
പമ്പ: ശബരിമലയില്‍ ഇത്തവണ കഴിഞ്ഞ സീസണേക്കാള്‍ ഭക്തരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരു രാഷ്ട്രീയ പാര്‍ട്ടി ശബരിമലയില്‍ ഭക്തര്‍ വരരുതെന്ന് ആവശ്യപ്പെട്ട് നട്ടാല്‍ കുരുക്കാത്ത നുണപ്രചരണം നടത്തിയെന്നും മന്ത്രി പറഞ്ഞു. ശബരിമലയില്‍ നടന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കടകംപള്ളി സുരേന്ദ്രന്‍.
ചരിത്രത്തിലില്ലാത്ത പ്രതിസന്ധി നേരിട്ടാണ് ഇത്തവണ മണ്ഡലകാലം പൂര്‍ത്തിയാകുന്നത്. ഭക്തരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. വരുമാനത്തിലും കുറവുണ്ടായി. പ്രധാന ദിവസങ്ങളിലും വിശേഷ ദിവസങ്ങളിലും അക്രമപ്രവര്‍ത്തനങ്ങള്‍ നടന്നതാണ് ഭക്തരുടെ ഒഴുക്കിനെ ബാധിച്ചത്. ശബരിമലയില്‍ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നും കാണിക്ക ഇടരുതെന്നും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപക നുണപ്രചാരണം നടത്തി. ഇതെല്ലാം ശബരിമല തീര്‍ത്ഥാടനകാലത്തെ ബാധിച്ചെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യം ഭരിക്കന്ന രാഷ്ട്രീയ പാര്‍ട്ടി എടുത്ത തെറ്റായ നിലപാടാണ് ഒരുപാട് പ്രശ്നങ്ങള്‍ക്ക് കാരണമായത്. വളരെ ബോധപൂര്‍വ്വം കുറേ ദിവസങ്ങള്‍ തങ്ങളുടെ സംഘര്‍ഷ കേന്ദ്രമാക്കി ശബരിമലയെ നില നിര്‍ത്താന്‍ അവര്‍ ശ്രമിച്ചു. തെറ്റായ നിലപാടാണ് തങ്ങളെടുത്തതെന്ന വൈകി വന്ന ബോധ്യം കൊണ്ടാണ് പിന്നീട് സമര കേന്ദ്രം ശബരിമലയില്‍ നിന്ന് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റാന്‍ അവരെ പ്രേരിപ്പിച്ചത്. ശബരിമല വിധി ഒരു സുവര്‍ണാവസരമാണെന്നാണ് ബിജെപി അധ്യക്ഷന്‍ പറഞ്ഞത്. ഇത് നടത്തിയ സമരത്തിന്‍റെ രാഷ്ട്രീയ ലക്ഷ്യം കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.
പ്രതിസന്ധികളുണ്ടായിരുന്നുവെങ്കിലും ഇത്തവണ വളരെ മെച്ചപ്പെട്ട സംവിധാനം തീത്ഥാടകര്‍ക്ക് ഒരുക്കി കൊടുക്കാനായി. ശബരിമലയില്‍ എത്തിയ തീര്‍ത്ഥാടകര്‍ക്ക് ഒരു പരാതിയും ഉണ്ടായില്ല. പരാതികളുണ്ടാകാനുള്ള എല്ലാ സാഹചര്യങ്ങളുണ്ടായിരുന്നു. പ്രളയം തകര്‍ത്തിട്ടും ഭക്തര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളുണ്ടാക്കാനായി. സര്‍ക്കാര്‍ ഒന്നരമാസക്കാലം കൊണ്ട് ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. വലിയ ടാസ്കാണ് ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത്. യുദ്ധകാല അടിസ്താനത്തില്‍ നിലയ്ക്കലില്‍ ബേസ് ക്യാമ്പ് തയ്യാറാക്കാനായെന്നും കടകംപള്ളി പറഞ്ഞു. ഭക്തര്‍ക്കായി പമ്പയില്‍ സ്ഥിരം ആശുപത്രി നിര്‍മ്മിക്കും. ശബരിമലയുടെ വികസനത്തിന് കേന്ദ്ര സര്‍ക്കാരിന്‍റെ സഹായം ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam