
ഇടമലക്കുടി: ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിലും ട്രൈബൽ വകുപ്പിന്‍റെ പ്രവർത്തനം ശരിയായ രീതിയിലല്ലെന്ന് ജുഡീഷ്യറി സംഘത്തിന്‍റെ വിലയിരുത്തൽ. ചെലവഴിക്കുന്ന കോടികളുടെ പദ്ധതികളൊന്നും ആദിവാസികള്‍ക്ക് പ്രയോജനപ്പെടുന്നില്ലെന്നാണ് സുപ്രീം കോടതി നിർദ്ദേശ പ്രകാരം ഇടമലക്കുടിയിൽ സന്ദർശനം നടത്തിയ ജില്ലാ ജഡ്ജിയടങ്ങുന്നവർക്ക് ബോധ്യമായത്.
ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് ഇടമലക്കുടിയിൽ സന്ദര്‍ശനം നടത്തിയത്. കുടിയിലെ റോഡ്, വീട്, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയൊക്കെ മൂന്നു ദിവസം നീണ്ട സന്ദർശനത്തിൽ സംഘം വിലയിരുത്തി. ആദിവാസി ജനങ്ങളുമായും ഉദ്യോഗസ്ഥരുമായും ആശയ വിനിമയം നടത്തി. ഇതിനകം 88 കോടിയിലധികം രൂപ ഇവിടേക്കു ചിലവഴിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. പക്ഷെ ഇത് പ്രയോജനപ്പെട്ടിട്ടില്ലെന്നും ട്രൈബൽ വകുപ്പ് ഇക്കാര്യത്തിൽ ഗുരുതര വീഴ്ച വരുത്തിയെന്നുമാണ് സംഘം കണ്ടെത്തിയത്.
സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിൽ വരും നാളുകളില്‍ വികസനം സാധ്യമാക്കുന്നതിനുളള കർമ്മപദ്ധതിക്കും സംഘം രൂപം കൊടുത്തു. ഇരുപത്താറ് കുടികളെ അഞ്ച് ക്ലസ്റ്ററുകളായി ഏകോപിപ്പിക്കും. സബ് കളക്ടടര്‍, ഡിവൈഎസ്പി, ലീഗല്‍ സര്‍വ്വീസ് സൊസൈറ്റി എന്നിവരുടെ മേല്‍നോട്ടത്തിലായിരിക്കും ഈ ക്ലസ്റ്ററുകള്‍.
വകുപ്പുകളെ ഏകോപിപ്പിച്ച് ആനുകൂല്യങ്ങൾ എല്ലാം ഇവിടേക്കെത്തിച്ചുമാവും പ്രവർത്തനം. ബോധ്യപ്പെട്ട കാര്യങ്ങളും ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നൽകാനുമാണ് ജുഡീഷ്യറി സംഘത്തിന്‍റെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam