
വടകര: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മാതാപിതാക്കള്‍. കേസ് അന്വേഷണത്തില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം മുഖ്യമന്ത്രി വീട്ടിലേക്ക് വന്നാല്‍ മതിയെന്നും ജിഷ്ണുവിന്റെ മാതാവ് മഹിജ മാധ്യമങ്ങളോടു പറഞ്ഞു.
നടിയ്‌ക്കെതിരായുണ്ടായ അക്രമത്തിലെ പ്രതികളെ ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടിയെന്നും എന്നാല്‍ ഈ ജാഗ്രത ജിഷ്ണുവിന്റെ കൊലയാളികളെ പിടികൂടുന്നതില്‍ ഉണ്ടായില്ലെന്നും അവര്‍ ആരോപിച്ചു. രണ്ടു ദിവസത്തിനകം പ്രതികളുടെ അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു.
ജിഷ്ണുവിന് നീതി ലഭിക്കുന്നതിന് മുഖ്യമന്ത്രി ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. അന്വേഷണോദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കണം. ജിഷ്ണു മരിച്ച് 50 ദിവസം പിന്നിട്ടിട്ടും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും മാതാപിതാക്കള്‍ ആരോപിച്ചു.
അറസ്റ്റ് നീളുന്നതില്‍ ഗൂഢാലോചനയുണ്ട്. സാമ്പത്തികമായി ഉന്നതരായതുകൊണ്ടാണ് നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യാത്തത്. പ്രതികളെ 48 മണിക്കൂറിനകം അറസ്റ്റ് ചെയ്യുമെന്നായിരുന്നു പറഞ്ഞിരുന്നത്.
കൃഷ്ണദാസിനെ ഉന്നതര്‍ സംരക്ഷിക്കുന്നുണ്ട്. അതു കൊണ്ടാണ് പ്രതികളുടെ അറസ്റ്റ് വൈകുന്നതെന്നും പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ പോലീസ് നടപടികള്‍ സഹായിച്ചുവെന്നും അവര്‍ ആരോപിച്ചു. കൃഷ്ണദാസിന് മാത്രമാണ് നിലവില്‍ മുന്‍കൂര്‍ ജാമ്യമുള്ളത്. അല്ലാത്തവരെ അറസ്റ്റ് ചെയ്യാത്തതെന്തുകൊണ്ടാണെന്ന് മഹിജ ചോദിച്ചു. സംഭവത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്. അതുകൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്നും അവര്‍ ആരോപിച്ചു.
പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും 28ന് മറ്റ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി പരിഗണിക്കുമ്പോള്‍ ജാമ്യം ലഭിക്കുന്നത് തടയാനെങ്കിലും പ്രോസിക്യൂട്ടര്‍ തയ്യാറാവണമെന്നും പണത്തിന്റെ സ്വാധീനത്തില്‍ കൃഷ്ണദാസ് കേസ് അട്ടിമറിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും മഹിജ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam