
കാസര്‍കോഡ്: പിണറായിയെ പോലെ നൂറ് പേര്‍ വന്നാലും ഇവിടുത്തെ ആചാരനുഷ്ഠാനങ്ങളെ മാറ്റാൻ പറ്റില്ലെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കെ. സുധാകരന്‍. ശബരിമലയെ കലാപഭൂമിയാക്കാതിരിക്കാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വമുണ്ടെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിന്‍റെ വിശ്വാസ സംരക്ഷണ പദയാത്രയില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍. സിപിഎമ്മിന്റെയും ബിജെപിയുടേയും കപടമുഖം പൊളിക്കാനാണ് ഈ യാത്ര.
ശബരിമലയിൽ ലിംഗ അസമത്വമില്ല, നിയന്ത്രണം മാത്രമാണുള്ളത്. ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ടാക്കുന്നത് കോടതിയും, സർക്കാരുമല്ല. ക്ഷേത്ര തന്ത്രിമാരാണ് ആചാരങ്ങളും, അനുഷ്ഠാനങ്ങളും ഉണ്ടാക്കുന്നത്. പിണറായിയെ പോലുള്ള നൂറു പേർ വന്നാലും ഇവിടുത്തെ ആചാരനുഷ്ഠാനങ്ങളെ മാറ്റാൻ പറ്റില്ല. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് പിണറായി വിജയൻ ഈ വിധി നേടിയതെന്നും സുധാകരന്‍ പറഞ്ഞു.
ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടാണ് എല്‍ഡിഎഫ് സർക്കാരിന്റെ ശബരിമല നിലപാട്. സിപിഎമ്മിന്റെയും, ബിജെപിയുടെയും കപട മുഖം പൊളിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. ആർഎസ്എസ് ജനങ്ങളെ പറ്റിക്കുക്കുകയാണ്. അവർ നിലപാടുകൾ മാറ്റി മാറ്റി കളിക്കുന്നു. ശ്രീധരൻ പിള്ളയുടെ രഥയാത്ര അദ്വാനിയുടെ രഥയാത്രക്ക് തുല്യമാണെന്നും സുധാകരന്‍ പറഞ്ഞു. വർഗീയത ആളിക്കത്തിച്ച് അധികാരം നേടാമെന്ന അത്യാഗ്രഹമാണ് ബിജെപിയ്ക്ക്. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കോടതി വിധി ബുദ്ധിയില്ലാത്ത തീരുമാനമാണെന്നും സുധാകരന്‍ പരിഹസിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam