
കാസര്‍കോഡ്: മഞ്ചേശ്വരത്ത് കള്ളവോട്ട് രേഖപ്പെടുത്തിയെന്ന് കാണിച്ച് ബി ജെ പി നേതാവ് കെ സുരേന്ദ്രൻ കോടതിയിൽ സമർപ്പിച്ച അഞ്ച് പരേതരിൽ മൂന്ന് പേരും ജീവനോടെ സമൻസ് കൈപ്പറ്റി. തെരഞ്ഞെടുപ്പ്ദിവസം വിദേശത്തായിരുന്നെന്ന് ആരോപിച്ച ചിലർ ഇതുവരെ സ്വദേശം വിട്ടു പുറത്ത് പോയിട്ടില്ല. സുരേന്ദ്രൻ സമർപ്പിച്ച കള്ളവോട്ട് ലിസ്റ്റിൽ ന്യൂനപക്ഷ മോർച്ചാ മുൻ നേതാവുമുണ്ട്.
ഇത് മഞ്ചേശ്വരം ഉപ്പള സ്വദേശി അബ്ദുല്ല. പരേതന്‍ വോട്ട് രേഖപ്പെടുത്തിയെന്ന് ആരോപിച്ച് കെ സുരേന്ദ്രന്‍ ഫയല്‍ ചെയ്ത കേസിൽ ഹൈക്കോടതി സമന്‍സയച്ച അഞ്ചിലൊരാൾ. അബ്ദുല്ലയെകൂടാതെ വോര്‍ക്കാടി സ്വദേശി അഹ്‌മദ് കുഞ്ഞി, ഇച്ചിലംപാടി സ്വദേശി ആയിശ, എന്നിവർക്കാണ് ഇതുപൊലെ സമൻസെത്തിയിരിക്കുന്നത്.
ഈ ലിസ്റ്റിൽ ആയിശയുടെ പേര് രണ്ടിടത്ത് കാണാം. ബാംഗ്രമഞ്ചേശ്വർ സ്വദേശി ഹാജി അഹമ്മദ് ബാവ തെരഞ്ഞെടുപ്പിന് മുമ്പേ മരിച്ചതാണ്, വോട്ട് രേഖപ്പെടുത്താത്ത ഇദ്ദേഹത്തിന്റെ പേരും ലിസ്റ്റിലുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് വിദേശത്താണെന്ന് സുരേന്ദ്രൻ പറയുന്ന ബാക്രബയലിലെ അനസും ഉപ്പളയിലെ അബ്ദുറഹ്മാനും ഇതുവരെ വിദേശ യാത്ര നടത്തിയിട്ടില്ലെന്ന് പാസ്പോര്‍ട്ട് രേഖകള്‍ തെളിയിക്കുന്നു.
വിദേശത്തുള്ളവരുടെ പേരിൽ കള്ളവോട്ട് ചെയ്തെന്ന് സുരേന്ദ്രൻ ആരോപിക്കുന്നവരിൽ ന്യൂനപക്ഷ മോർച്ചാ ഭാരവാഹിയായിരുന്ന അഷ്റഫുമുണ്ട്. മഞ്ചേശ്വര്ത്ത് 259 കള്ള വോട്ട് നടന്നെന്നും ഇതിൽ 197 വോട്ട് വിദേശത്തായിരുന്നവരുടേതാണെന്നുമാണ് സുരേന്ദ്രന്റെ വാദം. പരിശോധിച്ച 26 ൽ 20 പേരും തെരഞ്ഞെടുപ്പ് സമയത്ത് വിദേശത്തായിരുന്നെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ബാക്കിയുള്ളവരുടെ പരിശോധന തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam