ഗുജറാത്തില്‍ ബിജെപിയെ തോല്‍പിക്കുമെന്ന് ജിഗ്നേഷ് മേവാനി

By Web DeskFirst Published Nov 23, 2017, 2:07 PM IST
Highlights

അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപി തോറ്റാല്‍ ക്രെഡിറ്റ് തനിക്കും ഹാര്‍ദിക് പട്ടേലിനും അല്‍പേക്ഷ് ഠാക്കൂറിനുമാണെന്ന് ദളിത് സമരനേതാവ് ജിഗ്നേഷ് മേവാനി. ബിജെപിക്കെതിരെ ദളിത്, ഒബിസി, പട്ടേല്‍ വിഭാഗങ്ങള്‍ കൈകോര്‍ത്തെങ്കിലും ഭാവിയില്‍ തങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടായേക്കുമെന്ന് ജിഗ്നേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മുസ്ലിം, ദളിത്, ഒബിസി, പട്ടേല്‍ എന്നിവര്‍ കോണ്‍ഗ്രസിനൊപ്പം ചേരുന്നത് ബിജെപിക്ക് ഗ്രാമീണ മേഖലയില്‍ വന്‍ തിരിച്ചടിയുണ്ടാക്കും. ബിജെപിയുടെ ഗുജറാത്ത് മോഡലിന്റെ ഇരകളായ ദളിത്, ഒബിസി, പട്ടേല്‍ വിഭാഗങ്ങളാണ് ഇപ്പോള്‍ ഒരുമിച്ചത്. ഭാവിയില്‍ ഞങ്ങള്‍തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. പട്ടേല്‍ വിഭാഗത്തിന് സംവരണ അര്‍ഹതയുണ്ടോയെന്ന് ഞാന്‍ അല്ലല്ലോ തീരുമാനിക്കേണ്ടത്.നിങ്ങളുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ തനിക്ക് മടിയില്ലെന്നും ജിഗ്നേഷ് പറഞ്ഞു.

2016ല്‍ ഉനയില്‍ ചത്ത പശുവിന്റെ തൊലിയുരിച്ചതിന്റെ പേരില്‍ നാല് ദളിത് യുവാക്കളെ ഗോരക്ഷകര്‍ തല്ലിച്ചതച്ചതിനെതിരെ രാജ്യത്തെമ്പാടും വന്‍ പ്രതിഷേധം അരങ്ങേറി. അന്ന് ദളിത് അസ്മിതയാത്ര നയിച്ചത് ഈ മുപ്പത്തിയഞ്ചുകാരനായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ സംസ്ഥാനത്തൊട്ടാകെ ക്യാംപെയിന്‍ നടത്തുകയാണ് ജിഗ്നേഷ് മേവാനി. മനുഷ്യര്‍ കൈകൊണ്ട് മലംവാരുന്ന പണി നിര്‍ത്തലാക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് വികസനവീമ്പിളക്കുന്നതെന്ന് ജിഗ്നേഷ് വിമര്‍ശിച്ചു. കോണ്‍ഗ്രസിനൊപ്പമുള്ള സമുദായ സഖ്യം ബിജെപിയെ കടപുഴക്കുമെന്ന് ജിഗ്നേഷ് വ്യക്തമാക്കി.

ബിജെപിക്കെതിരെ ദളിതരും ഒബിസിയും പട്ടേലും കൈകോര്‍ക്കുന്നുണ്ടെങ്കിലും തങ്ങള്‍തമ്മിലുള്ള ഭിന്നത വൈകാതെ മറനീക്കി പുറത്തുവരാന്‍ സാധ്യതയുണ്ട്.ദളിത് ഉന്നമനത്തിനായി ഭാവിയില്‍ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലിറങ്ങുമെന്നും ജിഗ്നേഷ് വ്യക്തമാക്കി.

click me!