ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധനക്ക് വിധേയമാക്കുന്നത് സഹായിക്കാന്‍; പൊലീസിനെതിരെ ജസ്റ്റിസ് കെമാല്‍ പാഷ

By Web TeamFirst Published Sep 23, 2018, 7:01 PM IST
Highlights

അന്വേഷണസംഘത്തിന്‍റെ ചോദ്യങ്ങളോട് നിഷേധാത്മകസമീപനമാണ് ഫ്രാങ്കോ മുളയ്ക്കൽ സ്വീകരിക്കുന്നത്. രേഖകൾ നിരത്തിയുള്ള ചോദ്യങ്ങളോട് പോലും ബിഷപ്പ് സഹകരിച്ചിട്ടില്ല  ഈ സാഹചര്യത്തിലാണ് നുണപരിശോധനക്ക് പാലാ മജിസ്ട്രേട്ട് കോടതിയെ സമീപിക്കാൻ അന്വേഷണസംഘം തീരുമാനിച്ചത്. 

ബെംഗളൂരു: കന്യാസ്ത്രീയെ പിഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധനക്ക് വിധേയമാക്കുന്നതിനെതിരെ ജസ്റ്റിസ് കമാൽ പാഷ. പ്രതിയെ സഹായിക്കാനാണ് പൊലീസ് നടപടിയെന്നും നുണപരിശോധന കൊണ്ട് ഒരു ഉപയോഗവുമില്ലെന്നും അദ്ദേഹം പറഞ്ഞു. കോടതികൾ ഇത് പരിശോധിക്കണമെന്നും ജസ്റ്റിസ് കമാൽ പാഷ ബെംഗളൂരുവിൽ വനിതാ അഭിഭാഷകർ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ആവശ്യപ്പെട്ടു.

അതേസമയം ഫ്രാങ്കോ മുളയ്ക്കലിന് നുണപരിശോധന നടത്താനുള്ള നീക്കം പൊലീസ് തുടങ്ങി. പൊലീസ് കസ്റ്റഡിയിലുള്ള  ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുത്തിരുന്നു. അന്വേഷണസംഘത്തിന്‍റെ ചോദ്യങ്ങളോട് നിഷേധാത്മകസമീപനമാണ് ഫ്രാങ്കോ മുളയ്ക്കൽ സ്വീകരിക്കുന്നത്. രേഖകൾ നിരത്തിയുള്ള ചോദ്യങ്ങളോട് പോലും ബിഷപ്പ് സഹകരിച്ചിട്ടില്ല  ഈ സാഹചര്യത്തിലാണ് നുണപരിശോധനക്ക് പാലാ മജിസ്ട്രേട്ട് കോടതിയെ സമീപിക്കാൻ അന്വേഷണസംഘം തീരുമാനിച്ചത്. 

കുറവിലങ്ങാട് നാടുകുന്നിലെ മഠത്തിൽ വച്ച് ഫ്രാങ്കോ മുളയ്ക്കൽ 13 പ്രാവശ്യം പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീയുടെ പരാതി. 20-ാം നമ്പർ മുറിയിലായിരുന്നു തെളിവെടുപ്പ്. മുക്കാൽ മണിക്കൂർ നീണ്ട തെളിവെടുപ്പിന് ശേഷം ഫ്രാങ്കോ മുളയ്ക്കലിനെയും കൊണ്ട് പുറത്തിറങ്ങിയപ്പോൾ നാട്ടുകാര്‍ കൂകിവിളിക്കുകയായിരുന്നു.

click me!