
ദില്ലി: ശ്രേഷ്ഠപദവിക്കായുള്ള യുജിസി ചട്ടങ്ങൾ റിലയൻസിനെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയതെന്ന് തെളിയുന്നു. ചട്ടം നിലവിൽ വന്ന് പതിമൂന്നാം ദിനമാണ് റിലയൻസ്, ഇൻസ്റ്റിറ്റ്യൂട്ട് തുറക്കാനുള്ള കമ്പനി രൂപീകരിച്ചത്.
ശ്രേഷ്ഠപദവിക്കായുള്ള ചട്ടങ്ങൾ യുജിസി പ്രസിദ്ധീകരിച്ചത് 2017 ആഗസ്റ്റ് 29ന്. റിലയൻസിന്റെ സ്ഥാപനത്തിന് ശ്രേഷ്ഠപദവി ദാനം ചെയ്യാനുള്ള എല്ലാ പഴുതുകളും ഉറപ്പാക്കിയാണ് യുജിസി ചട്ടം രൂപീകരിച്ചതെന്ന് വ്യക്തമാകുകയാണ്. നാക് അംഗീകാരവും ലോകനിലവാര പട്ടികയിൽ 500നുള്ളിൽ റാങ്കിങ്ങുമുള്ള സ്ഥാപത്തിനായിരിക്കണം ശ്രേഷ്ഠപദവി നൽകേണ്ടത് എന്നാണ് യുജിസി ചട്ടം. ഈ യോഗ്യതകളെല്ലാം അദ്യ അഞ്ച് വർഷത്തിനുള്ളിൽ നേടുമെന്ന് ഉറപ്പുണ്ടെങ്കിൽ ഇനിയും തുടങ്ങാത്ത സ്ഥാപനത്തിനും പദവി നൽകാമെന്ന ചട്ടം കൂടി ഉൾപ്പെടുത്തി റിലയൻസിനെ സഹായിച്ചു.
സ്വകാര്യ സ്ഥാപനങ്ങളെ പരിഗണിക്കുമ്പോൾ അവയെ സ്പോൺസർ ചെയ്യുന്ന സ്ഥാപനത്തിന് 5000 കോടി രൂപയുടെ ആസ്തിയും മികച്ച പാരമ്പര്യവും വേണമെന്ന നിർദ്ദേശവും റിലയൻസിന് വേണ്ടി. ശ്രേഷ്ഠ പദവിയുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക് സർക്കാർ ഫണ്ട് ലഭിക്കില്ലെങ്കിലും കോഴ്സ് ഫീസ് തുടങ്ങിയവ നിശ്ചയിക്കാനുള്ള പൂർണ അധികാരം കൈമാറുകയാണ്. അതേസമയം ഒരു സമർദ്ദത്തിനും കീഴ്പ്പെട്ടിട്ടല്ല ജിയോ ഇൻസ്റ്റിറ്റ്യൂട്ടിനെ തെരഞ്ഞെടുത്തത് എന്നാണ് സ്ഥാപനങ്ങളെ തെരഞ്ഞെടുത്ത വിദഗ്ധ സമിതി അധ്യക്ഷൻ എൻ.ഗോപാലസ്വാമിയുടെ പ്രതികരണം. കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ എൻഎസ്‍യു മാനവവിഭവശേഷി മന്ത്രാലയത്തിന് മുന്നിൽ പ്രതിഷേധിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam