
കണ്ണൂര്‍: മാഹിയിൽ ഇന്നലെ രാത്രി കൊല്ലപ്പെട്ട സിപിഎം നേതാവ് ബാബുവിന്റേയും ആർഎസ്എസ് പ്രവർത്തകൻ ഷമേജിന്റേയും മൃതദേഹങ്ങൾ അൽപസമയത്തിനകം പോസ്റ്റ്മോർട്ടം ചെയ്ത് ബന്ധുകൾക്ക് വിട്ടുകൊടുക്കും. കൊല്ലപ്പെട്ട ബാബുവിന്‍റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലും ഷമേജിന്‍റേത് കോഴിക്കോട് മെഡി.കോളേജിലുമാണുള്ളത്. ഒരേനാട്ടുകാരായ ഇരുവരും ഇന്നലെ രാത്രിയാണ് കൊല്ലപ്പെട്ടത്.
ഇരുവരുടേയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം വിലാപയാത്രയായാവും വീട്ടിലെത്തിക്കുക. ഇതിന് മുൻപ് പൊതുദർശനവും ഉണ്ടാവും. ബാബുവിന്റേയും ഷമോജിന്റേയും വീടുകൾ തമ്മിൽ കിലോമീറ്ററുകളുടെ ദൂരവ്യത്യാസമാണുള്ളതെന്നതിനാൽ വിലാപയാത്രയിലും പൊതുദർശന ചടങ്ങിലും സംഘർഷമുണ്ടാക്കാനുള്ള സാധ്യതകൾ പോലീസ് മുന്നിൽ കാണുന്നുണ്ട്. കണ്ണൂരില്‍ നടന്ന സംസ്ഥാന യുവജനോത്സവത്തിനിടെ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍റെ വിലാപയാത്ര നടത്തിയ സംഭവം പോലീസിന് വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നു. ബദ്ധവൈരികളായ രണ്ട് പാര്‍ട്ടികളും ഒരേ മേഖലയിലേക്ക് വിലാപയാത്രയുമായി എത്തുന്നത് പോലീസിനെ വലയ്ക്കും.
നിലവിൽ രണ്ട് കമ്പനി പോലീസിനെ കോഴിക്കോട്-കണ്ണൂർ അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്. ഷമോജിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയെ ജില്ലാ അതിർത്തി വരെ കോഴിക്കോട് റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അനുഗമിക്കും. അവിടെ നിന്ന് കണ്ണൂർ പോലീസിന്റെ രണ്ട് കമ്പനി പോലീസാണ് സുരക്ഷയൊരുക്കുന്നത്. മാഹിയിൽ സുരക്ഷ ഉറപ്പിക്കാനായി പുതുച്ചേരിയിൽ നിന്നും രണ്ട് കമ്പനി പോലീസ് ഇതിനോടകം എത്തിയിട്ടുണ്ട്. കണ്ണൂരിന്റെ മറ്റു ഭാഗങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ കാസർഗോഡ് നിന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ രണ്ട് പ്ലാറ്റൂൺ ഉദ്യോഗസ്ഥരെ കണ്ണൂരിലെത്തിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സിപിഎം നേതാവ് മുൻ മാഹിനഗരസഭാംഗവുമായ ബാബുവിനെ നാലംഗം സംഘം കഴുത്തിന് വെട്ടിക്കൊലപ്പെടുത്തിയത്. പള്ളൂരങ്ങാടിയിൽ നിന്നും വീട്ടിലേക്ക് പോകും വഴിയാണ് ബാബു കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് ജോലി കഴിഞ്ഞു വീട്ടിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവറായ ഷമോജ് ആക്രമിക്കപ്പെട്ടത്. മുഖത്തും കൈയ്ക്കും വെട്ടേറ്റ ഷമോജ് കോഴിക്കോട് മെഡി.കോളേജിലേക്ക് കൊണ്ടു പോകും വഴിയാണ് മരണപ്പെട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam