
കോഴിക്കോട്: സംസ്ഥാനത്ത് ഹിന്ദു വേട്ട നടക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. പൊലീസ് പലയിടത്തും സി. പി. എം ഗൂണ്ടകളെപ്പോലെയാണ് പെരുമാറുന്നതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. എസ്ഡി പിഐ പ്രവർത്തകരും സിപിഎമ്മിനൊപ്പം ചേർന്ന് ഹിന്ദുവേട്ട നടത്തുകയാണ്. അക്രമികളെ ആരെയും പിടികൂടാത്ത പൊലീസ് സംഘപരിവാർ പ്രവർത്തകരെ വളഞ്ഞിട്ട് പിടിക്കുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീമെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് സുരേന്ദ്രന്‍ പൊലീസിനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നത്.
കണ്ണൂരിൽ അക്രമപരമ്പരക്ക് തുടക്കമിട്ടത് സിപിഎം നേതൃത്വമാണ്. ബിജെപി ജില്ലാസെക്രട്ടറിയും മുൻ തലശ്ശേരി നഗരസഭാ കൗൺസിലറുമായ ഹരിദാസിന്റെ വീട് ഒരു പ്രകോപനവുമില്ലാതെയാണ് സി.പിഎം ക്രിമിനലുകൾ അക്രമിച്ച് നിശ്ശേഷം തകർത്തത്. ഭാര്യക്കും മകൾക്കും പരിക്കുമുണ്ട്. രാജ്യസഭാംഗം വി മുരളീധരന്റെ വീടിനുനേരെ ബോംബെറിഞ്ഞു. വന്ദ്യവയോധികനും രോഗിയുമായ കണ്ണൂർ വിഭാഗ് സംഘചാലക് സി ചന്ദ്രശേഖരന്റെ വീട് പൂർണ്ണമായും ബോംബെറിഞ്ഞു തകർത്തു. അദ്ദേഹം പരിക്കുപറ്റി ആശുപത്രിയിലാണ്. അക്രമപരമ്പര തുടരുകയാണ്. നിരവധി പ്രവർത്തകർക്കു പരിക്കേറ്റു. നിരവധി വീടുകളും പാർട്ടി ഓഫീസുകളും വീടുകളും തകർത്തു. പലയിടത്തും എസ്ഡിപിഐ പ്രവർത്തകരും സിപിഎമ്മിനൊപ്പം ചേർന്ന് ഹിന്ദുവേട്ട നടത്തുകയാണ്- സുരേന്ദ്രന്‍ പറഞ്ഞു.
അക്രമികളെ ആരെയും പിടികൂടാത്ത പൊലീസ് സംഘപരിവാർ പ്രവർത്തകരെ വളഞ്ഞിട്ട് പിടിക്കുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീളം. പതിനായിരക്കണക്കിന് ഹിന്ദുസംഘടനാ പ്രവർത്തകരെ ജയിലിലടക്കാൻ ഡിജിപി എല്ലാ പൊലീസ് മേധാവികൾക്കും ഉത്തരവ് നൽകിയിരിക്കുകയാണ്. പൊലീസ് പലയിടത്തും സിപിഎം ഗൂണ്ടകളെപ്പോലെയാണ് പെരുമാറുന്നത്. പ്രതിഷേധക്കാരെ അടിച്ചൊതുക്കി ശബരിമല തകർക്കുക എന്നതാണ് പിണറായി വിജയൻ ലക്ഷ്യമിടുന്നത്. ഈ നീക്കം ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യും- ഫേസ്ബുക്ക് കുറിപ്പില്‍ സുരേന്ദ്രന്‍ ആരോപിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam