും പ്രകടിപ്പിക്കണം എന്ന് അനധികൃത സ്വത്ത് സമ്പാദനകേസില്‍ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ.ശശികലയ്ക്കെതിരായ 570 പേജുള്ള വിധിന്യായത്തില്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു. പൊതുപ്രവര്‍ത്തകരുടെ അഴിമതി ഭരണഘടനയ്‌ക്കെതിരെയുള്ള കടന്നാക്രമണമാണെന്നും കോടതി വ്യക്തമാക്കി.
സുപ്രീം കോടതിയുടെ ആറാം നമ്പര്‍ കോടതിയില്‍ ജസ്റ്റിസുമാരായ പിനാകി ചന്ദ്ര ഘോഷും അമിതവ റോയിയും സീല്‍ ചെയ്ത കവറില്‍ നിന്ന് ആ വലിയ വിധിന്യായങ്ങള്‍ പുറത്തെടുത്തപ്പോള്‍ പൊലിഞ്ഞത് തമിഴ്നാട്ടിലെ മുഖ്യമന്ത്രിയാകാനുള്ള ശശികലയുടെ മോഹങ്ങളാണ്. തെളിഞ്ഞത് രാജ്യത്ത് അഴിമതിക്കെതിരെ പോരാടുന്നവര്‍ക്ക് മുന്നിലുള്ള വഴികളും. 570 പേജുള്ള വിധിന്യായത്തില്‍ 563 പേജുകള്‍ ജസ്റ്റിസ് പിനാകി ചന്ദ ഘോഷ് എഴുതിയപ്പോള്‍ ഏഴ് പേജുകള്‍ തയ്യറാക്കിയത് ജസ്റ്റിസ് അമിതവ റോയിയും. എന്നാല്‍ അഴിമതിവിരുദ്ധ കേസുകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ശക്തമായ സന്ദേശമാകുകയാണ് ജസ്റ്റിസ് അമിതാവ റോയിയുടെ നിരീക്ഷണങ്ങള്‍. ഹൈക്കോടതി നിലപാട് തള്ളിക്കളയുന്ന വിധിന്യായം അഴിമതി കേസുകളിലെ ജുഡീഷ്യല്‍ തീപ്പ് ധാര്‍മ്മിക പക്വതയോടെ വേണം എന്ന നിര്‍ദ്ദേശം മുന്നോട്ട് വയ്‌ക്കുന്നു.
ഉത്തരവാദിത്തബോധത്തോടെയും ദീര്‍ഘവീക്ഷണത്തോടെയും വിധി പറയണം. വിധി പ്രസ്താവിക്കുമ്പോള്‍ ഭരണഘടനയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാനുള്ള ശ്രദ്ധ കാണിക്കണമെന്നും കോടതി ആവശ്യപ്പെടുന്നു. പൊതു പദവികള്‍ വഹിക്കുന്നവരുടെ അഴിമതി ഭരണഘടനയോടുള്ള മാപ്പ് അര്‍ഹിക്കാത്ത കടന്നാക്രമണമാണ്. രാജ്യത്ത് ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം അഴിമതി കൂട്ടുന്നു എന്നും ധീരമായ കൂട്ടായ നീക്കം അഴിമതി ഇല്ലാതാക്കാന്‍ വേണമെന്നും ജസ്റ്റിസ് അമിതവ റോയി വിധിന്യായത്തില്‍ ആവശ്യപ്പെടുന്നു.
രാജ്യത്തുടനീളം വലിയ സ്ഥാനങ്ങള്‍ വഹിക്കുന്ന പൊതുപ്രവര്‍ത്തകരുടെ അഴിമതികേസുകള്‍ കോടതിയില്‍ എത്തുമ്പോള്‍ സുപ്രീം കോടതിയുടെ ഈ നിരീക്ഷണങ്ങള്‍ സ്വാധീനം ചെലുത്തും. ജയലളിതയും ശശികലയും ഉള്‍പ്പെട്ട പ്രതികള്‍ നിയമത്തെ വഞ്ചിച്ച് അനധികൃത സ്വത്ത് മറയ്‌ക്കാന്‍ കള്ളകമ്പനികള്‍ രൂപീകരിച്ച് നടത്തിയ ഹീനമായ നീക്കം ഞെട്ടിപ്പിക്കുന്നത് എന്നാണ് സുപ്രീം കോടതി വിധിയില്‍ വിമര്‍ശിക്കുന്നത്.
ജയലളിതയുടെ സ്വത്ത്, വളര്‍ത്തുമകന്റെ വിവാഹത്തിന് ചെലവാക്കിയ തുക തുടങ്ങിയവ ഹൈക്കോടതി കണക്കുകൂട്ടിയതില്‍ പ്രകടമായ വീഴ്ച ഉണ്ടായി എന്ന് സുപ്രീം കോടതി പറയുന്നത്. രക്തബന്ധമില്ലെങ്കിലും ശശികലയെ ജയലളിത വീട്ടില്‍ താമസിപ്പിച്ചത് സഹാനുഭൂതിയുടെ ഭാഗമായി അല്ലെന്നും ഗൂഢാലോചനയുടെ ഭാഗമായാണെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. ഇനി ശശികലയ്‌ക്ക് സുപ്രീം കോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കാം. അതിനുശേഷം, തിരുത്തല്‍ ഹര്‍ജിയും നല്‍കാം. വിചാരണ കോടതി പരിഗണിച്ച തെളിവുകള്‍ പോലും വിശദമായി പരിശോധിച്ച് സുപ്രീംകോടതി തീരുമാനം എടുത്തതിനാല്‍ ഹര്‍ജി പരിഗണിക്കാന്‍ തയ്യാറായാല്‍ പോലും നിലനില്‍ക്കാനുള്ള സാധ്യത വിരളമാണെന്ന് നിയമവിദഗ്ധര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ ഹര്‍ജികള്‍ നല്‍കുന്നത് ജയിലില്‍ പോകാതിരിക്കാനുള്ള കാരണമാകില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam