
പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാനത്തിന് ഗുരുതര വീഴ്ച പറ്റിയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കേന്ദ്ര സാമൂഹ്യനീതി മന്ത്രി തവര്‍ ചന്ദ് ഗലോട്ട് രാജ്യസഭയില്‍ വച്ചു. കേരളം പ്രതികളെ കണ്ടെത്തിയില്ലെങ്കില്‍ കേന്ദ്രം ഇടപെടുമെന്ന് മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. സംഭവത്തില്‍ സ്ഥലം എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ അന്വേഷണം വേണമെന്നും തവര്‍ചന്ദ് ഗലോട്ട് ആവശ്യപ്പെട്ടു.
ജിഷയുടെ കൊലപാതകം അന്വേഷിക്കുന്നതിലെ ഏഴു വീഴ്ചകള്‍ ചുണ്ടിക്കാട്ടിയാണ് പെരുന്പാവൂര്‍ സന്ദര്‍ശിച്ച സാമൂഹ്യനീതി മന്ത്രി തവര്‍ചന്ദ് ഗലോട്ട് രാജ്യസഭയില്‍ റിപ്പോര്‍ട്ട് വച്ചത്. കൊല നടന്ന വീടിനു മുന്നിലുണ്ടായിരുന്ന അമ്മയെ മൃതദ്ദേഹം കാണിക്കാത്ത പോലീസ് അവരുടെ പരാതി വാങ്ങിയില്ല. പഞ്ചായത്തു മെമ്പറുടെ പരാതിയിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് ഒരു ദിവസത്തിനു ശേഷമാണെന്നും ആദ്യം ബലാല്‍സംഗത്തിനുള്ള വകുപ്പ് ചുമത്തിയില്ലെന്നും മന്ത്രിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു കിട്ടാന്‍ നാലുദിവസമെടുത്തു. എസ്ഐടി രൂപീകരിക്കാന്‍ കാലതാമസമുണ്ടായി. സുപ്രധാന തെളിവുകള്‍ ഇതുമൂലം നഷ്‌ടമായെന്നും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അക്രമം തടയാനുള്ള ചട്ടത്തിലെ വ്യവസ്ഥകള്‍ പാലിച്ചില്ലെന്നും ഡിവൈഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ആദ്യം അന്വേഷിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ജിഷയുടെ അച്ഛനെയും സഹോദരിയേയും കാണാന്‍ തന്നെ അനുവദിച്ചില്ലെന്ന് തവര്‍ചന്ദ്ഗലോട്ട് ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. പൊലീസ് പരാജയപ്പെടുന്ന സാഹചര്യത്തില്‍ കേസ് സിബിഐക്കു വിടണമെന്നും കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു.
പെരുമ്പാവൂര്‍ എംഎല്‍എക്കെതിരെയാണ് ജിഷയുടെ അമ്മ പരാതി പറഞ്ഞതെന്നും എംഎല്‍എയുടെ പങ്ക് അന്വേഷിക്കണമെന്നും തവര്‍ചന്ദ് ഗലോട്ട് ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam