
കോട്ടയം: നിലപാടുകളുടെയും നയങ്ങളുടേയും അടിസ്ഥാനത്തിൽ മാത്രമേ അൽഫോൺസ് കണ്ണന്താനത്തെ പിന്തുണക്കൂവെന്ന സൂചനയുമായി ഹിന്ദു ഐക്യവേദി രംഗത്തെത്തി. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ പ്രവർത്തനങ്ങൾ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി മാത്രമാണെങ്കിൽ എതിർക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാനപ്രസിഡന്റ് കെ പി ശശികല അറിയിച്ചു.
കേന്ദ്രമന്ത്രിസഭാ പുനസംഘടനയിൽ കേരളത്തിന്റെ പ്രതിനിധിയായി ആർഎസ്എസ് സംസ്ഥാനനേതൃത്വം നിർദ്ദേശിച്ചത് കുമ്മനം രാജശേഖരനെയായിരുന്നു. എന്നാൽ ഇത് അവഗണിച്ച് കൊണ്ടാണ് ബിജെപി കേന്ദ്രനേതൃത്വം ഇടതുപക്ഷത്ത് നിന്ന് പാർട്ടിയിലെത്തിയ അൽഫോൺസ് കണ്ണന്താനത്തെ മന്ത്രിയാക്കിയത്. ഇതിലുള്ള സംഘപരിവാറിന്റെ അതൃപ്തി മറനീക്കി പുറത്ത് വരുന്നതാണ് ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെപി ശശികലയുടെ പ്രസ്താവന.
കണ്ണന്താനത്തെ പൂർണ്ണമായും പിന്തുണക്കാൻ സംസ്ഥാനത്തെ സംഘപരിവാർ സംഘനടകൾ തയ്യാറല്ലെന്ന് വ്യക്തമാക്കുന്നതാണ് ശശികലയുടെ പ്രതികരണം. നിലപാടുകളും നയങ്ങളും യോജിക്കുന്നതല്ലെങ്കിൽ എതിർക്കുമെന്ന മുന്നറിയിപ്പ് കൂടിയാണ് ഹിന്ദു ഐക്യവേദി നൽകുന്നത്. മന്ത്രിയായ ശേഷം ആദ്യമായി നാട്ടിലെത്തിയ കണ്ണന്താനത്തിന് കേന്ദ്രനേതൃത്വത്തിന്റ നിർദ്ദേശപ്രകാരം നൽകിയ സ്വീകരണത്തിലും പല പ്രമുഖനേതാക്കളും വിട്ട് നിന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹിന്ദുഐക്യവേദിയുടെ മുന്നറിയിപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam