തിരുവനന്തപുരത്ത് ഗര്‍ഭിണിയായ യുവതി തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്

By web deskFirst Published Feb 25, 2018, 9:11 PM IST
Highlights

തിരുവനന്തപുരം: ഗര്‍ഭിണിയായ യുവതി തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സുഹൃത്തുമായി സംസാരിച്ചിരുന്ന കാരണം പറഞ്ഞ് യുവതിയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍. ആത്മഹത്യയെന്ന് എഴുതി തള്ളുമായിരുന്ന കേസിന് വഴിത്തിരിവായത് അയല്‍വാസിയായ യുവതിയുടെ മൊഴി. മൂന്നു മക്കളും അനാഥരാകുമെന്ന ഭയത്തില്‍ മരണമൊഴിയില്‍ പോലും ഭര്‍ത്താവിന്റെ പങ്കു പറയാതെ യുവതി മരണത്തിനു കീഴടങ്ങി. 

ഇക്കഴിഞ്ഞ പതിനാലാം തീയതിയാണ് സംഭവം. കുറ്റിച്ചല്‍ തച്ചന്‍കോട് എരുമക്കുഴി  സിയോണ്‍ ഹൗസില്‍  ഷൈന(28)യാണ് പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്. സംഭവത്തില്‍ ഷൈനയുടെ ഭര്‍ത്താവ് സുനില്‍(31)ആണ് അറസ്റ്റിലായത്. പാചകത്തിനിടെ അടുപ്പില്‍ നിന്നും തീപടര്‍ന്ന് പൊള്ളലേറ്റതായാണ് ആശുപത്രിയില്‍ ഭര്‍ത്താവ് നല്‍കിയിരുന്ന വിവരം. ഷൈന ആശുപത്രിയിലാകുമ്പോല്‍ എട്ടുമാസം ഗര്‍ണിയായിരുന്നു. 

പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ പതിനാറാം തീയതി ഷൈന ഒരു പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയ ശേഷമാണ് ഇരുപത്തി ഒന്നാം തീയതി  മരണത്തിന് കീഴടങ്ങുന്നത്. മരണത്തിന് ശേഷം മൃതദേഹം വിതുരയിലെ വീട്ടില്‍ സംസ്‌ക്കരിക്കുകയും നെയ്യാര്‍ഡാം പോലീസ് സ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവസ്ഥലം സന്ദര്‍ശിച്ച നെയ്യാര്‍ ഡാം എസ്.ഐ സതീഷ്‌കുമാറിന് തോന്നിയ ചില അവ്യക്തതകള്‍ക്ക് പിന്നില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ മരണം കൊലപാതകമെന്നും പ്രതി യുവതിയുടെ ഭര്‍ത്താവ് ആണെന്നും കണ്ടെത്തിയത്. 

അടുക്കളയില്‍ നിന്നും പാചകം ചെയുന്നതിനിടെ യുവതിക്ക് പൊള്ളല്‍ ഏറ്റു എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ സ്ഥല പരിശോധനയില്‍ ഇത്തരം ഒരു സംഭവം നടന്ന ലക്ഷണങ്ങളൊന്നും അടുക്കളയില്‍ പോലീസിന് കണ്ടെത്താനായില്ല. പക്ഷേ പരിശോധനയില്‍ സമീപത്തെ മുറിയില്‍ മണ്ണെണ്ണയുടെ ഗന്ധവും തീ പടര്‍ന്നതിന്റെ ലക്ഷണങ്ങളും പോലീസ് കണ്ടെത്തിയിരുന്നു. യുവതിയുടെ ഭര്‍ത്താവ് സുനിലിന്റെ പെരുമാറ്റത്തില്‍ ചില അസ്വഭാവികതകള്‍ തോന്നിയ പോലീസ് അന്വേഷണം ഇയാളിലെക്ക് കേന്ദ്രീകരിക്കുകയായിരുന്നു. സുനിലാണ് തീ കൊളുത്തിയത് എന്നും താന്‍ മരിച്ചു പോകുമെന്നും കുട്ടികള്‍ക്ക് ആരുമില്ലാതാകുമെന്നതിനാല്‍ വിവരം ആരോടും പറയരുത് എന്നും ഷൈന ഒരു ബന്ധുവിനോട് പറഞ്ഞിരുന്നു. ഇത് മനസിലാക്കിയ പോലീസ് സുനിലിനെയും സുഹൃത്തിനെയും കസ്റ്റടിയില്‍ എടുത്ത് ചോദ്യം ചെയ്തതിലാണ് സംഭവത്തിന്റെ ചുരുള്‍ അഴിഞ്ഞത് 

