തമിഴ്‌നാടിന്റെ ശ്രദ്ധാകേന്ദ്രമായി ഗോള്‍ഡന്‍ ബേ റിസോര്‍ട്ട്

By Web DeskFirst Published Feb 14, 2017, 12:58 PM IST
Highlights

ചെന്നൈ: കഴിഞ്ഞ ഒരാഴ്ചയായി തമിഴ്നാട് രാഷ്‌ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രം നഗരത്തിലുള്ള പ്രധാന പാര്‍ട്ടി ആസ്ഥാനങ്ങളായിരുന്നില്ല, പകരം നഗരാതിര്‍ത്തിയിലെ കടല്‍ക്കരയിലുള്ള ഒരു ആഢംബര റിസോര്‍ട്ടായിരുന്നു. ചെന്നൈയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള ഗോള്‍ഡന്‍ ബേ എന്ന റിസോര്‍ട്ടില്‍ പെട്ടെന്നാര്‍ക്കും എത്തിപ്പെടാനോ പുറത്തുപോകാനോ കഴിയുമായിരുന്നില്ല. മൂന്ന് വശത്തും കടലാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഈ റിസോര്‍ട്ടിലാണ് രാഷ്‌ട്രീയത്തിലെ തന്റെ് ഭാവി നിര്‍ണയിക്കപ്പെടുന്നതിന് തലേന്ന് രാത്രി തങ്ങാന്‍ ശശികല തീരുമാനിച്ചത്.

ഫെബ്രുവരി 8 ഉച്ചയ്‌ക്ക് ഒന്നര. ചെന്നൈ റോയപ്പേട്ടയിലുള്ള അണ്ണാ ഡിഎംകെ ആസ്ഥാനത്തു നിന്ന് മൂന്ന് ടൂറിസ്റ്റ് ബസ്സുകളിലേയ്‌ക്ക് ബാഗുകളുമായി എംഎല്‍എമാര്‍ കൂട്ടത്തോടെ വരിവരിയായി നടന്നുകയറുന്നു. ബസ്സുകള്‍ എങ്ങോട്ടെന്നോ, ആരാണീ ബസ്സുകളയച്ചതെന്നോ ആര്‍ക്കുമറിയില്ല. പാര്‍ട്ടി ആസ്ഥാനത്തു നിന്ന് പുറപ്പെട്ട ബസ്സുകള്‍ അന്നത്തെ ദിവസം മുഴുവന്‍ പല വഴിയ്‌ക്ക് കറങ്ങി രാത്രി വൈകിയാണ് ചെന്നൈ - കാഞ്ചീപുരം ഹൈവേയിലുള്ള ഗോള്‍ഡന്‍ ബേ റിസോര്‍ട്സിലെത്തുന്നത്. ഇടയ്‌ക്ക് വനിതാ എംഎല്‍എമാരടങ്ങിയ ഒരു ബസ്സ് വിമാനത്താവളത്തിലെത്തിയെങ്കിലും എംഎല്‍എമാരുടെ അന്നത്തെ യാത്ര റദ്ദാക്കിയതിനാല്‍ തിരികെ മടങ്ങി.

പകല്‍ മുഴുവന്‍ റോഡില്‍ കറങ്ങിയ എംഎല്‍എമാരെ കാത്തിരുന്നത് വിശാലമായ റിസോര്‍ട്ടും സുഭിക്ഷമായ ഭക്ഷണവും യഥേഷ്‌ടം മദ്യവും. കന്നിക്കാരായ എംഎല്‍എമാരാണ് കോളടിച്ചത്.റിസോര്‍ട്ടിലെ സകല താമസക്കാരെയും പിറ്റേന്നത്തേയ്‌ക്ക് ഒഴിപ്പിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ള വിനിമയോപാധികള്‍ മുഴുവന്‍ കൈമാറേണ്ടിവന്നെങ്കിലും, വാ‍ര്‍ത്തയോ, ടിവിയോ, ഇന്റഅര്‍നെറ്റോ ഇല്ലെങ്കിലും മറ്റ് സൗകര്യങ്ങള്‍ക്ക് റിസോര്‍ട്ടില്‍ ഒരു കുറവുമുണ്ടായിരുന്നില്ല. അതേസമയം, എംഎല്‍എമാര്‍ക്ക് കാവലായി മന്നാര്‍ഗുഡിയില്‍ നിന്ന് എത്തിയ അഞ്ഞൂറോളം ബൗണ്‍സര്‍മാര്‍ റിസോര്‍ട്ടിന് പുറത്ത് സദാസമയവും കാവലിരുന്നു. സി - ആകൃതിയില്‍ മൂന്ന് ഭാഗത്തും കടലാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഈ റിസോര്‍ട്ടില്‍ നിന്ന് ബൗണ്‍സര്‍മാരറിയാതെ പുറത്തുപോവാന്‍ ഒരു നിവൃത്തിയുമുണ്ടായിരുന്നില്ല.

വിവരമറിഞ്ഞ് റിസോര്‍ട്ടിന് പുറത്തെത്തിയ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞതും ഈ ബൗണ്‍സര്‍മാര്‍ തന്നെ. ഗുണ്ടകളെപ്പോലെ മാധ്യമപ്രവര്‍ത്തകരെ ഇവര്‍ കൈകാര്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് പലപ്പോഴും സംഘര്‍ഷത്തിനിടയാക്കി. സ്വന്തം വീട്ടിലേയ്‌ക്ക് കടക്കാന്‍ പോലും ബൗണ്‍സര്‍മാര്‍ക്ക് മുന്നില്‍ ഐഡി കാര്‍ഡുകള്‍ കാണിക്കേണ്ടി വന്നപ്പോള്‍ നാട്ടുകാരും പ്രതിഷേധിച്ചു. അപ്പോഴും കൈകയും കെട്ടി നോക്കി നില്‍ക്കുകയായിരുന്നു പൊലീസ്. ഒടുവില്‍ എംഎല്‍എമാര്‍ എവിടെയെന്ന് ഹൈക്കോടതിയും ഗവര്‍ണറും ചോദിച്ചപ്പോഴാണ് പൊലീസ് റിസോര്‍ട്ടിന്റെ  ഗേറ്റ് കടക്കാന്‍ പോലും തയ്യാറായത്.

അതിന് ശേഷം പിന്തുണ ഉറപ്പിയ്‌ക്കാന്‍ രണ്ട് തവണ ശശികലയും ഇവിടെയെത്തി. രാഷ്‌ട്രീയത്തിലെ തന്റെ് വിധി നിര്‍ണയിക്കപ്പെട്ട ദിവസത്തിന് തലേന്ന് 33 വര്‍ഷം കഴിഞ്ഞ പോയസ് ഗാര്‍ഡന് പകരം ഈ റിസോര്‍ട്ടില്‍ തങ്ങാനായിരുന്നു ശശികലയുടെയും സഹോദരന്‍മാരുടെയും മറ്റ് ബന്ധുക്കളുടെയും തീരുമാനം. അങ്ങനെ, ജയലളിതയുടെ മരണശേഷം പ്രവചനാതീതമായ തമിഴ്നാട് രാഷ്‌ട്രീയത്തെ ദിവസങ്ങളോളം ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഇടമായിട്ടാകും കടല്‍ത്തീരത്തെ ഈ റിസോര്‍ട്ട് ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുക.

 

click me!