
കോഴിക്കോട്: ജിഷ്ണു കേസിലെ പാര്‍ട്ടി നിലപാട് അണികള്‍ക്ക് ബോധ്യപ്പെടുത്താന്‍ സിപിഎം വിശദീകരണ യോഗങ്ങള്‍ വിളിക്കുന്നു. എല്ലാ ജില്ലകളിലും പ്രാദേശിക തലത്തില്‍ യോഗങ്ങള്‍ വിളിക്കാനാണ് തീരുമാനം. 23 ന് വളയത്ത് നടക്കുന്ന വിശദീകരണ യോഗത്തില്‍ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കും.
നാദാപുരം ഏരിയാകമ്മിറ്റിയുടെ കീഴില്‍ വളയത്ത് നടന്ന ആദ്യ വിശദീകരണ യോഗത്തിന് ശേഷമാണ് സംസ്ഥാന തലത്തില്‍ പാര്‍ട്ടി ഘടകങ്ങളെ ഇക്കാര്യം ബോധ്യപ്പെടുത്താന്‍ സിപിഎം ഒരുങ്ങുന്നത്. ജിഷ്ണു കേസില്‍ സര്‍ക്കാരിനോ പാര്‍ട്ടിക്കോ വീഴ്ച പറ്റിയിട്ടില്ലെന്നും,പാര്‍ട്ടിയോടാലോചിക്കാതെ കുടുംബം സമരം ചെയ്തത് ശരിയായില്ലെന്നുമാണ് സിപിഎം നിലപാടായി കഴിഞ്ഞ ദിവസം വളയത്ത് നടന്ന യോഗത്തില്‍ എളമരം കരീം വ്യക്തമാക്കിയത്.
ജിഷ്ണുവിന്റെ ബന്ധുക്കള്‍ പ്രതിപക്ഷത്തിന്റെ ചട്ടുകമായി മാറിയെന്ന ആക്ഷേപവും ഉയര്‍ന്നു.ഇതു തന്നെ പൊതു നിലപാടായി അവതരിപ്പിക്കാനാണ് തീരുമാനം. എല്ലാ ജില്ലകളിലും ലോക്കല്‍ കമ്മിറ്റി തലത്തില്‍ വിശദീകരണ യോഗങ്ങള്‍ വിളിക്കും. ജിഷ്ണു കേസില്‍ പത്രപരസ്യം നല്‍കി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ നടത്തിയ ശ്രമത്തിനെതിരെ പരക്കെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഈ സാഹചര്യത്തിലാണ് അണികളെയെങ്കിലും നിലപാട് ബോധ്യപ്പെടുത്താനുള്ള പാര്‍ട്ടിയുടെ ശ്രമം. 23 ന് ജിഷ്ണുവിന്റെ വീടിന് സമീപം നടക്കുന്ന യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി നിലപാട് വിശദീകരിക്കും. അതേ സമയം കഴിഞ്ഞ ദിവസം എളമരം കരീം ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് നാദാപുരം ഏരിയാ കമ്മിറ്റിക്ക് ജിഷ്ണുവിന്റെ കുടുംബം മറുപടി നല്‍കുമെന്നാണ് അറിയുന്നത്. പാര്‍ട്ടി വിമര്‍ശിച്ചെങ്കിലും ചെയ്തത് ശരിയാണെന്ന നിലപാടിലാണ് ജിഷ്ണുവിന്റെ കുടുംബം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam