
എന്‍.ഡി.എയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഉമ്മന്‍ ചാണ്ടിയെന്ന് കെ.സുരേന്ദ്രന്‍ തിരുവനന്തപുരം; രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ ഉമ്മന്‍ ചാണ്ടിയെ പഴിചാരി ബിജെപി നേതാവ് കെ.സുരേന്ദ്രന്‍.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേരളത്തിലെ എന്‍ഡിഎ മുന്നണിയില്‍ വിള്ളലുണ്ടാക്കാനുള്ള ശ്രമം ശക്തമായിരിക്കുകയാണെന്നും ഇതില്‍ പ്രധാന പങ്കുവഹിക്കുന്നത് ഉമ്മന്‍ചാണ്ടിയും യുഡിഎഫുമാണെന്നും കെ.സുരേന്ദ്രന്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു.
ഒരു പ്രമുഖ മാധ്യമത്തെ കൂട്ടുപിടിച്ച് ഉമ്മന്‍ചാണ്ടി വ്യാജവാര്‍ത്ത പടച്ചു വിട്ടത് ഇതുമായി ബന്ഡപ്പെട്ടാണെന്നും ചെങ്ങന്നൂരില്‍ എന്‍ഡിഎ വിജയിച്ചാല്‍ കോണ്‍ഗ്രസിന് ത്രിപുരയിലെ ഗതിവരുമെന്നും ആ അവസ്ഥയെ തകര്‍ക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ പറയുന്നു.
സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്......
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേരളത്തിലെ എൻ. ഡി. എ മുന്നണിയിൽ വിള്ളലുണ്ടാക്കാനാവുമോ എന്ന പരിശ്രമത്തിലാണ് തൽപ്പര കക്ഷികൾ. ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലം കൂടി പുറത്തു വന്നതോടുകൂടി ഈ നീക്കം കൂടുതൽ ശക്തമായിരിക്കുകയാണ്. ബി. ജെ. പിയുടെ വിജയസാധ്യത മുന്നിൽ കണ്ട് നടത്തുന്ന ഈ നീക്കത്തിൽ പ്രധാന പങ്കുവഹിക്കുന്നത് ഉമ്മൻചാണ്ടിയും യു. ഡി. എഫുമാണ്. ഉമ്മൻചാണ്ടിയുടെ ജീവാത്മാവും പരമാത്മാവുമായ ഒരു മലയാളം ചാനലാണ് ഈ നീക്കത്തിനു ചുക്കാന്‍ പിടിക്കുന്നത്. അവർ മനപ്പൂർവം ഇല്ലാത്ത കഥകൾ പടച്ചുവിടുകയാണ്. ഈ അടുത്ത കാലത്ത് പൊടുന്നനെ അവർ ഒരു കഥ പടച്ചുവിട്ടു. പിന്നീട് അതിൻറെ പേരിൽ ഉപകഥകളും നിറം പിടിപ്പിച്ച നുണകളും പ്രചരിപ്പിച്ചു. എങ്ങനെയെങ്കിലും ബി. ഡി. ജെ. എസ്സിനേയും ബി. ജെ. പിയേയും തമ്മിൽ തെററിക്കണം. ചെങ്ങന്നൂരിൽ എൻ. ഡി. എ വിജയിച്ചാൽ കോൺഗ്രസ്സിന് ത്രിപുരയിലെ ഗതിവരുമെന്ന് അവർക്കറിയാം. ബി. ജെ. പി ബി. ഡി. ജെ. എസ് ഐക്യം കാലഘട്ടത്തിൻറെ അനിവാര്യതയാണ്. അതിനെ തകർക്കേണ്ടത് തങ്ങളുടെ ആവശ്യമാണെന്ന് ഉമ്മൻചാണ്ടിക്കു നല്ല ബോധ്യമുണ്ട്. കോട്ടയം വാർത്ത കോഴിക്കോടുനിന്ന് കൊടുപ്പിച്ചാൽ ആർക്കും മനസ്സിലാവില്ലെന്ന് കരുതരുത്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ചാടിക്കേറി നവമാധ്യമങ്ങളിൽ വികാരപ്രകടനം നടത്തുന്നവർ ഓർക്കുക ഇക്കൂട്ടരുടെ കെണിയിലാണ് നിങ്ങൾ വീഴുന്നതെന്ന്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam