ഉത്തരേന്ത്യൻ മോഡൽ ബുൾഡോസർ നീതി ദക്ഷിണേന്ത്യയിലേക്ക് ചുവടുവച്ചു വരുമ്പോൾ അതിന്റെ കാർമ്മികത്വം കർണാടകയുടെ ഭരണനേതൃത്വത്തിലുള്ള കോൺഗ്രസ്സിനാണ് എന്നത് ആശ്ചര്യകരമാണ്, എന്തുപറഞ്ഞ് കോൺഗ്രസ് ഇതിനെ ന്യായീകരിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു

തിരുവനന്തപുരം: ബെംഗളൂരുവിലെ ബുൾഡോസർ നടപടിയിൽ കർണാടക സർക്കാരിനെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ഫക്കീർ കോളനിയും വസീം ലേഔട്ടും ബുൾഡോസർ വെച്ചു തകർത്ത നടപടി അങ്ങേയറ്റം ഞെട്ടലും വേദനയുമുളവാക്കുന്നതാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യയിൽ സംഘപരിവാർ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കർണാടകയിൽ കണ്ടതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യൻ മോഡൽ ബുൾഡോസർ നീതി ദക്ഷിണേന്ത്യയിലേക്ക് ചുവടുവച്ചു വരുമ്പോൾ അതിന്റെ കാർമ്മികത്വം കർണാടകയുടെ ഭരണനേതൃത്വത്തിലുള്ള കോൺഗ്രസ്സിനാണ് എന്നത് ആശ്ചര്യകരമാണ്. ഇങ്ങനെ ബലംപ്രയോഗിച്ച് ജനങ്ങളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതിനെ എന്തുപറഞ്ഞാണ് കോൺഗ്രസ് ന്യായീകരിക്കുകയെന്ന ചോദ്യവും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ ഉന്നയിച്ചു.

മുഖ്യമന്ത്രിയുടെ കുറിപ്പ്

കർണാടകയുടെ തലസ്ഥാന നഗരിയിൽ മുസ്ലിം ജനത വർഷങ്ങളായി താമസിച്ചുവരുന്ന ഫക്കീർ കോളനിയും വസീം ലേഔട്ടും ബുൾഡോസർ വെച്ചു തകർത്ത നടപടി അങ്ങേയറ്റം ഞെട്ടലും വേദനയുമുളവാക്കുന്നതാണ്. ഉത്തരേന്ത്യയിൽ സംഘപരിവാർ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കർണാടകയിൽ കണ്ടത്. കൊടുംതണുപ്പിൽ ഒരു ജനതയാകെ തെരുവിലിറക്കപ്പെട്ട് പലായനം ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ്. ഉത്തരേന്ത്യൻ മോഡൽ ബുൾഡോസർ നീതി ദക്ഷിണേന്ത്യയിലേക്ക് ചുവടുവച്ചു വരുമ്പോൾ അതിന്റെ കാർമ്മികത്വം കർണാടകയുടെ ഭരണനേതൃത്വത്തിലുള്ള കോൺഗ്രസ്സിനാണ് എന്നത് ആശ്ചര്യകരമാണ്. പാവപ്പെട്ടവർക്ക് കിടപ്പാടം ഒരുക്കി കൊടുക്കാനും ഒരാളെയും താമസസ്ഥലത്തുനിന്ന് ഇറക്കി വിടാതിരിക്കാനും മുൻകൈയെടുക്കേണ്ട ഭരണാധികാരികൾ തന്നെ ഇങ്ങനെ ബലംപ്രയോഗിച്ച് കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതിനെ എന്തുപറഞ്ഞാണ് കോൺഗ്രസ് ന്യായീകരിക്കുക?

