
തൃശ്ശൂര്‍: മാനേജ്മെന്‍റിനെതിരെ വിവിധ വിഷയങ്ങളിൽ പ്രതികരിച്ചതിലുള്ള മുൻ വൈരാഗ്യം മൂലം ജിഷ്ണു പ്രണോയിയെ കോപ്പിയടിച്ചെന്ന പേരിൽ കുടുക്കുകയായിരുന്നുവെന്ന് പൊലീസ്. നെഹ്റൂ ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസ് അടക്കമുള്ളവർ ഗൂഡാലോചനയിൽ പങ്കാളിയായി. വൈസ് പ്രിൻസിപ്പലിന്റെ നേത്യത്വത്തിൽ മർദിച്ചവെന്നും പൊലീസ് റിപ്പോർട്ട്. കൃഷ്ണദാസ് അടക്കം അഞ്ച് പേരെ പ്രതിചേർത്തെങ്കിലും എല്ലാവരും ഒളിവിലാണെന്ന് അന്വേഷണ സംഘം
ജിഷ്ണുവിന്‍റെ മരണത്തിൽ കുടുംബാഗങ്ങളുടെയും സഹപാഠികളുടെയും ആരോപണങ്ങളോട് ചേർന്നു നിൽക്കുന്നതാണ് പോലീസ് റിപ്പോർട്ട് . കോളജിന്‍റെ തെറ്റായ പ്രവൃത്തികൾക്കതിരെ പ്രതികരിച്ചിരുന്ന ജിഷ്ണുവിനോട് മാനേജ്മെന്‍റിന് മുൻ വൈരാഗ്യമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് കോപ്പിയടിക്കാത്ത ജിഷ്ണുവിനെ കുടുക്കാൻ പദ്ധതിയിട്ടത്.
ഇതിനായി മാനെജ്മെന്റ് ഉപയോഗിച്ചത് അധ്യാപകൻ സി.പി. പ്രവീണിനെ. ജിഷ്ണു എഴുതിയ രണ്ട് പരീക്ഷയ്ക്കും നിരീക്ഷകനായി പ്രവീണെത്തി.രണ്ടാം ദിവസത്തെ പരീക്ഷതീരാൻ അര മണിക്കൂർ ശേഷിക്കേ ജിഷ്ണുവിനെ പിടികൂടി.പ്രവീണിനൊപ്പം ഡി ബിനുമുണ്ടായിരുന്നു. ജിഷ്ണുവിനെ പ്രിൻസിപ്പലിന്‍റെ അടുത്തെത്തിച്ചെങ്കിലും നടപടി വേണ്ടെന്ന നിലപാട് അദ്ദേഹമെടുത്തു.എന്നിട്ടും വൈസ് പ്രിൻസിപ്പലിന്‍റെ നേതൃത്വത്തിൽ ജിഷ്ണുവിന്‍റെ ഉത്തരക്കടലാസ് വെട്ടിക്കളയുകയും കോപ്പിയടിച്ചന്ന് എഴുതി വ്യാജഒപ്പിടുകയും ചെയ്തു.
ഇവിടെ വച്ച് മൂന്ന് പേർ ചേർന്ന് മർദിച്ചെന്നും കണ്ടെത്തി. തുടർന്ന് വിവാദമായതോടെ കൃഷ്ണദാസും സഞ്ചിത്തും ചേർന്ന് സി.സി.ടി.വി ദൃശ്യങ്ങളക്കേമുള്ള തെളിവുകൾ നശിപ്പിച്ചെന്നും പൊലീസ് കണ്ടെത്തി . ഇതോടെയാണ് കഷ്ണദാസ് , വൈസ് പ്രിൻസിപ്പൽ ഡോ.എൻ.കെ.ശക്തിവേലു , വി.ആർ.ഒ സഞ്ചിത് ,അധ്യാപകരായ സി.പി. പ്രവീൺ ,ഡി ബിൻ എന്നിവരെ പ്രതികളാക്കി വടക്കാഞ്ചേരി കോടതിയിൽ റിപ്പോർട്ട് നൽകിയത്.
ആത്മഹത്യാ പ്രെരണ,മർദനം ,ഗൂഡാലോചന, തെളിവ് നശിപ്പിക്കൽ അടക്കം എട്ട് വകുപ്പുകളാണ് ചുമത്തിയത്. അറസ്റ്റിന് കളമൊരുങ്ങുന്നതിനിടെ പ്രതികൾ ഒളിവിൽ പോയെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam