Latest Videos

ചാരക്കേസ് വിധി എല്ലാവരും അറിഞ്ഞു; പ്രതിയായിരുന്ന ഒരാള്‍ ഒഴികെ!

By Web TeamFirst Published Sep 17, 2018, 10:35 AM IST
Highlights

ഐഎസ്‌ആർഒ ചാരക്കേസിൽ നമ്പി നാരായണനൊപ്പം പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന കെ ചന്ദ്രശേഖർ  അന്തരിച്ചു. 76 വയസ്സായിരുന്നു. ഐഎസ്ആര്‍ഒ ചാരക്കേസിലെ സുപ്രീംകോടതി വിധിയെക്കുറിച്ച് അറിയാതെയാണ് കെ ചന്ദ്രശേഖര്‍ ബെംഗളൂരുവിലെ ആശുപത്രിയില്‍ അന്തരിച്ചത്. ഞായറാഴ്ച രാത്രി 8.40 നായിരുന്നു അന്ത്യം.  

ബംഗളുരു: ഐഎസ്ആര്‍ഒ ചാരക്കേസിലെ സുപ്രീംകോടതി വിധി രാജ്യമെങ്ങും ചര്‍ച്ചയായതിനിടെ, ആ കേസിലെ പ്രതിപ്പട്ടികയില്‍ പെട്ട് ഏറെ വിവാദങ്ങളില്‍ വലിച്ചിഴക്കപ്പെട്ട ഒരാള്‍ ആരുമറിയാതെ വിടവാങ്ങി. ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനൊപ്പം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന കെ ചന്ദ്രശേഖര്‍ ആണ്, വിധി വന്നതറിയാതെ മരണത്തിന് കീഴടങ്ങിയത്. ഞായറാഴ്ച രാത്രി 8.40 ന്, എഴുപത്താറാം വയസ്സില്‍, ബംഗളുരുവിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യമെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റാരോപിതനായതോടെ കൊടിയ മർദ്ദനങ്ങളും പീഡനവും അനുഭവിക്കേണ്ടി വന്ന് മാനസികമായി തകർന്ന നിലയിലായിരുന്നു ചന്ദ്രശേഖരെന്ന് ഭാര്യ പറഞ്ഞു. കേസില്‍  കുറ്റവിമുക്തനാക്കപ്പെട്ടതിനു ശേഷം ബംഗളൂരുവിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു കെ ചന്ദ്രശേഖര്‍.

റഷ്യൻ കമ്പനിയായ ഗ്ളവ്കോസ്മോസിന്റെ ലെയ്സൺ ഏജന്റായിരിക്കെയാണ് ചാരക്കേസിൽ കെ ചന്ദ്രശേഖര്‍ അനധികൃതമായി അറസ്റ്റിലാകുന്നത്. ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസിൽ ജനറൽ മാനേജരായിരുന്ന കെ ജെ വിജയമ്മയാണ് ഭാര്യ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് ബെംഗളൂരുവില്‍ നടക്കും.


 

click me!