തമിഴ്‌നാട്ടില്‍ നിര്‍ണായക രാഷ്‌ട്രീയ നീക്കങ്ങള്‍; ശശികലയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയേക്കും

Web Desk |  
Published : Sep 12, 2017, 06:03 AM ISTUpdated : Oct 04, 2018, 06:50 PM IST
തമിഴ്‌നാട്ടില്‍ നിര്‍ണായക രാഷ്‌ട്രീയ നീക്കങ്ങള്‍; ശശികലയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയേക്കും

Synopsis

ചെന്നൈ: അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി കെ ശശികലയെ പുറത്താക്കാനുള്ള ജനറല്‍ കൗണ്‍സില്‍ യോഗം ഇന്ന് ചെന്നൈയില്‍ ചേരും. യോഗം സ്റ്റേ ചെയ്യാനാകില്ലെന്ന മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരി വെച്ചു. അതേസമയം, മുഖ്യമന്ത്രി പദവിയില്‍ നിന്ന് മാറിയില്ലെങ്കില്‍ സര്‍ക്കാരിനെ താഴെ വീഴ്ത്താനും മടിയ്ക്കില്ലെന്ന് ടി ടി വി ദിനകരന്‍ എടപ്പാടി പളനിസ്വാമിക്ക് അന്ത്യശാസനം നല്‍കി.

അണ്ണാ ഡിഎംകെയുടെ നിര്‍ണായക ജനറല്‍ കൗണ്‍സില്‍ യോഗം നടത്തുന്നതുമായി ബന്ധപ്പെട്ട് നിയമയുദ്ധമാണ് നടന്നത്. ജനറല്‍ സെക്രട്ടറിയ്ക്ക് മാത്രം വിളിച്ചു ചേര്‍ക്കാവുന്ന ജനറല്‍ കൗണ്‍സില്‍ പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായി മുഖ്യമന്ത്രിയ്ക്ക് വിളിച്ചുചേര്‍ക്കാനാകില്ലെന്നും പാര്‍ട്ടിയുടെ പേരും ചിഹ്നവും ഇപ്പോഴും തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ തര്‍ക്കത്തിലാണെന്നും പറഞ്ഞാണ് ദിനകരന്‍ പക്ഷം മദ്രാസ് ഹൈക്കോടതിയ്ക്ക് മുന്നിലെത്തിയത്. സിംഗിള്‍ ബെഞ്ച് ആദ്യം കേസ് പരിഗണിച്ചു. ദിനകരന്‍ പക്ഷത്തെ എംഎല്‍എ വെട്രിവേലിന് ജസ്റ്റിസ് സി വി കാര്‍ത്തികേയന്റെ സിംഗിള്‍ ബെഞ്ചില്‍ നിന്ന് രൂക്ഷവിമര്‍ശനങ്ങളാണ് കേള്‍ക്കേണ്ടി വന്നത്. പാര്‍ട്ടി കാര്യങ്ങളില്‍ പരാതിയുണ്ടെങ്കില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിയ്ക്കണമെന്ന് കോടതി വ്യക്തമാക്കി. കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് എംഎല്‍എയ്ക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഉടനെ പുനഃപരിശോധനാ ഹര്‍ജിയുമായി ദിനകരന്‍ പക്ഷം ചീഫ് ജസ്റ്റിസിനെ സമീപിച്ചു. ചീഫ് ജസ്റ്റിസാകട്ടെ ഹര്‍ജി ഡിവിഷന്‍ ബെഞ്ചിലേയ്ക്ക് മാറ്റി. കോടതി സമയം കഴിഞ്ഞും ഡിവിഷന്‍ ബെഞ്ചില്‍ വാദം നടക്കുമ്പോള്‍ നാടകീയമായി ബംഗലുരു സിറ്റി സിവില്‍ കോടതിയില്‍ നിന്ന് ജനറല്‍ കൗണ്‍സില്‍ യോഗം സ്റ്റേ ചെയ്തതായി ഉത്തരവ് വന്നു. അണ്ണാ ഡിഎംകെ കര്‍ണാടക പാര്‍ട്ടി സെക്രട്ടറി പുകഴേന്തിയാണ് ബംഗലുരുവില്‍ കോടതിയെ സമീപിച്ചത്. ഒടുവില്‍ ഏറെ നേരത്തെ ആശയക്കുഴപ്പത്തിന് ശേഷം മദ്രാസ് ഹൈക്കോടതി ഇപിഎസ്ഒപിഎസ് പക്ഷങ്ങള്‍ക്ക് അനുകൂലമായി വിധി പറഞ്ഞു. യോഗം സ്റ്റേ ചെയ്യാനാകില്ല. എന്നാല്‍ ഹര്‍ജി തള്ളുന്നുമില്ല. ഇനി കേസ് പരിഗണിയ്ക്കുന്നത് ഈ മാസം 23 നാണ്. വിധി കേട്ട ടിടിവി ദിനകരന്‍ കടുത്ത തീരുമാനങ്ങളെടുക്കുമെന്ന സൂചനയാണ് നല്‍കിയത്. ഇനി പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ഭാവി  2780 അംഗങ്ങളുള്ള ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിയ്ക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നീന്തൽ കുളത്തിൽ ഉണ്ടായ അപകടം; മസ്തിഷ്ക മരണം സംഭവിച്ച യുവഡോക്ടറുടെ അവയവങ്ങൾ ദാനം ചെയ്യും
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സമയങ്ങളിൽ നാളെ മുതൽ മാറ്റങ്ങൾ; കേരളത്തിലെ സർവീസുകളുടെ വിവരങ്ങൾ അറിയാം