
ദില്ലി:കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി യഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് എംപിമാര്‍ ദില്ലിയിലെ റെയില്‍വേ ആസ്ഥാനത്തിന് മുന്‍പ് പ്രതിഷേധിക്കുന്നു. യുഡിഎഫിന്‍റെ പന്ത്രണ്ടോളം എംപിമാരാണ് റെയിൽ ഭവന് മുന്നിൽ പ്രതിഷേധ ധര്‍ണ നടത്തുന്നത്.
യുപിഎ സർക്കാരിന്റെ കാലത്തു പ്രഖ്യാപിച്ച പദ്ധതികൾ അട്ടിമറിക്കാൻ ബിജെപി സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്തു കൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്‍റണി ആരോപിച്ചു. കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിച്ചത് കൊടുംചതിയാണ്. കോച്ച് ഫാക്ടറി അനുവദിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ മെല്ലെപ്പോക്ക് തുടരുകയാണെങ്കില്‍ കേരളത്തിന്‍റെ ശക്തമായ പ്രതിഷേധത്തിനും പ്രക്ഷോഭങ്ങള്‍ക്കും കേന്ദ്രം സാക്ഷ്യംവഹിക്കേണ്ടി വരുമെന്നും ആന്‍റണി മുന്നറിയിപ്പ് നല്‍കി.
റായ്ബറേലിക്കും, പാലക്കാടിനും ഒരുമിച്ചാണ് കോച്ച് ഫാക്ടറി അനുവദിച്ചതെങ്കിലും റായ്ബറേലിക്ക് മുന്‍ഗണന കൊടുക്കാന്‍ രാഹുല്‍ ഗാന്ധി ശ്രമിച്ചെന്ന കേന്ദ്രറെയില്‍ മന്ത്രി പീയുഷ് ഗോയലിന്‍റെ ആരോപണത്തിനും എ.കെ.ആന്‍റണി മറുപടി കൊടുത്തു. റായ്ബറേലിക്ക് മുന്‍ഗണന നല്‍കാന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടെങ്കില്‍ അക്കാര്യം തെളിയിക്കുന്ന കത്ത് ഹാജരാക്കണമെന്ന് എ.കെ.ആന്‍റണി പറഞ്ഞു. കോച്ച് ഫാക്ടറിയ്ക്ക് തടസ്സം രാഹുലാണെങ്കില്‍ അതിനുള്ള തെളിവും പീയുഷ് ഗോയല്‍ പുറത്തു വിടണം- ആന്‍റണി പറഞ്ഞു.
അതേസമയം കോച്ച് ഫാക്ടറിയില്‍ സംയുക്ത പ്രതിഷേധത്തിന് ശ്രമിക്കാത്തതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തി യുഡിഎഫ് എംപിമാര്‍ രംഗത്തുവന്നു. സിപിഎം എംപിമാര്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തത് നിര്‍ഭാഗ്യകരമായ സംഭവമാണെന്ന് യുഡിഎഫ് എംപിമാര്‍ കുറ്റപ്പെടുത്തി.
പിണറായി കേരളത്തിന്‍റെ മുഖ്യമന്ത്രിയാണ് അല്ലാതെ പാര്‍ട്ടി സെക്രട്ടറിയില്ല. കോച്ച് ഫാക്ടറി വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. കോച്ച് ഫാക്ടറി വിഷയത്തില്‍ പ്രതിഷേധമുള്ള കാര്യം മുഖ്യമന്ത്രി പ്രതിപക്ഷത്തെ അറിയിച്ചില്ലെന്നും യുഡിഎഫ് എംപിമാര്‍ കുറ്റപ്പെടുത്തുന്നു. കേന്ദ്ര റെയിൽവെ മന്ത്രി ദില്ലിയിൽ ഇല്ലാത്തതിനാൽ റെയിൽവെ ബോര്‍ഡ് ചെയര്‍മാൻ ഉൾപ്പടെയുള്ളവരുമായി യുഡിഎഫ്എം .പിമാര്‍ കൂടിക്കാഴ്ചക്ക് ശ്രമിക്കുന്നുണ്ട്. രണ്ട് ദിവസം മുമ്പ് ഇടതുപക്ഷ എം.പിമാര്‍ റെയിൽ ഭവന് മുന്നിൽ ധര്‍ണ്ണ നടത്തിയിരുന്നു. ഈ വിഷയത്തിൽ റെയിൽവെ മന്ത്രിയുമായി വി.എസ്.അച്യുതാനന്ദനും കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam