Latest Videos

കണ്ണൂര്‍ വിമാനത്താവളം; വികസനത്തിന്റെ ആകാശത്തിലേക്ക് ഒരു വര്‍ഷം, നിര്‍മ്മാണങ്ങള്‍ ദ്രുതഗതിയില്‍

By Web DeskFirst Published Sep 21, 2017, 7:07 AM IST
Highlights

കണ്ണൂര്‍: സെപ്തംബറില്‍ വിമാനം പറന്നുയരുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ അതിവേഗം പുരോഗമിക്കുകയാണ് കണ്ണൂര്‍ വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍. പാസഞ്ചര്‍ ടെര്‍മിനല്‍, റണ്‍വേ, എയ്റോബ്രിഡ്ജുകള്‍, അഗ്നിശമന സംവിധാനങ്ങള്‍ എന്നിവ അവസാന ഘട്ടത്തിലാണ്. വടക്കന്‍ കേരളത്തിന് കുതിപ്പേകുന്ന വിമാനത്താവളം പ്രതീക്ഷയോടെ കാണാനെത്തുന്ന പ്രവാസികളും കുറവല്ല.

ഏതൊരു അന്താരാഷ്‌ട്ര വിമാനത്താവളത്തോടും ഒപ്പമെത്തുന്ന പ്രൗഢിയിലാകും കണ്ണൂര്‍ വിമാനത്താവളം പണി പൂര്‍ത്തിയാകുമ്പോള്‍ എന്ന് വ്യക്തമാക്കുന്നതാണ് നിലവിലെ നിര്‍മ്മാണ പുരോഗതി.  പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ കേരളത്തിലെ ഏറ്റവും വലുതും അന്താരാഷ്‌ട്രതലത്തില്‍ നാലാമത്തേതുമാകും കണ്ണൂര്‍ വിമാനത്താവളം. റണ്‍വേ 4000 മീറ്ററാകുന്നതോടെ ജംബോ വിമാനങ്ങളും കണ്ണൂരിലിറങ്ങും. വിമാനത്താവളത്തിലേക്കുള്ള റോഡുകളും, ഫ്ലൈ ഓവറുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയായി.  യാത്രക്കാരെ വിമാനത്തിലേക്കും തിരികെയും എത്തിക്കുന്ന മൂന്ന് എയ്റോ ബ്രിഡ്ജുകള്‍ സ്ഥാപിച്ചു കഴിഞ്ഞു.  എയര്‍ ട്രാഫിക് കണ്‍ട്രോള്‍ യൂണിറ്റില്‍ യന്ത്രഭാഗങ്ങള്‍ സജ്ജീകരിക്കുകയാണ്. 

അഗ്നിശമന വിഭാഗത്തില്‍ ഓസ്ട്രിയയില്‍ നിന്നെത്തിച്ച നാല് യൂണിറ്റുകള്‍ പൂര്‍ണ  സജ്ജമായിക്കഴിഞ്ഞു. പാസഞ്ചര്‍ ടെര്‍മിനലുള്‍പ്പെടുന്ന ഭാഗമാണ് കാഴ്ച്ചയില്‍ സുന്ദരം.  കണ്‍വെയര്‍ ബെല്‍റ്റുകളും എസ്കലേറ്ററുകളും പൂര്‍ത്തിയായിട്ടില്ല.  വൈദ്യുതിയും ലഭിക്കാനുണ്ട്. വിമാനത്താവളം കാണാനെത്തുന്ന പ്രവാസികളടക്കമുള്ളവര്‍ക്ക് വാനോളമാണ് പ്രതീക്ഷ. നിലവില്‍ ജെറ്റ് എയര്‍വേസ് അബുദാബിയിലേക്കും ഗോ എയറിന് ദമാമിലേക്കും സര്‍വ്വീസിന് അനുമതിയായിക്കഴിഞ്ഞു. തടസ്സങ്ങളില്ലാതെ മുന്നോട്ടു പോയാല്‍ മാത്രമാണ് സെപ്തംബറിന് മുന്‍പ് കമ്മിഷന്‍ ചെയ്യാനുള്ള യത്നം സഫലമാവുക.

click me!