
തിരുവനന്തപുരം: ശബരിമലയില്‍ അയ്യപ്പ ഭക്തർ വിശ്രമിക്കാതിരിക്കാൻ സര്‍ക്കാര്‍ ഫയർഫോഴ്സിനെ കൊണ്ട് വെള്ളം ചീറ്റി നടപ്പന്തല്‍ ഉള്‍പ്പെടെ നനയ്ക്കുകയാണെന്ന പ്രചരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഫേസ് ബുക്ക് പോസ്റ്റ്. ഈ വാദം ഉന്നയിച്ച എന്‍ കെ പ്രേമചന്ദ്രന്‍ എം പിക്കാണ് വീഡിയോ ഉള്‍പ്പെടെ ചേര്‍ത്ത് മന്ത്രി മറുപടി നല്‍കിയത്.
വർഷങ്ങളായി സന്നിധാനവും പരിസരവും നടപന്തലുമൊക്കെ ഫയർഫോഴ്സിന്റെ സഹായത്തോടെയാണ് കഴുകി വൃത്തിയാക്കുന്നതെന്നും അത് അയ്യപ്പഭക്തരെ വിശ്രമിക്കാൻ അനുവദിക്കാതിരിക്കുന്നതിന് ചെയ്യുന്നതാണെന്ന് മന:പൂർവം ആരോപിക്കാന്‍ വർഗീയത ബാധിച്ചവർക്ക് മാത്രമേ കഴിയൂവെന്നും മന്ത്രി വ്യക്തമാക്കുന്നു. ഫേസ്ബുക്കിലും വാട്സ് ആപ്പിലും ചിലർ നടത്തുന്ന വ്യാജ പ്രചാരണം അതേപടി ഏറ്റുപിടിക്കുന്നത് ശരിയാണോയെന്ന് എം പി എന്ന നിലയിൽ മാത്രമല്ല മുൻ മന്ത്രി എന്ന പരിചയ സമ്പത്തിന്റെ അടിസ്ഥാനത്തിൽ കൂടി ചിന്തിക്കണമെന്നും എന്‍ കെ പ്രേമചന്ദ്രനോട് മന്ത്രി പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു. പോസ്റ്റിന്‍റെ പൂര്‍ണ രൂപം.
ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ ശ്രീ. എൻ കെ പ്രേമചന്ദ്രൻ എംപിയുടെ വാദമുഖങ്ങളിൽ കേട്ട ഒരു കാര്യം ഞെട്ടിക്കുന്നതായിരുന്നു. അയ്യപ്പ ഭക്തർ വിശ്രമിക്കാതിരിക്കാൻ ഫയർഫോഴ്സിനെ കൊണ്ട് വെള്ളം ചീറ്റി നനയ്ക്കുന്നുവെന്ന് അദ്ദേഹം ആരോപിക്കുന്നു. ഫേസ്ബുക്കിലും വാട്സ് ആപ്പിലും ചിലർ നടത്തുന്ന വ്യാജ പ്രചാരണം അതേപടി ഏറ്റുപിടിക്കുന്നത് ശരിയാണോയെന്ന് ശ്രീ. പ്രേമചന്ദ്രൻ ഒരു എം പി എന്ന നിലയിൽ മാത്രമല്ല മുൻ മന്ത്രി എന്ന പരിചയ സമ്പത്തിന്റെ അടിസ്ഥാനത്തിൽ കൂടി ചിന്തിക്കണം. വർഷങ്ങളായി സന്നിധാനവും പരിസരവും നടപന്തലുമൊക്കെ ഫയർഫോഴ്സിന്റെ സഹായത്തോടെയാണ് കഴുകി വൃത്തിയാക്കുന്നത്. അത് അയ്യപ്പഭക്തരെ വിശ്രമിക്കാൻ അനുവദിക്കാതിരിക്കുന്നതിന് ചെയ്യുന്നതാണെന്ന് മന:പൂർവം ആരോപിക്കുന്നതിന് വർഗീയത ബാധിച്ചവർക്ക് മാത്രമേ കഴിയൂ. കഴിഞ്ഞ വർഷത്തെ ഒരു മണ്ഡലകാല ചിത്രം കൂടി പോസ്റ്റ് ചെയ്യുന്നു. കണ്ണ് തുറന്ന് കാണുക. മുൻപൊന്നും നടപന്തൽ കഴുകാറില്ലെന്ന് പറയുന്നവർക്കായി കഴിഞ്ഞ വർഷത്തെ വീഡിയോ ദൃശ്യങ്ങളുടെ യൂ ട്യൂബ് ലിങ്കുമുണ്ട്. നടപന്തലടക്കം കഴുകി വൃത്തിയാക്കുന്നത് എത്രയോ കാലമായി ചെയ്യുന്നതാണെന്ന് പോലുമറിയാതെ കുപ്രചാരണം നടത്തുന്നവരുടെ കെണിയിൽ വീണവർ യാഥാർത്ഥ്യം തിരിച്ചറിയാൻ 2017 നവംബറിൽ അപ് ലോഡ് ചെയ്ത ഈ വീഡിയോ ലിങ്ക് കൂടി തുറന്ന് കാണുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam