പുറ്റിങ്ങല്‍ വെടിക്കെട്ടപകടം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ രാജിക്കത്ത് നല്‍കി

By Web DeskFirst Published Nov 28, 2016, 7:16 AM IST
Highlights

ഇത് ആദ്യമായാണ് അന്വേഷണം തുടങ്ങും മുമ്പ് ഒരു ജുഡീഷ്യൽ കമ്മീഷൻ രാജിവെയ്ക്കുന്നത്. പുറ്റിങ്ങല്‍ അപകടം അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മീഷന് വേണ്ട സൗകര്യങ്ങളൊന്നും, ആവശ്യപ്പെട്ടിട്ടും സർക്കാർ അനുവദിച്ചിരുന്നില്ല. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെയ്ക്കുന്നതെന്നും കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും ജസ്റ്റിസ് കൃഷ്ണൻനായർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കഴിഞ്ഞ ഏപ്രിൽ 10നായിരുന്നു 110 പേരുടെ മരണത്തിനിടയാക്കിയ പുറ്റിങ്ങൾ വെടിക്കെട്ടപകടം ഉണ്ടായത്. ഏപ്രിൽ 21ന് യുഡിഎഫ് സർക്കാർ കമ്മീഷനെ നിയമിച്ചു. മെയ് രണ്ടിന് കമ്മീഷൻ ചുമതലയേറ്റു. എൽഡിഎഫ് സർക്കാറിനോട് ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. ആറുമാസത്തെ കാലാവധി ഉണ്ടായിരുന്ന കമ്മീഷൻ അന്വേഷിക്കേണ്ട വിഷയങ്ങൾ പോലും നിശ്ചയിച്ച് നൽകിയത് അടുത്തിടെയാണ്. അന്വേഷണം തുടങ്ങും മുമ്പ് ഒക്ടോബർ 22ന് കമ്മീഷന്റെ കാലാവധി തീർന്നു. കാലാവധി നീട്ടാനുള്ള കത്ത് കഴിഞ്ഞ മന്ത്രിസഭ പരിഗണിക്കാത്തതിന് പിന്നാലെയാണ് ജസ്റ്റിസ് കൃഷ്ണൻനായരുടെ രാജി. കാലാവധി നീട്ടാനുള്ള ഫയൽ സർക്കാറിന്റെ പരിഗണനയിലാണെന്നാണ് ആഭ്യന്തരവകപ്പിന്റെ വിശദീകരണം. രാജിക്കത്തും കാലാവധി നീട്ടാനുള്ള ഫയലും പരിശോധിച്ച് മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കുമെന്നും ആഭ്യന്തര വകുപ്പ് വിശദീകരിച്ചു.

click me!