
സുജിത് ചന്ദ്രന്‍
രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾ സ്ഥിരീകരിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. താനെന്നും രാഷ്ട്രീയക്കാരനായിരുന്നു. രാഷ്ട്രീയത്തിൽ തന്നെയാണ് ജീവിതം. പ്രത്യേകിച്ച് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കേണ്ട കാര്യമില്ല. എന്നാൽ സംഘടനാരൂപത്തിൽ ഉള്ള രാഷ്ട്രീയ പ്രവേശം താമസിയാതെ ഉണ്ടായേക്കുമെന്ന് ജോയ് മാത്യു ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. നിലവിലുള്ള ഒരു രാഷ്ട്രീയ കക്ഷിയിലും വിശ്വാസമില്ല. പഠനകാലത്തും പിന്നീടും ഇടതുപക്ഷ നിലപാടുകളിലാണ് ഉറച്ചുനിന്നത്. തുടർന്നും അങ്ങനെ തന്നെയായിരിക്കും. എന്നാൽ ഇടതുപക്ഷമെന്നത് മാർക്സിസ്റ്റ് പാർട്ടിയും സിപിഐയും മാത്രമല്ല. വ്യവസ്ഥാപിത ഇടതുപക്ഷത്തിന്‍റേത് അവസരവാദ അധികാര രാഷ്ട്രീയ നിലപാടുകളാണ്. മറ്റ് പാര്‍ട്ടികളുടെ കാര്യം പറയേണ്ടതില്ല.
സമാന ചിന്താഗതിക്കാരുമായി ചേർന്ന് എല്ലാ സാമൂഹിക പ്രശ്നങ്ങളിലും ഇടപെടുന്ന, പുതിയ സമരരൂപങ്ങൾ ആവിഷ്കരിക്കുന്ന ഒരു സംഘടനയാണ് ഉദ്ദേശിക്കുന്നത്. അതൊരു രാഷ്ട്രീയകക്ഷി തന്നെയാകണമെന്നില്ല. ചിലപ്പോൾ സമൂഹിക സുരക്ഷ ഉന്നംവയ്ക്കുന്ന ഒരു കൂട്ടായ്മയാകും, അശരണർക്ക് നിയമസഹായം നൽകുന്ന ഒരു സമിതിയാകാം, കാരുണ്യരംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയാകാം, ഇതെല്ലാം ചേർന്നതുമാകാം. പതാകയും പരിപാടിയുമൊക്കെയുള്ള ഒരു പാർട്ടി തന്നെയാകണമെന്നില്ല. കേരളത്തിന്റെ ഭരണത്തിൽ പങ്കാളിയാകുകയല്ല പുതിയ കൂട്ടായമയുടെ ലക്ഷ്യം . എല്ലാത്തരം തിന്മകൾക്കുമെതിരായ നല്ല പ്രതിപക്ഷമായിരിക്കും വരാനിരിക്കുന്ന സംഘടന .
പുരോഗമനപരമായി ചിന്തിക്കുന്ന, നാടിന്റെ നന്മയെ കരുതുന്ന ചെറുപ്പക്കാർക്ക് സംഘടനയിൽ നല്ല സ്ഥാനമുണ്ടാകും. ഇടതുപക്ഷക്കാർക്ക് മാത്രമല്ല നല്ല കോൺഗ്രസുകാർക്കും നല്ല ലീഗുകാർക്കും സംഘപരിവാറെന്ന് ആക്ഷേപിക്കുന്നവരിലെ നല്ലവർക്കും പുതിയ സംഘടനയിൽ സ്ഥാനമുണ്ടാകും. എല്ലാ നന്മയുള്ളവരിലും ഒരു ഇടതുപക്ഷക്കാരനുണ്ടെന്നാണ് വിശ്വാസം . എല്ലാ സമൂഹിക പ്രശ്നങ്ങളിലും സജീവമായി ഇടപെടാനുദ്ദേശിക്കുന്ന ഈ കൂട്ടായ്മയുടെ പ്രവർത്തനം അനൗപചാരികമായി തുടങ്ങിയിട്ടുണ്ടെന്നും ജോയ് മാത്യു പറഞ്ഞു. കൂടുതൽ കാര്യങ്ങൾ സമാനചിന്താഗതിക്കാരുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം വെളിപ്പെടുത്തും.
പഠനകാലം മുതൽ ഇടതുപക്ഷ സഹയാത്രികനാണ് ജോയ്മാത്യു. വിപ്ലവ വിദ്യാർത്ഥി സംഘ നയുടെ സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന അദ്ദേഹം നക്സൽ പ്രസ്ഥാനത്തിലും സജീവമായിരുന്നു. ജനകീയ സാംസ്കാരിക വേദി പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡോക്ടറെ ജനകീയ വിചാരണ ചെയ്ത കേസിൽ ജയിലിലടയ്ക്കപ്പെട്ടു. പിന്നീട് സജീവരാഷ്ട്രീയം വിട്ട് ദീർഘകാലം പ്രവാസിയായ ജോയ് മാത്യു സിനിമാ രംഗത്ത് സജീവമായ ശേഷവും LDF അനുകൂല നിലപാടുകളാണ് മിക്കപ്പോഴും സ്വീകരിച്ചിട്ടുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam