
തിരുവനന്തപുരം: സ്കൂൾ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റത്തിനും കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് സർക്കാർ മരവിപ്പിച്ചു. അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് തീരുമാനം. സർവീസിലുളളവർക്കായി ഫെബ്രുവരിയിൽ നടക്കുന്ന പ്രത്യേക പരീക്ഷയ്ക്ക് ശേഷം പുതിയ ഉത്തരവിറക്കുമെന്ന് മന്ത്രി വി.ശിവൻ കുട്ടി പറഞ്ഞു. കെ ടെറ്റ് നിർബന്ധമാക്കിയ സുപ്രീം കോടതി വിധിക്കെതിരെ സർക്കാർ ഉടൻ പുനഃപരിശോധന ഹർജി നൽകും.
കെ ടെറ്റ് ഉത്തരവിൽ രണ്ടാം ദിനമാണ് സർക്കാരിന്‍റെ യു ടേൺ. ഇടത് അധ്യാപക സംഘടന കെഎസ്ടിഎ ഉൾപ്പെടെ പരാതിപ്പെട്ടതോടെയാണ് പിന്നോട്ടുപോക്ക്. കെ ടെറ്റ് നിർബന്ധമാക്കിയ സെപ്തംബറിലെ സുപ്രീം കോടതി വിധി നടപ്പാക്കാനാണ് സർക്കാർ ഉത്തരവിറക്കിയത്. ഹൈസ്കൂൾ അധ്യാപകർക്ക് പ്രധാനാധ്യാപകരാകൻ കെ ടെറ്റ് വേണമെന്നും നെറ്റും പിഎച്ച്ഡിയുമുൾപ്പെടെ ഉയർന്ന യോഗ്യതയുളളവർക്ക് ഇളവില്ലെന്നും വ്യക്തമാക്കി.
തുടര്‍ന്ന് സർക്കാർ ആക്ഷൻ, അധ്യാപക സംഘടനകൾ എതിർത്തു. അഞ്ച് വർഷത്തിലധികം സർവീസ് ബാക്കിയുളള നാൽപ്പതിനായിരത്തോളം അധ്യാപകർക്ക് കെ ടെറ്റില്ലെങ്കിൽ സ്ഥാനക്കയറ്റവും ആനുകൂല്യവും നഷ്ടമാകുന്ന സ്ഥിതിയാണ്. ഇവർക്കായി ഫെബ്രുവരിയിൽ പ്രത്യേക പരീക്ഷ നടക്കാനിരിക്കുന്നു. കോടതി വിധിക്കെതിരെ പുനപരിശോധന ഹർജി നൽകാനിരിക്കുന്നു.
ഇതിനിടെ ആശയക്കുഴപ്പമുണ്ടാക്കുന്ന ഉത്തരവ് എന്തിനെന്ന് ചോദ്യമുയർന്നു. ഫെബ്രുവരിയിലെ പരീക്ഷയ്ക്ക് ശേഷം പുതുക്കിയ ഉത്തരവ് ഇറക്കാനാണ് സർക്കാർ തീരുമാനം. സ്ഥാനക്കയറ്റ നിബന്ധനകളിൽ വ്യക്തത വരുത്തും. പുതിയ നിയമന വ്യവസ്ഥകളിൽ മാറ്റം വരില്ല. കെ ടെറ്റില്ലാതെ സർവീസിലുളള അധ്യാപകർക്ക് അത് നേടാതെ മറ്റ് വഴികളില്ല. നാൽപ്പതിനായിരത്തോളം പേരെ പാസാക്കിയെടുക്കാൻ, എളുപ്പമാക്കേണ്ടി വരും പരീക്ഷ. അധ്യാപക യോഗ്യതാ ഗുണനിലവാരം ചോദ്യം ചെയ്യപ്പെടാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam