ജയലളിതയുമായി സാമ്യമില്ലെന്ന് വിമര്‍ശനം; പ്രതിമയുടെ മുഖഛായ മാറ്റാന്‍ തീരുമാനം

By Web DeskFirst Published Feb 25, 2018, 9:54 PM IST
Highlights

ചെന്നൈ: ആക്ഷേപങ്ങളെ തുടർന്ന്  എഐഡിഎംകെ ആസ്ഥാനത്ത് സ്ഥാപിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ  പ്രതിമയുടെ മുഖഛായയിൽ മാറ്റം വരുത്താൻ തീരുമാനം. പ്രതിമയ്ക്ക് ജയലളിതയുടെ ഛായ ഇല്ലെന്ന് പരക്കെ പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. പ്രതിമ നിർമിച്ച  ശിൽപി തന്നെ കുറവ് പരിഹരിക്കും.

പ്രതിമയുടെ  മുഖഛായാ വ്യത്യാസം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ച ആയിരുന്നു. ജയലളിതയുടെ  എഴുപതാം ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു പ്രതിമയുടെ അനാഛാദനം. ചെന്നൈയില്‍ എ.ഐ.ഡി.എം.കെയുടെ പാര്‍ട്ടി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ എം.ജി.ആറിന്റെ പ്രതിമയ്ക്ക് സമീപമാണ് പുതിയ പ്രതിമ അനാവരണം ചെയ്തത്.

ജയലളിതയുടെ പാര്‍ട്ടി ചിഹ്നമായ രണ്ട് ഇലകളെ അവര്‍ തന്റെ രണ്ട് കൈവിരല്‍ ഉയര്‍ത്തിക്കാണിച്ചാണ് പ്രതിനിധീകരിച്ചിരുന്നത്. ആ ചിഹ്നം അതേപോലെ പ്രതിമയിലും പ്രകടമാണ്. എന്നാല്‍, പ്രതിമയ്ക്ക് ജയലളിതയുമായി വിദൂര സാമ്യം പോലുമില്ലെന്നായിരുന്നു സോഷ്യല്‍മീഡിയയിലെ വിമര്‍ശനം. പരിഹാസത്തോടൊപ്പം ജയലളിത അനുയായികളുടെ രോഷവും പ്രകടമായിരുന്നു. പ്രതിമയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ജയലളിതയുമായി സാമ്യമില്ലെന്ന ആരോപണവുമായി ട്വീറ്റുകള്‍ വന്നത്. 

 

 

click me!