ജമാഅത്തെ ഇസ്ലാമി വിവാദത്തിൽ പ്രതികരണവുമായി എ കെ ബാലൻ. ജമാഅത്തെയുടെ വക്കീൽ നോട്ടീസ് കിട്ടിയെന്നും മാപ്പ് പറയാൻ മനസില്ലെന്നുമാണ് എ കെ ബാലന്റെ പ്രതികരണം.
തിരുവനന്തപുരം: മാറാട് കലാപവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ ജമാ അത്തെ ഇസ്ലാമിയോട് മാപ്പ് പറയാനില്ലെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. ജമാ അത്തെ ഇസ്ലാമി അയച്ച വക്കീല്‍ നോട്ടീസ് വസ്തുതാപരമല്ലെന്നു പറഞ്ഞ ബാലന്‍ പരാമര്‍ശത്തിന്‍റെ പേരില്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും പ്രഖ്യാപിച്ചു. എല്‍ ഡി എഫ് വന്നാലെ മതസൗഹാര്‍ദം നിലനില്‍ക്കൂവെന്ന അര്‍ത്ഥത്തിലാണ് മാറാട് കലാപം പരാമര്‍ശിച്ചതെന്നും ബാലന്‍ വിശദീകരിച്ചു.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജമാ അത്തെ ഇസ്ലാമി ആഭ്യന്തരം ഭരിക്കുമെന്നും മാറാട് കലാപം ആവര്‍ത്തിക്കുമെന്നുമായിരുന്നു മുതിര്‍ന്ന സിപിഎം നേതാവ് എ കെ ബാലന്‍റെ വാക്കുകള്‍. പരാമര്‍ശം വിവാദമായതിനു പിന്നാലെയാണ് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജമാ അത്തെ ഇസ്ലാമി ബാലന് വക്കീല്‍ നോട്ടീസയച്ചത്. എന്നാല്‍ മാപ്പ് പറയാന്‍ തയ്യാറല്ലെന്ന് പറഞ്ഞ ബാലന്‍ ജമാ അത്തെ ഇസ്ലാമിക്കെതിരായി ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്നുംപ്രഖ്യാപിച്ചു. ന്യൂനപക്ഷ സംരക്ഷണത്തിന് നിലപാടെടുത്തയാളാണ് താനെന്ന കാര്യം ഉയര്‍ത്തിക്കാട്ടിയായിരുന്നു ജമാ അത്തെ ഇസ്ലാമിക്കെതിരായ വിമര്‍ശനം.
വര്‍ഗീയ ശക്തികളുടെ പിന്തുണയോടെ ഏത് കക്ഷി അധികാരത്തില്‍ വന്നാലും അത് മതസൗഹാര്‍ദത്തെ ബാധിക്കുമെന്നത് ചൂണ്ടിക്കാട്ടാനായിരുന്നു മാറാട് പരാമര്‍ശമെന്നും ബാലന്‍ വിശദീകരിച്ചു. ഇതിനിടെ മന്ത്രി എം ബി രാജേഷും ബാലനെ പിന്തുണച്ചെത്തി. യുഡിഎഫ് ഭരിക്കുമ്പോളാണ് കേരളത്തില്‍ വര്‍ഗീയ കലാപങ്ങളുണ്ടായതെന്നും ഇടത് ഭരണത്തില്‍ വര്‍ഗീയ ശക്തികള്‍ തലപൊക്കിയിട്ടില്ലെന്നും രാജേഷ് പറഞ്ഞു. മാറാട് വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗത്തെത്തി. മാറാട് കലാപം നടക്കുമ്പോള്‍ ജമാ അത്തെ ഇസ്ലാമി സിപിഎമ്മിനൊപ്പമാണെന്ന് പറഞ്ഞ അദ്ദേഹം, സംഘപരിവാര്‍ പറയാന്‍ മടിക്കുന്ന കാര്യമാണ് മുഖ്യമന്ത്രി പറയുന്നതെന്നും ആരോപിച്ചു.
വിവാദ പ്രസ്താവനയെ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പിന്തുണച്ചെങ്കിലും ബാലനെ തള്ളുന്ന നിലപാടായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തിരുവനന്തപുരം ജില്ലാ കമ്മറ്റി യോഗത്തില്‍ സ്വീകരിച്ചത്.



