കമൽഹാസൻ യുപിഎ അധ്യക്ഷ സോണിയ ​ഗാന്ധിയെ സന്ദർശിച്ചു

By Web DeskFirst Published Jun 21, 2018, 4:20 PM IST
Highlights
  • കമൽ യുപിഎ അധ്യക്ഷ സോണിയ ​ഗാന്ധിയെ സന്ദർശിച്ചു
  • ഒരു കുടുംബമായതിനാലാണ് ഇരുവരുമായും കൂടിക്കാഴ്ച നടത്തിയതെന്ന് കമൽ

ദില്ലി: കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ​ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കമൽഹാസൻ യുപിഎ അധ്യക്ഷ സോണിയ ​ഗാന്ധിയെ സന്ദർശിച്ചു. തന്റെ പുതിയ പാർട്ടിയായ മക്കൾ നീതി മയ്യത്തിന്റെ രജിസ്ട്രേഷൻ സംബന്ധിച്ച കാര്യങ്ങൾക്ക് വേണ്ടിയാണ് കമൽ ഡൽഹിയിലെത്തിയത്. മടങ്ങിപ്പോരാൻ നേരം ഇന്ന് രാവിലെ സോണിയ ​ഗാന്ധിയുമായി കമൽ കൂടിക്കാഴ്ച നടത്തി. എന്നാൽ പാർ‌ട്ടി വികസനത്തിന് വേണ്ടിയല്ല ഈ സന്ദർശനം എന്നാണ് കമലിന്റെ വെളിപ്പെടുത്തൽ. 

ഡൽഹിയിലെ മറ്റ് നേതാക്കളെയൊന്നും കമൽ സന്ദർശിച്ചില്ല. കോൺ​ഗ്രസ് നേതാക്കൾ എന്നതിലുപരി ഒരു കുടുംബമായതിനാലാണ് അവർ ഇരുവരുമായി കൂടിക്കാഴ്ച നടത്തിയതെന്ന് കമൽ വിശദമാക്കി. തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചാണ് സംസാരിച്ചത്. കൂടുതലും പൊതുവായ കാര്യങ്ങള‌ായിരുന്നു. ഇതിനിടയിൽ ബിജെപി അം​ഗങ്ങളല്ലാത്ത രാഷ്ട്രീയ സുഹൃത്തുക്കളുമായി കമൽ കൂടിക്കാഴ്ച നടത്തിയിരുന്നതായി ഔദ്യോ​ഗിക വൃത്തങ്ങൾ പറയുന്നു. കഴിഞ്ഞ മാസം കർണാടക മുഖ്യമന്ത്രി കുമാരസ്വാമിയുമായിട്ടായിരുന്നു കൂടിക്കാഴ്ച. 

അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ അധികാരത്തിലേറിയ ആം ആദ്മി പാർട്ടി തീർത്തും അഴിമതി വിരുദ്ധ നേതൃത്വവുമായാണ് അധികാരത്തിലേറിയത്. അതുകൊണ്ട് തന്ന പൊതുജനങ്ങളിൽ സ്വാധീനം സൃഷ്ടിക്കാൻ ആം ആദ്മിക്ക് സാധിച്ചു. ആം ആദ്മിയുടെ പാതയിലൂടെ സഞ്ചരിക്കാനാണ് കമലിന്റെയും ലക്ഷ്യമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ പറയുന്നത്.  അരവിന്ദ് കെജ്രിവാൾ ചികിത്സയിലായിരുന്നത് കൊണ്ടാണ് അ​ദ്ദേഹത്തെ സന്ദർശിക്കാൻ സാധിക്കാതിരുന്നതെന്ന് കമൽ വ്യക്തമാക്കി. ഇവർ തമ്മിൽ ഫോണിൽ സംസാരിച്ചിരുന്നു. 

മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണവും ഡിഎംകെ നേതാവ് കരുണാനിധിയുടെ ശാരീരിക അവശതയും തമിഴ്നാട് രാഷ്ട്രീയത്തെ ദുർബലമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തമിഴ് സിനിമയിലെ സൂപ്പർതാരങ്ങളും ജനസമ്മതരുമായ കമൽഹാസനും രജനീകാന്തും പുതിയ പാർട്ടിയുമായി രം​ഗപ്രവേശം ചെയ്യാൻ തയ്യാറെടുക്കുന്നത്. 
 

click me!