അതിക്രമങ്ങളെ എതിര്‍ക്കുന്നവരുടെ ജീവന്‍ അപകടത്തിലെന്ന് കൈലാഷ് സത്യാര്‍ത്ഥി

By Web DeskFirst Published Sep 12, 2017, 6:20 AM IST
Highlights

തിരുവനന്തപുരം: രാജ്യത്തെ അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരുടെ ജീവന്‍ പോലും അപകടത്തിലാണെന്ന് ഗൗരി ലങ്കേഷിന്റെ കൊലപാതകം തെളിയിക്കുന്നുവെന്ന് നൊബേല്‍ പുരസ്‌കാര ജേതാവ് കൈലാഷ് സത്യാര്‍ത്ഥി. ഗുഡ്ഗാവില്‍ രണ്ടാംക്ലാസുകാരനെ കഴുത്തറുത്ത് കൊന്ന കേസില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ച സുപ്രീംകോടതി നടപടി സ്വാഗതാര്‍ഹമെന്നും സത്യാര്‍ത്ഥി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഗുരുഗ്രാമിലെ റയന്‍ സ്‌കൂള്‍ വിദ്യാര്‍ഥി പ്രദ്യുമന്‍ ഠാക്കൂറിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ലെന്ന് കൈലാഷ് സത്യാര്‍ത്ഥി പറഞ്ഞു. സ്വന്തം വീട് പോലെ സ്‌കൂളുകളിലും കുട്ടികള്‍ സുരക്ഷിതരായിരിക്കണം. നിയമങ്ങള്‍ കര്‍ശനമാകണം, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും വരെ പോരാടാന്‍ സമൂഹം തയ്യാറാകണം. വെറുതെ കാഴ്ചക്കാരി ഇനിയുമിരിക്കരുത് ദുരന്തം നാളെ നിങ്ങളുടെ വീട്ടിലുമെത്താമെന്ന് അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ച സംഭവം ഞെട്ടിച്ചു. പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്തുന്നത് കൊണ്ടാണ് ഇത്തരം ക്രൂരതകള്‍ ആവര്‍ത്തിക്കുന്നത്. സമൂഹത്തിന്റെ പിന്തുണ തേടിയാണ് താന്‍ ബാലപീഡനത്തിനും അതിക്രമങ്ങള്‍ക്കുമെതിരെ ഭാരത യാത്ര നടത്തുന്നതെന്ന് കൈലാഷ് സത്യാര്‍ത്ഥി പറ‌ഞ്ഞു..

കന്യാകുമാരിയില്‍ നിന്നും ദില്ലി വരെ, ബാലപീഡനത്തിന് ഇരയായ കുട്ടികളെയടക്കം പങ്കെടുപ്പിക്കുന്ന ഭാരതയാത്ര 22 സംസ്ഥാനങ്ങളില്‍ ഭാരതയാത്ര പര്യടനം നടത്തും. മനുഷ്യക്കടത്തിനെതിരെയും, കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കുമെതിരെ പാര്‍ലമെന്റ് ശക്തമായ നിയമം പാസാക്കണമെന്നാണ് ഈ യാത്രയിലൂടെ അവശ്യപ്പെടുന്നത്.

click me!