
ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വധിക്കാനുള്ള ജമാഅത്തുല്‍ മുജാഹിദീന്റെ (ജെ.എം.ബി.) നീക്കം തടഞ്ഞു. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ സിഖ് ഭീകരര്‍ കൊലപ്പെടുത്താന്‍ തെരഞ്ഞെടുത്ത രീതിയെയാണു ഭീകരര്‍ മാതൃകയാക്കിയത്. നാലാഴ്ച മുമ്പ് നടന്ന സംഭവം ഇന്നലെയാണ് ബംഗ്ലാദേശ് ഭീകര വിരുദ്ധ സേന പുറത്തുവിട്ടത്. ആക്രമണനീക്കം അറിയാന്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികളാണു സഹായിച്ചെന്ന് ബംഗ്ലാദേശ് അറിയിച്ചു.
ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള സ്പെഷല്‍ സെക്യൂരിറ്റി ഫോഴ്സിലെ ഏഴ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാനാണു ഭീകരര്‍ ശ്രമിച്ചത്. 2009ല്‍ പ്രധാനമന്ത്രി സ്ഥാനമേറ്റശേഷം ഹസീനയ്ക്കു നേരെയുണ്ടാകുന്ന 11-ാമത്തെ വധശ്രമമാണു പരാജയപ്പെടുത്തിയത്. ബംഗ്ലദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരോധിത ഭീകരസംഘടനയാണ് ജെ.എം.ബി.
കഴിഞ്ഞ ഓഗസ്റ്റ് 24നു ഹസീനയെ വധിക്കാനായിരുന്നു തീരുമാനം. പതിവുള്ള സായാഹ്ന സവാരിക്കായി ഓഫിസില്‍നിന്നു പുറത്തിറങ്ങുമ്പോള്‍ പ്രധാനമന്ത്രിയെ വധിക്കാനായിരുന്നു പദ്ധതി. ആക്രമണത്തിനു മുന്നോടിയായി പ്രധാനമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന മേഖലയില്‍ തുടര്‍ സ്ഫോടനങ്ങള്‍ നടത്താനും പദ്ധതിയിട്ടിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധമാറ്റാനായിരുന്നു സ്ഫോടന പദ്ധതി.
സ്ഫോടന സ്ഥലത്തേക്ക് ഉദ്യോഗസ്ഥര്‍ നീങ്ങുമ്പോള്‍ ഹസീനയുടെ അംഗരക്ഷര്‍ അവരെ വധിക്കുന്ന രീതിയിയിലായിരുന്നു പദ്ധതി തയാറാക്കിയിരുന്നത്. വധശ്രമവുമായി ബന്ധപ്പെട്ട് ഭീകരരും അംഗരക്ഷകരും തമ്മിലുള്ള സംഭാഷണം ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികളില്‍നിന്നു ബംഗ്ലദേശിനു ലഭിക്കുകയായിരുന്നു.
തുടര്‍ന്നു ഹസീനയ്ക്കു പ്രത്യേക സുരക്ഷ ഒരുക്കുകയും സംഭവത്തില്‍ ഉള്‍പ്പെട്ട അംഗരക്ഷകരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ രക്ഷപ്പെടാതിരിക്കാനാണു വാര്‍ത്ത പുറത്തുവിടാന്‍ വൈകിയതെന്നാണു വിശദീകരണം. പാക് ചാരസംഘടനയായ ഐ.എസ്.ഐയ്ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.
ബംഗ്ലദേശിലെ ഒരു പ്രമുഖ പ്രതിപക്ഷ നേതാവ് ലണ്ടനില്‍വച്ച് ഐ.എസ്.ഐ. ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നാണു റിപ്പോര്‍ട്ട്. ബംഗ്ലദേശിലെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ചു പകരം ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭരണം കൊണ്ടുവരാന്‍ പ്രതിജ്ഞ ചെയ്തിട്ടുള്ളവരാണ് ജെ.എം.ബി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam