യുഡിഎഫ്-എല്‍ഡിഎഫ് ഘടകക്ഷികളെ ഒപ്പം ചേരാന്‍ ക്ഷണിച്ച് കെ.സുരേന്ദ്രന്‍

By Web DeskFirst Published Mar 4, 2018, 6:53 PM IST
Highlights
  • അനന്തമായ സാധ്യതയാണ് മുന്നിൽ തെളിഞ്ഞിരിക്കുന്നത്. നിങ്ങൾ വന്നാലും ഇല്ലെങ്കിലും നാളെ ബി. ജെ. പിയുടേത് മാത്രമാണ്. അവസരം പ്രയോജനപ്പെടുത്തിയാൽ നിങ്ങൾ പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗങ്ങൾക്കും വലിയ പ്രയോജനം ലഭിക്കും.

കോഴിക്കോട്: ത്രിപുര തിരഞ്ഞെടുപ്പ് ഫലത്തിന്റെ് സ്വാധീനം കേരളത്തിലും വൈകാതെ അനുഭവപ്പെടുമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. എണ്‍പത് ശതമാനത്തിലേറെ ന്യൂനപക്ഷങ്ങളുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ബിജെപിയോടൊപ്പം നില്‍ക്കാന്‍ സാധിക്കുമെങ്കില്‍ ഇവിടെയും എന്തുകൊണ്ടതായിക്കൂടെയെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരേന്ദ്രന്‍ ചോദിക്കുന്നു. 

ഒന്നോ രണ്ടോ മന്ത്രിസ്ഥാനത്തിനപ്പുറം ഇത്രകാലം കൊണ്ടെന്ത് നേടിയെന്ന് കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുമൊപ്പം നില്‍ക്കുന്ന പാര്‍ട്ടികള്‍ ചിന്തിക്കണം. അനന്തമായ സാധ്യതകളാണ് മുന്നില്‍ തെളിഞ്ഞിരിക്കുന്നത്. നിങ്ങള്‍ വന്നാലും ഇല്ലെങ്കിലും നാളെ ബിജെപിയുടേത് മാത്രമാണ്. ഈ അവസരം പ്രയോജനപ്പെടുത്തിയാല്‍ നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗങ്ങള്‍ക്കും വലിയ പ്രയോജനം ലഭിക്കുമെന്നും കേരളത്തിലെ ചെറുകക്ഷികളെ സുരേന്ദ്രന്‍ ഓര്‍മ്മിപ്പിക്കുന്നു.

കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

ത്രിപുര തെരഞ്ഞെടുപ്പ് ഫലം കേരളത്തിന് കണ്ണുതുറക്കാനുള്ള ഒന്നാന്തരം അവസരമാണ്. നാം കൊട്ടിഘോഷിക്കുന്ന വികസനത്തിൻറെ കേരളാമോഡലിൻറെ നിരർത്ഥകത ഒന്നിലേറെ തവണ മലയാളികൾക്ക് ബോധ്യമായതാണ്. മധുവിൻറെ കൊലപാതകം ഒടുവിലത്തെ ഉദാഹരണം മാത്രം. എല്ലാ അവസരങ്ങളുമുണ്ടായിട്ടും ഒന്നും നേടാനാവാതെ കേരളം കിതക്കുന്നതിനു കാരണം ഇവിടുത്തെ നിഷേധാത്മക രാഷ്ട്രീയമല്ലാതെ വേറൊന്നുമല്ല.

പതിററാണ്ടുകളായി ഇവിടെ വേരുറച്ചുപോയ കമ്യൂണിസ്ട് രാഷ്ട്രീയ ശൈലിയാണ് കേരളത്തിൻറെ പിന്നോക്കാവസ്ഥക്കുള്ള യഥാർത്ഥ കാരണം. വികസനവിരുദ്ധമാണ് ഇവിടുത്തെ ഉഛ്വാസവായുപോലും. എല്ലാ രാഷ്ട്രീയ ഭരണസംവിധാനങ്ങളും ഇവിടെ പിൻതുടരുന്നത് ഒരേ ശൈലി തന്നെയാണ്. കോൺഗ്രസ്സ് ഭരിക്കുമ്പോഴും ഇടതുശൈലി തന്നെയാണ് അവരും ആശ്രയിക്കുന്നത്. നല്ലതൊന്നിനേയും ഉൾക്കൊള്ളാൻ നമുക്കു കഴിയുന്നില്ല. ഫലമോ നിരാശരും ഹതാശരുമായി പുതുതലമുറപോലും കഴിഞ്ഞുകൂടേണ്ടിവരുന്നു. മാററം കൊണ്ടുവരാനുള്ള മനസ്സ് ഇടതുപക്ഷത്തിനില്ല.

അഭ്യസ്തവിദ്യരായ പുതുതലമുറയുടെ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ ബി. ജെ. പിക്കുമാത്രമേ ഇനി കഴിയുകയുള്ളൂ. കോൺഗ്രസ്സിൻറേയും കമ്യൂണിസ്ടുകളുടേയും കൂടെ നിൽക്കുന്ന ഘടകകക്ഷികൾ ഒന്നു മാറിച്ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ കേരളത്തിലുള്ളൂ. എൺപതുശതമാനത്തിലധികം മതന്യൂനപക്ഷങ്ങളുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾക്ക് ബി. ജെ. പിയോടൊപ്പം നിൽക്കാൻ കഴിയുമെങ്കിൽ ഇവിടേയും എന്തുകൊണ്ടതായിക്കൂടാ. ഒന്നോ രണ്ടോ മന്ത്രിസ്ഥാനത്തിലപ്പുറം ഇവരൊക്കെ എന്തുനേടി എന്നുള്ളത് പരിശോധിക്കാൻ ഈ കക്ഷികൾ തയ്യാറാവേണ്ട കാലം കഴിഞ്ഞിരിക്കുന്നു. അനന്തമായ സാധ്യതയാണ് മുന്നിൽ തെളിഞ്ഞിരിക്കുന്നത്. നിങ്ങൾ വന്നാലും ഇല്ലെങ്കിലും നാളെ ബി. ജെ. പിയുടേത് മാത്രമാണ്. അവസരം പ്രയോജനപ്പെടുത്തിയാൽ നിങ്ങൾ പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗങ്ങൾക്കും വലിയ പ്രയോജനം ലഭിക്കും.

click me!