
ദില്ലി: ജെഎൻയുവിൽ നിന്ന് കാണാതായ വിദ്യാർഥിനിയെ കണ്ടെത്തിയതായി ദില്ലി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.
വിദ്യാർത്ഥിനി സ്വന്തം താത്പര്യപ്രകാരം പോയതാണെന്നും പ്രശ്നങ്ങളില്ലെന്നും പൊലീസ് വ്യക്തമാക്കി. പൂജ കസ്ന എന്ന 25കാരിയായ ഗവേഷകയെയായിരുന്നു കാമ്പസിൽ നിന്ന് കാണാതായത്. ഇതുസംബന്ധിച്ച് രക്ഷിതാക്കള്‍ൽ തട്ടികൊണ്ടുപോകലിന് വസന്ത്കുഞ്ച് പൊലീസിൽ കേസ് നല്‍കിയിരുന്നു. കാമ്പസിലെ ഷിപ്ര ഹോസ്റ്റലിലെ അന്തേവാസിയാണ് കസ്ന.
കാണാതായതുമുതൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഗാസിയാബാദിന് സമീപം താമസിക്കുന്ന രക്ഷിതാക്കൾ അവസാനം മകളുമായി സംസാരിച്ചത് കഴിഞ്ഞ പത്തിനാണ്. രാത്രി ഭക്ഷണം കഴിച്ച് ഹോസ്റ്റൽ റൂമിലേക്ക് മടങ്ങുകയാണെന്നാണ് കസ്ന അന്ന് രക്ഷിതാക്കളോട് പറഞ്ഞത്. പിന്നീട് ഫോണിൽ ലഭിക്കാതെ വന്നതോടെ രക്ഷിതാക്കൾ ദില്ലിയില്‍ എത്തിയപ്പോള്‍ ഹോസ്റ്റൽ റൂം പൂട്ടിയ നിലയിലായിരുന്നു. രണ്ട് ദിവസമായി റൂം അടഞ്ഞുകിടക്കുകയാണെന്നും കസ്ന വീട്ടിൽ പോയതാണെന്ന് കരുതിയതായും ഹോസ്റ്റലിലെ ഏതാനും വിദ്യാർഥികൾ രക്ഷിതാക്കളോട് പറഞ്ഞു. രക്ഷിതാക്കൾ കസ്നയുടെ സുഹൃത്തുക്കളുമായി സംസാരിച്ചെങ്കിലും അവർക്കും വിവരങ്ങളൊന്നുമില്ലായിരുന്നു.
കസ്നയെ എവിടെ നിന്നാണ് കണ്ടെത്തിയതെന്നോ മറ്റു വിവരങ്ങളോ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ എ.ബി.വി.പി പ്രവർത്തകരുമായ തർക്കമുണ്ടയ ഒന്നാം വർഷ എം.എസ്സി ബയോടെക്നോളജി വിദ്യാർഥി നജീബ് അഹമ്മദിനെ 2016 ഒക്ടോബർ 15 മുതൽ ജെഎന്‍യു കാമ്പസിൽ നിന്ന് കാണാതിയിരുന്നു. വിവാദമായ കേസ് ഇപ്പോൾ സിബിഐ അന്വേഷണത്തിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam