
ഇടുക്കി: കമ്പകക്കാനം കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി അനീഷിനെ ഇന്നലെ രാത്രി പന്ത്രണ്ടോടെയാണ് കാളിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നേര്യമംഗലത്ത് സുഹൃത്തിന്‍റെ വാടക വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന പ്രതിയെ വീടുവളഞ്ഞാണ് പൊലീസ് പിടികൂടിയത്.
ദുര്‍മന്ത്രവാദത്തിന്‍റെ പേരില്‍ നാലംഗ കുടുംബത്തെ അതിദാരുണമായി കൊലപ്പെടുത്തിയ കേസില്‍ മുഖ്യ ആസൂത്രകന്‍ അനീഷാണ്. കൃത്യത്തില്‍ അനീഷിന്‍റെ സഹായിയായി പ്രവര്‍ത്തിച്ച കൂട്ടുകാരന്‍ ലിബീഷിനെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. ലിബീഷിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് അനീഷിനെക്കുറിച്ച് കൂടുതല്‍ വിവരം ലഭിച്ചത്.
കമ്പകക്കാനം കാനാട്ട് കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്‍ജുന്‍ എന്നിവരെ കഴിഞ്ഞ ബുധനാഴ്ചയാണ് വീടിനു പിന്നിലെ ആട്ടിന്‍ കൂടിനു സമീപം കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തിയത്. കൃഷ്ണനുമായി ബന്ധപ്പെട്ട നൂറോളം പേരെ ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നും ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസിന്‍റെ അന്വേഷണം പ്രതികളായ അനീഷിലേക്കും ലിബീഷിലേക്കും എത്തി. കഴിഞ്ഞ 29 നു രാത്രി ഇരുവരും ചേര്‍ന്ന് കൃഷ്ണനെയും കുടുംബത്തെയും വകവരുത്തുകയായിരുന്നെന്ന് കഴിഞ്ഞ ദിവസം പിടിയിലായ കൂട്ടുപ്രതി വെളിപ്പെടുത്തിയിരുന്നു. അനീഷാണ് കൊലപാതകത്തിന് മുന്‍കൈ എടുത്തതെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
കൊല്ലപ്പെട്ട മന്ത്രവാദി കൃഷ്ണന്‍റെ സഹായിയായി പ്രവര്‍ത്തിച്ച അനീഷ് ഗുരുവിന്‍റെ മന്ത്രശക്തി കരസ്ഥമാക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കൃഷ്ണന്‍ പൂജയും മന്ത്രവാദവും നടത്തിയ വകയില്‍ കണക്കറ്റ പണവും വലിയ അളവില്‍ സ്വര്‍ണാഭരണവും വീട്ടില്‍ സൂക്ഷിച്ചിരുന്നതായി അനീഷ് ലിബീഷിനെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. കൃത്യത്തില്‍ സഹായിച്ചാല്‍ ഇത് തുല്യമായി വീതിച്ചെടുക്കാമെന്ന വാഗ്ദാനം നല്‍കിയാണ് ലിബീഷിനെ പ്രലോഭിപ്പിച്ചത്. മാസങ്ങള്‍ക്ക് മുന്‍പുവരെ വണ്ണപ്പുറത്തെ കൊല്ലപ്പെട്ട കൃഷ്ണന്‍റെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന അനീഷ് ഏതാനും നാളായി നാട്ടിലെത്തി പെയിന്റിങ് തൊഴിലിന് പോയിരുന്നു. കൊലപാതകം നടന്ന ദിവസം ടൈല്‍ ജോലിക്കെന്ന് പറഞ്ഞാണു വിട്ടില്‍നിന്നും പോയത്. പിറ്റേന്നും ഇയാള്‍ വീട്ടില്‍ വരാതിരുന്നതിനാലാണ് പോലീസിന് തെളിവുകളിലേക്ക് വേഗത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞത്.
മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചാണ് അനീഷ് കടന്നത്. പോലീസിന്‍റെ കൈയില്‍ കിട്ടിയ അനീഷ് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും കഴിഞ്ഞ ഫെബ്രുവരി 26 നാണ് അവസാനമായി കൃഷ്ണനും അനീഷും പരസ്പരം സംസാരിച്ചിരുന്നതായി കണ്ടെത്തി. അടിമാലി കൊരങ്ങാട്ടിക്കു സമീപം നൂറാംകരയിലേക്കുള്ള വഴിയില്‍ പിതാവിനോടും മാതാവിനോടുമൊപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. കഴിഞ്ഞയാഴ്ച കൊല നടത്തിയശേഷവും ഇയാള്‍ ഒരുദിവസം അടിമാലി മേഖലയില്‍ പെയിന്റിങ് ജോലിക്കെത്തിയിരുന്നു. സ്വന്തം ബെക്കില്‍ പതിവായി രാവിലെ വീട്ടില്‍നിന്നും പോകുന്ന അനീഷ് രാത്രിയാണു തിരികെ വീട്ടിലെത്തിയിരുന്നത്. സംഭവങ്ങള്‍ പുറംലോകം അറിഞ്ഞതിന്റെ പിറ്റേന്നാണു കൊരങ്ങാട്ടിയിലെ ഇയാളുടെ വീട്ടില്‍ പൂജ നടത്തിയത്. ലിബീഷും പൂജയില്‍ പങ്കെടുത്തിരുന്നു.
കൊലപാതകക്കേസില്‍ പിടിയിലാകാതിരിക്കാനായിരുന്നു പ്രത്യേക പൂജ സംഘടിപ്പിച്ചത്.കൊലപാതകത്തിനുശേഷം കൊരങ്ങാട്ടിയിലേക്കു വന്നതായി അടിമാലി സി.ഐ പി.കെ. സാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ എ.എസ്.ഐയ്ക്കു രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഉന്നത പോലീസുമായി ബന്ധപ്പെട്ടശേഷം ഇവിടുത്തെ പോലീസ് സംഘം അനീഷിനെ അന്വേഷിച്ചു വേഷംമാറി വീട്ടിലെത്തിയെങ്കിലും അതിനോടകം ഇയാള്‍ കടന്നു കളഞ്ഞതായി അന്വേഷണസംഘം പറയുന്നു. ഇതിനിടെ മറ്റു രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തശേഷം വിട്ടയച്ചു.
ഇവരില്‍നിന്നു കിട്ടിയ വിവരമാണ് തൊടുപുഴയിലെ ലിബീഷിന്റെ അടുത്തേയ്ക്ക് പോലീസ് സംഘത്തെ എത്തിച്ചത്. രണ്ടുദിവസമായി കൊരങ്ങാട്ടി, മാങ്കുളം, പ്ലാമലക്കുടി വന മേഖലകളില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നെങ്കിലും അനീഷിനെ കണ്ടെത്താനായിരുന്നില്ല. ഒടുവില്‍ നേര്യമംഗലത്തുള്ള ബന്ധുവീട്ടില്‍ ഇയാളുണ്ടെന്ന് പോലീസിനു വിവരം ലഭിച്ചു. ഒരു ദിവസം വീടു നിരീക്ഷിച്ച ശേഷമാണ് ഇന്നലെ രാത്രി വീടുവളഞ്ഞ് പ്രതിയെ പിടികൂടിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam