മാന്നാറില്‍ ജ്വല്ലറിക്ക് തീ പിടിച്ചു; വന്‍ നാശനഷ്ടം

By web deskFirst Published Mar 13, 2018, 9:01 PM IST
Highlights
  • ഇന്ന് വൈകിട്ട് നാലിനാണ് സംഭവം ഉണ്ടായത്.

ആലപ്പുഴ: മാന്നാര്‍ തൃക്കുരട്ടി ക്ഷേത്രത്തിന് സമീപമുള്ള മാണിക്യം ജ്വല്ലറിക്ക് തീ പിടിച്ച് പൂര്‍ണ്ണമായും കത്തി നശിച്ചു. ജ്വല്ലറിയിലെ ഫര്‍ണീഷിംഗ് ഉള്‍പ്പെടുള്ള എല്ലാം വസ്തുക്കളും കത്തിയമര്‍ന്നു. ഇന്ന് വൈകിട്ട് നാലിനാണ് സംഭവം ഉണ്ടായത്. കടയുടമ വൈശാഖ് സ്‌കൂളില്‍ നിന്നും മകനെ വിളിക്കുവാനായി പോയ സമയത്താണ് കടയ്ക്കുള്ളില്‍ തീ കാണപ്പെട്ടത്. 

അടുത്തുള്ള കടക്കാരും നാട്ടുകാരും തീ അണയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും കൂടുതല്‍ സ്ഥലത്തേക്ക് പടരുകയായിരുന്നു. തുടര്‍ന്ന് അഗ്‌നിശമന സേനയും പോലീസും  ഒരു മണിയ്ക്കൂറോളം പ്രയത്‌നിച്ചാണ് തീ അണച്ചത്. ചെങ്ങന്നൂരില്‍ നിന്ന് രണ്ട് യൂണിറ്റും തിരുവല്ല, മാവേലിക്കര എന്നിവിടങ്ങളില്‍ നിന്ന് ഒരോ യൂണിറ്റ് അഗ്‌നിശമന സേനയാണ് തീ അണയ്ക്കുവാന്‍ എത്തിയത്. ജ്വല്ലറിയുടെ രണ്ട് മുറി കട പൂര്‍ണ്ണമായും കത്തി നശിച്ചു. 

ഇതിന് സമീപത്തുള്ള രണ്ട് കടമുറികളിലേക്കും തീ പടര്‍ന്നിരുന്നു. ഇവിടെയുള്ള സാധനങ്ങള്‍ മാറ്റിയതിനാല്‍ വലിയ നാശങ്ങള്‍ ഉണ്ടായില്ല. വൈദ്യുതി ജീവനക്കാര്‍ എത്തി ഈ ഭാഗങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. വന്‍ തീയും പുകയും ആണ് ഇവിടെ നിന്നും ഉയര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീ പിടിക്കുവാനുള്ള കാരണമെന്നാണ് പ്രഥമിക നിഗമനം. 

അഞ്ച് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കപ്പെടുന്നു. തീ പടന്നതിനെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ മാന്നാര്‍ ടൗണ്‍ മുതല്‍ തൃക്കൂരട്ടി ക്ഷേത്രം വരെയുള്ള ഭാഗത്തെ ഗതാഗതം തിരിച്ച് വിട്ടു. രണ്ട് മണിയ്ക്കൂറോളം സംസ്ഥാന പാതയില്‍ ഗതാഗത തടസ്സം ഉണ്ടായി.
 

click me!