'അയ്യപ്പന് വേണ്ടി ഒരായുസ് മുഴുവന്‍ ജയിലില്‍ കിടക്കാം'; റിമാന്‍ഡ് ചെയ്തതില്‍ സുരേന്ദ്രന്‍റെ പ്രതികരണം

Published : Nov 18, 2018, 07:58 AM ISTUpdated : Nov 18, 2018, 08:03 AM IST
'അയ്യപ്പന് വേണ്ടി ഒരായുസ് മുഴുവന്‍ ജയിലില്‍ കിടക്കാം'; റിമാന്‍ഡ് ചെയ്തതില്‍ സുരേന്ദ്രന്‍റെ പ്രതികരണം

Synopsis

ജയിലില്‍ പോകുന്നതിന് യാതൊരു മടിയുമില്ല. ജാമ്യമില്ലാത്ത എന്ത് കുറ്റമാണ് ഞാന്‍ ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. പൊലീസ് മര്‍ദിച്ചതിന്‍റെ ലക്ഷണമാണല്ലോ ഇതെല്ലാമെന്ന് തന്‍റെ ശരീരം കാണിച്ച് സുരേന്ദ്രന്‍ ചോദിച്ചു

പത്തനംതിട്ട: അയ്യപ്പന് വേണ്ടി ഒരായുസ് മുഴുവന്‍ ജയിലില്‍ കിടക്കാന്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്‍. പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്  14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതതിന് ശേഷം പൊലീസ് പുറത്തേക്ക് എത്തിച്ചപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആചാരലംഘനത്തിനിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിനുള്ള പ്രതികാരമാണ് ഈ അറസ്റ്റ്. രാഷ്ട്രീയ പ്രേരിതമാണ് ഈ നടപടികള്‍. പൊലീസിനെ കൊണ്ട് സിപിഎം ചെയ്യിക്കുന്നതാണ് ഇതെല്ലാം. ജയിലില്‍ പോകുന്നതിന് യാതൊരു മടിയുമില്ല. ജാമ്യമില്ലാത്ത എന്ത് കുറ്റമാണ് ഞാന്‍ ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.

പൊലീസ് മര്‍ദിച്ചതിന്‍റെ ലക്ഷണമാണല്ലോ ഇതെല്ലാമെന്ന് തന്‍റെ ശരീരം കാണിച്ച് സുരേന്ദ്രന്‍ ചോദിച്ചു. പവിത്രമായ ഇരുമുടിക്കെട്ട് ജയിലില്‍ സൂക്ഷിക്കാനും രണ്ട് നേരം പ്രാര്‍ഥന നടത്താനുമുള്ള അനുമതി നല്‍കിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. നിലയ്ക്കലിൽ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ ഇന്ന് രാവിലെയാണ്  മജിസ്ട്രേറ്റിന്‍റെ മുന്നില്‍ ഹാജരാക്കിയത്.

ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്ത സുരേന്ദ്രനെതിരെ  പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. റിമാന്‍ഡിലായ സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടുപോയി. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് പ്രതിഷേധദിനം ആചരിക്കും.

രാവിലെ 10 മണി മുതൽ ഒന്നര മണിക്കൂർ ഹൈവേകളിൽ വാഹനങ്ങൾ തടയുമെന്നാണ് ബിജെപി അറിയിച്ചിരിക്കുന്നത്. തനിക്കെതിരെ നടന്നത് മനുഷ്യാവകാശ ലംഘനമാണെന്നും, പൊലീസ് വെള്ളം കുടിക്കാനും മരുന്ന് കഴിക്കാനും അനുവദിച്ചില്ലെന്നും സുരേന്ദ്രൻ ഇതിനിടെ ആരോപണം ഉന്നയിച്ചിരുന്നു. ഇരുമുടിക്കെട്ട് പൊലീസ് നിലത്തിട്ട് ചവിട്ടിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാക് സൈനിക മേധാവി അസിം മുനീറിനെ ആദരിച്ച് സൗദി അറേബ്യ, പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ചു
വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ചു, ചികിത്സയിലിരുന്നയാൾക്ക് ജീവൻ നഷ്ടമായി