വിമർശിച്ച് ഡി വൈ എഫ് ഐ

നേരത്തെ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും ബെംഗളൂരുവിലെ ബുൾഡോസർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. യോഗിയുടെ ബുൾഡോസർ രാജ് കോൺഗ്രസിലൂടെ കർണ്ണാടകയിലെത്തി നിൽക്കുകയാണെന്നാണ് സനോജ് ചൂണ്ടിക്കാട്ടിയത്. യോഗിയുടെ ബുൾഡോസർ രാജ് കോൺഗ്രസിലൂടെ കർണ്ണാടകയിലെത്തി നിൽക്കുകയാണ്. ബാംഗ്ലൂർ നഗരത്തിലെ യലഹങ്കയിൽ മൂവായിരത്തോളം മുസ്ലിങ്ങൾ താമസിക്കുന്ന ഫക്കീർ കോളനിയിലും, വസീം ലേഔട്ടിലുമുള്ള അഞ്ഞൂറോളം വീടുകളാണ് കഴിഞ്ഞ ദിവസം പുലർച്ചെ കർണാടക പൊലീസും അധികൃതരും ബുൾഡോസർ വെച്ച് ഇടിച്ചു നിരത്തി പൊളിച്ചു മാറ്റിയതെന്നും സനോജ് കൂട്ടിച്ചേർത്തു. സിദ്ധരാമയ്യയ സർക്കാരിന്റെ പോലീസ് മൂന്ന് പതിറ്റാണ്ടിലേറെ അവിടെ താമസിച്ചുവരുന്ന മൂവായിരത്തിലധികം മനുഷ്യരെ ഒരു മുന്നറിയിപ്പുമില്ലാതെ, പുലർച്ചെ തെരുവിലേക്ക് തള്ളി വിട്ടു, അവരുടെ കൂരകൾ ബുൾഡോസർ വച്ച് പൊളിച്ചടുക്കി. കോൺഗ്രസുകാരും ലിബറലുകളും നിരന്തരം പാടുന്ന രാഹുൽ ഗാന്ധിയുടെ 'സ്നേഹത്തിന്റെ കട' ഇങ്ങനെയൊക്കെയാണ് സ്നേഹം പ്രകടിപ്പിക്കുന്നത്. അടിയന്തരാവസ്ഥ കാലത്ത് ഡൽഹിയിലെ ചേരികളിൽ താമസിക്കുന്ന ദരിദ്ര മനുഷ്യർ ദില്ലിയുടെ സൗന്ദര്യം നശിപ്പിക്കുന്നു എന്ന് തോന്നിയപ്പോൾ ഇന്ദിരാ മകൻ സഞ്ജയ്‌ ഇതുപോലെ ആയിരക്കണക്കിന് മനുഷ്യരുടെ കൂരകൾ ഇല്ലാതാക്കി അപ്പാവികളായ മനുഷ്യരെ ആട്ടിയോടിച്ചത് അടിയന്തരാവസ്ഥ ചരിത്രത്തിന്റെ കറുത്ത അധ്യായങ്ങളിലുണ്ട്. അത് സഞ്ജയ്‌ ഗാന്ധിയിലൊതുങ്ങുന്നതല്ലെന്ന് കോൺഗ്രസ് പലവട്ടം പിന്നീടും തെളിയിച്ചിട്ടുണ്ടെന്നും സനോജ് ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളായി വൈദ്യുതി ബില്ലും, വെള്ളക്കരവുമൊക്കെ അടച്ച് പോരുന്ന ഈ മനുഷ്യർ അവിടെ അനധികൃത തമാസക്കാരാണെന്നാണ് സിദ്ധരാമായ സർക്കാർ ഭാഷ്യം. കേരളത്തിൽ പട്ടിണി കിടക്കേണ്ടി വരുന്ന അവസാന മനുഷ്യനേയും കണ്ടെത്തി അവർക്ക് ആവശ്യമായ രേഖകൾ നിർമ്മിച്ചു നൽകി അന്തസ്സുള്ള ജീവിതം നൽകി പൊതുസമൂഹത്തിന്റെ ഭാഗമാക്കാൻ ഒരു സർക്കാർ സംവിധാനം ആകെ പ്രവർത്തിച്ച് കേരളം അതി ദാരിദ്ര മുക്തമായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ അതിനെ പരിഹസിച്ചു നടന്ന കോൺഗ്രസുകാരുടെ സ്വന്തം സർക്കാരാണ് പാവപ്പെട്ട മൂവായിരത്തോളം മുസ്ലീം ജനതയെ ദയയില്ലാതെ തെരുവിലിറക്കി വിട്ടത് എന്നോർക്കണം. അതും അവരുടെ തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ എല്ലാം ഉപജീവന സാമഗ്രികളും മണ്ണിനടിയിലാക്കി കൊണ്ട്. കർണ്ണാടക നിയമ സഭക്കകത്ത് ആർ.എസ്‌.എസിന്റെ ഗണഗീതം പാടിയ ഡി.കെ ശിവകുമാറാണ് കർണ്ണാടക കോൺഗ്രസ് അധ്യക്ഷനും ബാഗ്ലൂർ വികസന അതോറിറ്റിയുടെ ചുമതലക്കാരനും. കോർപ്പറേറ്റ് മാഫിയകൾക്ക് വേണ്ടി ആയിരക്കണക്കിന് പാവപ്പെട്ട ജനതയെ തെരുവിലിറക്കാൻ യു.പിയിലെ യോഗിക്കും കർണ്ണാടകയിലെ സിദ്ധുവിനും ഡി.കെക്കുമൊക്കെ ഒരേ ആവേശമാണ്. ഇവിടെ ഇരയാക്കപ്പെടുന്നവരിൽ ഭൂരിപക്ഷം പാവപ്പെട്ട മുസ്ലീം ജനതയും. ഇരുപത്തി നാല് മണിക്കൂർ എന്നോളം സംഘപരിവാറിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പോരാടുന്ന കമ്യൂണിസ്റ്റ് പാർടിയെ സിജെപി എന്ന് ചാപ്പയടിക്കുന്ന കേരളത്തിലെ സമുദായ സംരക്ഷണ പാർടി എന്നവകാശപ്പെടുന്ന മുസ്ലീം ലീഗോ, ഐക്യ ജമായത്തെ മുന്നണി നേതാക്കളോ ഇതിനെതിരെ കാമാ എന്നൊരക്ഷരം മിണ്ടിയിട്ടില്ല. ജമാ അത്തെ ഇസ്ലാമിയുടെ ഇരുട്ട് മുറി ഭടന്മാർ സിദ്ധാരമയ്യ സർക്കാരിന്റെ ഈ മുസ്ലീം വേട്ട എങ്ങനെ സൈദ്ധാന്തിക ഭാഷയിൽ അവതരിപ്പിച്ച് അന്റാർട്ടിക്ക വരെ കയറിയിറങ്ങി എങ്ങനെ കോൺഗ്രസിനെ രക്ഷിച്ചെടുക്കാം എന്ന ആലോചനയിലാവുമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി പരിഹസിച്ചു.