മലപ്പുറത്ത് കണ്ടത് ജസ്നയെയല്ല, സമീപവാസിയുടെ മൊഴിയും രേഖപ്പെടുത്തി

By Web DeskFirst Published Jun 23, 2018, 7:08 AM IST
Highlights
  • മലപ്പുറത്ത് കണ്ടത് ജസ്നയെയല്ല, സമീപവാസിയുടെ മൊഴിയും രേഖപ്പെടുത്തി

മലപ്പുറം: മലപ്പുറത്ത് കണ്ട പെണ്‍കുട്ടി ജസ്നയല്ലെന്നുറപ്പിച്ച് പത്തനംതിട്ടയില്‍നിന്നുള്ള പൊലീസ് സംഘം. തങ്ങള്‍ കണ്ടത് ജസ്നയെ അല്ലെന്ന് കോട്ടക്കുന്ന് പാര്‍ക്കിലെ സെക്യൂരിറ്റി ജീവനക്കാരനും സമീപവാസിയും പൊലീസിന് മൊഴി നല്‍കി.

ജസ്നയുടെ നാടായ പത്തനംതിട്ട വെച്ചൂച്ചിറയിലെ എസ്ഐ സി ദിനേശനും സംഘവുമാണ് മലപ്പുറത്തെത്തിയത്. ജസ്നയെപ്പോലുള്ള പെണ്‍കുട്ടിയെ കണ്ടെന്ന് സൂചിപ്പിച്ച കോട്ടക്കുന്ന് പാര്‍ക്കിലെ സെക്യൂരിറ്റി ജീവനക്കാരന്റേയും സമീപവാസിയായ ജസ്ഫറിന്‍റേയും മൊഴി രേഖപ്പെടുത്തി. 

ജസ്നയുടെ ഫോട്ടോ കാണിച്ചായിരുന്നു കാര്യങ്ങള്‍ ചോദിച്ചത്. ചുരുണ്ട മുടിയുള്ള പെണ്‍കുട്ടിയേയും സുഹൃത്തുക്കളേയും മെയ് മൂന്നിന് പാര്‍ക്കില്‍ കണ്ടിരുന്നെന്നും എന്നാല്‍ അത് ഫോട്ടോയില്‍ കാണുന്ന ജസ്നയല്ലെന്നുമാണ് ഇരുവരും പൊലീസിനോട് പറഞ്ഞത്. ജസ്ഫറും സുഹൃത്തുക്കളും പാര്‍ക്കില്‍ വെച്ചെടുത്ത സെല്‍ഫി ദൃശ്യങ്ങളില്‍ പതിഞ്ഞ പെണ്കുട്ടി ജസ്നയല്ലെന്നും സ്ഥിരീകരിച്ചു.

കഴിഞ്ഞ 15 ദിവസത്തെ ദൃശ്യങ്ങള്‍ മാത്രമേ ഉണ്ടാകൂ എന്നതിനാല്‍ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കുന്നതില്‍ പൊലീസിന് പ്രതീക്ഷയില്ല. ജസ്നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇത് സൂചിപ്പിക്കുന്ന പോസ്റ്റര്‍ കോട്ടക്കുന്ന് പാര്‍ക്കില്‍ പതിപ്പിച്ച് പൊലീസ് സംഘം പത്തനംതിട്ടയിലേക്ക് മടങ്ങും.

click me!