സുനില്‍


സംഭവത്തെ കുറിച്ച്  പോലീസ് പറയുന്നത് ഇങ്ങനെ:  
സംഭവ ദിവസം സുനിലും സുഹൃത്തും വീട്ടിലിരുന്നു മദ്യപിച്ചിരുന്നു. ശേഷം ഇവര്‍ ഇരുവരും പുറത്തേക്ക് പോയി. ഉച്ചയോടെ സുനില്‍ തിരികെ വീട്ടില്‍ എത്തിയപ്പോള്‍ തന്നോടൊപ്പം വന്ന സുഹൃത്ത് ഷൈനയുമായി സംസാരിക്കുന്നതു കണ്ടു.

ഇതില്‍ പ്രകോപിതനായി സുനില്‍ സുഹൃത്തിനോട് വീടിന് പുറത്തേക്കു പോകാന്‍ പറയുകയും ഇതേചൊല്ലി ഷൈനയും സുനിലും തമ്മില്‍ വാക്കേറ്റമുണ്ടാവുകയുമായിരുന്നു. എട്ടുമാസം ഗര്‍ഭിണിയായ ഷൈനയെ സുനില്‍ ക്രൂരമായി മര്‍ദിച്ചു. മര്‍ദനത്തില്‍ നിന്നും രക്ഷനേടാന്‍ ഷൈന ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തുന്നതിനായി സ്വന്തം ശരീരത്തിലൂടെ മണ്ണെണ്ണ ഒഴിച്ചു. എന്നാല്‍ നീ ജീവിചിരിക്കണ്ട എന്ന് പറഞ്ഞ് ഈ സമയം സുനില്‍ തീപ്പെട്ടി കൊളുത്തി മണ്ണെണ്ണയില്‍ കുളിച്ചുനിന്ന ഷൈനയുടെ പുറത്തേയ്ക്ക് എറിയുകയായിരുന്നു. 

ഷൈനിയുടെ നിലവിളി കേട്ട് പുറത്ത് നിന്ന സുനിലിന്റെ സുഹൃത്തും സമീപവാസിയായ ഒരു സ്ത്രീയും ചേര്‍ന്ന് തീ കെടുത്താന്‍ ശ്രമങ്ങള്‍ നടത്തുമ്പോള്‍ പോലും സുനില്‍ നിശബ്ദനായി നോക്കി നില്‍ക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ സുനിലിനോട് ഇവര്‍ പറഞ്ഞെങ്കിലും സുനില്‍ കൂട്ടാക്കിയില്ല. സമീപവാസികളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒടുവില്‍ ഷൈനയെ നെടുമങ്ങാട് താലൂക്ക് ആശുപതിയിലേക്കും ഗുരുതരപരിക്കായിരുന്നതിനാല്‍ അവിടെ നിന്ന് മെഡിക്കല്‍ കോളേജ് ആശുപതിയിലെക്കും മാറ്റി. 

ആശുപത്രി കിടക്കയില്‍ വെച്ച് മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ മരണമൊഴിയില്‍ ഷൈന ഭര്‍ത്താവ് സുനിലിന്റെ പേര് പറഞ്ഞിരുന്നില്ല. സുനിലാണ് തന്നെ കൊല്ലാന്‍ ശ്രമിച്ചതെന്നും ഭര്‍ത്താവ് കൂടെയില്ലതായാല്‍ തന്റെ മൂന്നു മക്കളും അനാഥരാകുമെന്നും ഷൈന സമീപവാസിയായ യുവതിയോട് പറഞ്ഞിരുന്നു. ശരീരത്തില്‍ എണ്‍പത് ശതമാനത്തോളം പൊള്ളലേറ്റ ഷൈന ഇരുപത്തിയൊന്നാം തിയതി മരണത്തിന് കീഴടങ്ങുകയിരുന്നു. 

സുനിലിനും ഷൈനയ്ക്കും എട്ടും നാലും വയസ് പ്രായമുള്ള മറ്റ് രണ്ട് കുട്ടികളുമുണ്ട്.  നെയ്യാര്‍ ഡാം എസ് ഐ സതീഷ് കുമാര്‍, ഗ്രേഡ് എസ്.ഐ. മുരളീധരന്‍ നായര്‍, സി.പി.ഓമാരായ. ഷിബു, കൃഷ്ണകുമാര്‍, വനിതാ സി.പി.ഓ ഉഷ എന്നിവരുള്‍പ്പെട്ട സംഘമാണ് കേസന്വേഷണം നടത്തി പ്രതിയെ അറെസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 

click me!