ആര്‍സിസിയില്‍ നിന്ന് എച്ച്ഐവി ബാധ: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

By Web DeskFirst Published Apr 27, 2018, 5:32 PM IST
Highlights
  • ആര്‍സിസിയില്‍ രക്തം സ്വീകരിച്ച ഒരാള്‍ക്ക് കൂടി എച്ച്ഐവി സ്ഥിരീകരണം
  • പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ

തിരുവനന്തപുരം: ആര്‍സിസിയില്‍ ചികിത്സക്കെത്തിയ മറ്റൊരു കുട്ടിക്ക് കൂടി എച്ച്ഐവി ബാധിച്ചത് പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പതിനായിരക്കണക്കിന് ആളുകള്‍ക്ക് ചികിത്സ നല്‍കുന്ന സ്ഥാപനമാണ് ആര്‍സിസി, ഇത്തരം സംഭവങ്ങള്‍ അപൂര്‍വമായി ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ആര്‍സിസിയിൽ നിന്ന് രക്തം സ്വീകരിച്ചതിലൂടെ എച്ച്ഐവി ബാധിച്ച് ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടിയെ  കൂടാതെ, ആണ്‍കുട്ടി കൂടെ മരിച്ചിരുന്നു. കഴിഞ്ഞ മാസം 26 നായിരുന്നു മരണം. സംഭവത്തില്‍ ആര്‍സിസിയിൽ നിന്ന് മാത്രമല്ല കുട്ടി രക്തം സ്വീകരിച്ചതെന്നാണ് വാദമാണ് ആശുപത്രി ഉന്നയിക്കുന്നത്. എന്നാല്‍ ആര്‍സിസിയില്‍ നിന്ന് മാത്രമാണ് രക്തം സ്വീകരിച്ചതെന്ന് കുട്ടിയുടെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

തനിക്ക് എച്ച് ഐ വി ബാധയുണ്ടെന്ന് ആർസിസിയില്‍ നിന്ന് അറിഞ്ഞകാര്യം ഏഷ്യാനെറ്റ് ന്യൂസിനോട് കുട്ടി തന്നെ വെളിപ്പെടുത്തിയിരുന്നു. ലുക്കീമിയ ചികിത്സക്കിടെ പലതവണ രക്തം സ്വീകരിച്ച കുട്ടിക്ക്, ഓഗസ്റ്റ് മാസത്തിലാണ് എച്ച്ഐവി ബാധിച്ചതായി കണ്ടെത്തുന്നത്. രക്തം സ്വീകരിച്ചതിലൂടെയാണ് രോഗബാധയെന്ന് ആര്‍സിസി അധികൃതര്‍ അറിയിച്ചതായി കുട്ടിയുടെ അച്ഛൻ പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പരിശോധന നടത്തി രോഗം സ്ഥിരീകരിച്ചു. 

കുട്ടിക്ക് രക്തം നല്‍കിയ ചിലരെ പരിശോധിച്ചെങ്കിലും ആര്‍ക്കും എച്ച്ഐവി ബാധ കണ്ടെത്താനായില്ലെന്നാണ് ആര്‍സിസി വിശദീകരണം. കുട്ടിയെ വിദഗ്ധ പരിശോധനകള്‍ക്കായി ചെന്നൈയിലേക്ക് ആര്‍സിസി അയച്ചിരുന്നു. എന്നാൽ ഇതിന്‍റെ വിശദാംശങ്ങള്‍ ആ‍ര്‍സിസിയും എയ്ഡസ് കണ്‍ട്രോള്‍ സൊസൈറ്റിയും കുട്ടിയുടെ കുടുംബത്തെ അറിയിച്ചില്ലെന്നും ആരോപണമുണ്ട്.

click me!