
പത്തനംതിട്ട: കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ വിധി പറയാനായി മറ്റന്നാളത്തേക്ക് മാറ്റി. പത്തനംതിട്ട കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കേസില്‍ സുരേന്ദ്രന് വേണ്ടി അഡ്വ. രാംകുമാര്‍ ഹാജരായി. സുരേന്ദ്രൻ പൂജാ ചടങ്ങിനായാണ് സന്നിധാനത്തെത്തിയതെന്നും യുവതി വരുന്ന എന്ന അഭ്യൂഹത്തിൽ അവിടെ ഉണ്ടായിരുന്ന ആൾക്കൂട്ടം പെട്ടെന്ന് ഒത്തുകൂടുകയായിരുന്നു. ഇത് ഗൂഢാലോചനയല്ലെന്നും രാംകുമാര്‍ കോടതിയില്‍ വാദിച്ചു.
ഒന്നാം തിയ്യതി മുതൽ ഗൂഢാലോചന നടത്തിയെന്ന പ്രോസിക്യൂഷൻ വാദം തെറ്റാണ്. ആറാം തിയ്യതി തൃശൂർ സ്വദേശിനി എത്തുന്ന കാര്യം ഒന്നാം തിയ്യതി സുരേന്ദ്രൻ എങ്ങനെ അറിഞ്ഞു? സ്ത്രീയെ ആക്രമിച്ച കേസിൽ ഗൂഡാലോചനാ കുറ്റം നിലനിൽക്കില്ല. ആദ്യ കേസിൽ ജാമ്യം കിട്ടിയതിന് ശേഷം സുരേന്ദ്രനെതിരെ ഒരു കോടതിയുടെയും വാറൻറുണ്ടായിരുന്നില്ല.
തീർത്തും നിയമവിരുദ്ധമായാണ് ആ സമയത്ത് കസ്റ്റഡിയിൽ വെച്ചത്. അനധികൃത കസ്റ്റഡികൾ സംബസിച്ച് വിവിധ കേസുകളിലെ വിധികളും കോടതിയിൽ ഹാജരാക്കി. 353ാം വകുപ്പ് പ്രകാരം കേസെടുത്ത നിലക്കൽ സംഭവത്തിൽ ജാമ്യം ലഭിച്ചിട്ടും ജയിൽ മോചിതനാക്കാതിരുന്നത് പുതിയ കേസിൽ പ്രതി ചേർക്കാനായിരുന്നു.
വാറന്റുണ്ടെന്ന വിവരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ കേസുകൾ ഉണ്ടായിരുന്നെങ്കിൽ പുറത്തിറങ്ങിയ ശേഷം അറസ്റ്റ് ചെയ്യാമായിരുന്നു. ജയിൽ മോചിതനാക്കാതെ തടഞ്ഞുവെക്കുകയായിരുന്നുവെന്നും ഓർഡർ ഉണ്ടായിരുന്നില്ലെന്നും അഡ്വ. രാംകുമാര്‍ വാദിച്ചു.
ഫോൺ കോൾ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടെയാണ് സുരേന്ദ്രനെ പ്രതി ചേർത്തത് എന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഒന്നാം പ്രതി സൂരജ് ഇലന്തൂരും സുരേന്ദ്രനും തമ്മിൽ ഫോൺ ചെയ്തതിന്റെ വിവരങ്ങളും പ്രോസിക്യൂഷൻ ഹാജരാക്കി. സുരേന്ദ്രന് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
ജാമ്യം ലഭിച്ച സമയത്ത് സുരേന്ദ്രനെതിരെ വാറൻറുകൾ ഉണ്ടായിരുന്നോ എന്ന് കോടതി ചോദിച്ചു. ഓർഡർ ലഭിച്ചിരുന്നില്ല എന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഒന്നാം പ്രതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവരങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. സുരേന്ദ്രനെതിരെ കന്റോൺമെന്റ് , നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ ഉണ്ടായിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam