
ബിയജിംഗ്: കൈയിൽ പണമില്ലാതെ ചെന്ന് ചിരിച്ചുകാണിച്ചാൽ റസ്റ്റോറൻ്റുകളിൽ നിന്ന് ഭക്ഷണം കിട്ടില്ലെന്ന് ഇനി പറയരുത്. വെളുക്കെ ചിരിച്ചുനൽകിയാലും ഭക്ഷണം ലഭിക്കുന്ന കാലം വന്നുതുടങ്ങി. കെൻ്റകി ഫ്രൈഡ് ചിക്കൻ (കെ.എഫ്.സി) തന്നെ ഇൗ സൗകര്യം ഒരുക്കിയാലോ. ചൈനയിലെ ഹാങ്സുവിലാണ് ഒരു ചിരികൊണ്ട് ഭക്ഷണം കഴിക്കാൻ കഴിയുന്ന ഷോപ്പ് നിലവിൽ വന്നത്.
ചിരി മാത്രം പോര, അക്കൗണ്ടിൽ പണവും കൂടെ വേണമെന്ന് മാത്രം. ഉപയോക്താവിൻ്റെ മുഖം സ്കാൻ ചെയ്യുന്നതോടെയാണ് പണം അടക്കാൻ വഴിയൊരുങ്ങുന്നത്. ‘സ്മൈൽ ടു പേ’ പദ്ധതി ഷോപ്പിൻ്റെ ആരോഗ്യലക്ഷ്യത്തോടെയുള്ളതും യുവതലമുറയെ ആകർഷിക്കാനുമുള്ള പദ്ധതി കൂടിയാണ്. ചൈനയിലെ വലിയ റസ്റ്റോറൻ്റ് ശൃംഖലയായ യും ചൈനക്ക് 7685ൽ അധികം ഒൗട്ട് ലെറ്റുകളാണുള്ളത്. ഇതുവഴി അവർ കെ.എഫ്.സി ബ്രാൻ്റ് ഭക്ഷണങ്ങളും വിൽക്കുന്നുണ്ട്.
ഹാങ്സുവിൽ കെ.പി.ആർ.ഒ എന്ന പേരിലുള്ള പുതിയ ഷോപ്പ് യുവതലമുറയെ ലക്ഷ്യമിട്ടാണ് തുറന്നിരിക്കുന്നത്. ഇൗ ഷോപ്പിൽ തന്നെ മുഖം തിരിച്ചറിഞ്ഞ് പണം അടക്കാനുള്ള സൗകര്യമുണ്ട് . പുതിയ രുചികളോടും നൂതന കണ്ടുപിടുത്തങ്ങളോടും താൽപര്യമുള്ളവരെ ആകർഷിക്കാൻ കൂടി ലക്ഷ്യമിട്ടാണ് പുതിയ രീതിയിലുള്ള പണമിടപാട് ഒരുക്കിയിരിക്കുന്നതെന്നാണ് യും ചൈന പ്രസിഡൻ്റ് ജോയ് വാട്ട് പറയുന്നത്. ഹാങ്സുവിലെ ഷോപ്പ് മുഖം തിരിച്ചറിഞ്ഞ് ഇടംപാട് നടത്താൻ സഹായകമാകുന്ന സോഫ്റ്റ്വെയർ തയാറാക്കിയവരുമായി സഹകരിച്ചാണ് പദ്ധതി ഒരുക്കിയത്.
മുഖം സ്കാൻ ചെയ്യുന്നതോടെ ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് ഒാർഡർ നൽകാനാകുന്നു. കമ്പൈൻഡ് 3ഡി ക്യാമറയാണ് ഇതിനായി ഉപയോഗിക്കുന്നത്. വഞ്ചനക്കുള്ള സാധ്യത ഇല്ലാതാക്കാൻ ഇത് ഫോൺ നമ്പറുമായി ബന്ധിപ്പിച്ചിരിക്കും. ഇടപാടിൻ്റെ ഫോട്ടോയും വീഡിയോയും സൂക്ഷിക്കുകയും ചെയ്യും. സീസൺ അനുസരിച്ചുള്ള മെനുവാണ് ഷോപ്പിൽ പിന്തുടരുന്നത്. റോസ്റ്റഡ് ചിക്കനും മെനുവിൽ ഉണ്ട്. ജ്യൂസ്, കോഫി, ചായ തുടങ്ങിയ പാനീയങ്ങളും ലഭ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam