യേശുവിനെ പിശാച് എന്ന് വിളിച്ച് ഗുജറാത്തിലെ പാഠപുസ്‍തകം

By Web DeskFirst Published Jun 10, 2017, 7:13 AM IST
Highlights

യേശുക്രിസ്തുവിനെ പിശാച് എന്ന് വിശേഷിപ്പിച്ച ഗുജറാത്തിലെ ഒൻപതാംക്ലാസ് ഹിന്ദി പാഠപുസ്‍തകം വിവാദത്തിൽ. പ്രകോപനമുണ്ടാക്കുന്ന തെറ്റായ പരാമർശത്തിൽ സംസ്ഥാന സർക്കാർ മാപ്പ്  പറയണമെന്ന് ക്രൈസ്തവ സഭാ പ്രതിനിധികൾ ആവശ്യപ്പെട്ടു. അച്ചടിപിശക് സംഭവിച്ചതാണെന്നും പരാമർശം ഒഴിവാക്കി  പുതിയ പുസ്തകം വിതരണം ചെയ്യുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.

ഈ വർഷത്തെ ഒൻപതാം ക്ലാസിലെ ഇന്ത്യൻ സംസ്കാരുമായി ബന്ധപ്പെട്ടുള്ള പാഠഭാഗത്താണ് വിവാദ പരാമർശം. ഭാരതീയ സംസ്കാരത്തിലെ ഗുരുശിഷ്യ ബന്ധം എന്ന 16 ആമത്തെ അധ്യായത്തിൽ ക്രിസ്തുവിനെ പിശാചായ യേശു എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. ക്രിസ്തീയ വചനങ്ങൾക്കൊപ്പമാണ് ഈ വിശേഷണം എന്നതും ശ്രദ്ധേയമാണ്. സംഭവം വിവാദമായതോടെ സംസ്ഥാന സർക്കാരിനെതിരെയും വിദ്യാഭ്യാസവകുപ്പിനെതിരെയും പ്രതിഷേധം ഉയർന്നു. ഗുജറാത്ത് സർക്കാർ പരസ്യമായി തെറ്റ് ഏറ്റുപറയണമെന്ന് ആൾ യുനൈറ്റഡ് ഗുജറാത്ത് ക്രിസ്ത്യൻ അസോസിയേഷൻ പ്രസിഡന്റും ഗാന്ധിനഗറിലെ റോമൻ കത്തോലിക്ക ആർച്ച് ബിഷപ്പുമായ തോമസ് മാക്വാൻ (Thomas MacWan)ആവശ്യപ്പെട്ടു.

പരാമർശം വിശ്വാസികൾക്ക് വേദനയുണ്ടാക്കിയെന്നും ബൈബിൾ വചനങ്ങൾ പുസ്തകത്തിൽ ചേർക്കുമ്പോൾ ജാഗ്രതക്കുറവ് ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, അച്ചടിപിശക് മാത്രമാണിതെന്നും, വിവാദത്തിന് അടിസ്ഥാനമില്ലെന്നും ഗുജറാത്ത് വിദ്യാഭ്യാസമന്ത്രി ഭൂപേന്ദ്രസിങ് പറഞ്ഞു. അച്ചടിപ്പിശക് തിരുത്തി പുതിയ പാഠപുസ്തകം വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഗുജറാത്തിൽ ജൂൺ അഞ്ചിനാണ് സ്കൂൾ തുറന്നത്.

 

click me!