കണ്ണൂര്‍ വിമാനത്താവളം: പരീക്ഷണപ്പറക്കല്‍ ജനുവരിയില്‍

By Web DeskFirst Published Dec 17, 2017, 8:04 AM IST
Highlights

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 95 ശതമാനം നിര്‍മാണം പൂര്‍ത്തിയായ സാഹചര്യത്തില്‍ അടുത്ത സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കിയാല്‍ എംഡി പി. ബാലകിരണ്‍. വിമാന സര്‍വ്വീസുകളാരംഭിക്കുന്നതിന്റെ ആദ്യ പടിയായി 2018 ജനുവരിയില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം പരീക്ഷണപ്പറക്കലിന് സജ്ജമാകും. ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളമായതിനാല്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍, എയര്‍പോര്‍ട്ട് അതോറിറ്റി, നാവിഗേഷന്‍ ലൈസന്‍സുകള്‍ ലഭിക്കാന്‍ കാലതാമസമുണ്ട്. ഇതാണ് കമ്മിഷനിങ് സെപ്റ്റംബര്‍വരെ നീളാന്‍ കാരണം.

ജനുവരി ആദ്യം റഡാര്‍ സെറ്റിങ് പൂര്‍ണമാകും. ഫെബ്രുവരിയോടെ നിര്‍മാണപ്രവര്‍ത്തനങ്ങളും മറ്റ് സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുന്ന ജോലികളും പൂര്‍ത്തിയായശഷം, വിമാനത്താവള ലൈസന്‍സ് കിട്ടുന്ന മുറയ്ക്ക് ഉദ്ഘാടനം നടത്താനാവും. വിമാനത്താവളത്തിന്റെ 3050 മീറ്റര്‍ റണ്‍വേ പൂര്‍ത്തിയായിക്കഴിഞ്ഞു. ഏപ്രണില്‍ ഇരുപത് പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ഉണ്ടാകും. വിമാനത്താവളത്തില്‍ 700 കാറുകള്‍ക്കും 200 ടാക്‌സികള്‍ക്കും 25 ബസുകള്‍ക്കും ഒരേ സമയം പാര്‍ക്കിങ് സൗകര്യമുണ്ട്. 95,000 ചതുരശ്രമീറ്റര്‍ ആണ് പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിന്റെ വലുപ്പം. 48 ചെക്കിങ് കൗണ്ടര്‍, 16 എമിഗ്രേഷന്‍ കൗണ്ടര്‍, 16 കസ്റ്റംസ് കൗണ്ടര്‍, 12 എസ്‌കലേറ്റര്‍, 15 എലിവേറ്റര്‍ എന്നിവയും ഉണ്ടാവും. ഇവയുടെ നിര്‍മാണജോലികള്‍ പുരോഗമിക്കുകയാണ്. പാസഞ്ചര്‍ ടെര്‍മിനലിന്റെ വലുപ്പത്തില്‍ രാജ്യത്ത് എട്ടാം സ്ഥാനമാണ്. ഇതുവരെ 2061 ഏക്കര്‍ സ്ഥലം ഉപയോഗപ്പെടുത്തി.

4000 മീറ്റര്‍ റണ്‍വേക്കായി സ്ഥലം പൂര്‍ണമായി ഏറ്റെടുക്കുന്നതിന് നടപടി തുടങ്ങി. 250 ഏക്കറോളം സ്ഥലം ഇനിയും വേണ്ടിവരും. റണ്‍വേയുടെ വലുപ്പം നോക്കിയാല്‍ രാജ്യത്തെ നാലാമത്തെ വിമാനത്താവളമായിരിക്കും കണ്ണൂരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 64 സി.ഐ.എസ്.എഫുകാരെ സുരക്ഷയ്ക്കായി നിയമിച്ചു. ഇനി വിമാനത്താവളത്തിന്റെ സുരക്ഷ ഇവരുടെ കൈയിലായിരിക്കും. കസ്റ്റംസില്‍ 78 പേരെ ലഭിക്കും. വിമാനത്താവളത്തിനായി പ്രദേശത്തുനിന്ന് കുടിയൊഴിക്കപ്പെട്ടവരുടെ കുടുംബങ്ങളില്‍നിന്ന് 45 പേര്‍ക്ക് ജോലിനല്‍കും. ഇതില്‍ 22 പേരുടെ നിയമനം പൂര്‍ത്തിയാവുന്നുണ്ട്. കിയാലിന് ചുരുക്കംപേര്‍ക്കേ തൊഴില്‍ നല്‍കാനാകൂ. അതേസമയം, മറ്റുമേഖലകളില്‍ രണ്ടായിരത്തോളം തൊഴിലവസരമുണ്ടാകും. പരോക്ഷമായി ഇതിന്റെ പത്തിരട്ടിയോളം തൊഴിലവസരങ്ങള്‍ ഈ മേഖലയില്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

click me!