പട്ടാപ്പകൽ ജ്വല്ലറിക്കവർച്ച നടത്തിയ സംഘത്തിലെ പ്രധാനി പിടിയില്‍

By Web DeskFirst Published Jun 25, 2018, 2:29 AM IST
Highlights
  • പട്ടാപ്പകൽ ജ്വല്ലറിക്കവർച്ച നടത്തിയ സംഘത്തിലെ പ്രധാനി പിടിയില്‍

കണ്ണൂർ: പഴയങ്ങാടിയിൽ പട്ടാപ്പകൽ ജ്വല്ലറിയിൽ കവർച്ച നടത്തിയ സംഘത്തിലെ പ്രധാനി പിടിയിൽ. പുതിയങ്ങായി മാട്ടൂൽ സ്വദേശി എപി റഫീഖിനെയാണ് അറസ്റ്റ് ചെയ്തത്. മോഷണം പോയ മൂന്നരക്കിലോയിലധികം സ്വർണ്ണത്തിൽ ഒന്നേമുക്കാൽ കിലോ ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. ഒരാൾ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്.

കവർച്ചയ്ക്ക് മുൻപ് ജ്വല്ലറിയുടെ സിസിടിവി കാമറകളിൽ സ്പ്രേ പെയിന്റെടിച്ച് നശിപ്പിച്ചു. കവർച്ചയ്ക്ക് തെരഞ്ഞെടുത്തത് ജൂൺ എട്ട് റംസാനിലെ അവസാന വെള്ളിയാഴ്ച്ച ഉടമകളും ജീവനക്കാരും ജുമുഅ നമസ്കാരത്തിന് പോയ നേരം. പെയിന്‍റി തൊഴിലാളികളുടെ വേഷത്തിൽ, അതിവേഗം കവർന്ന് കടന്നു കളഞ്ഞത് 3.7 കിലോ സ്വർണ്ണവും 2 ലക്ഷം രൂപയും. പക്ഷെ പോകുന്ന വഴിയിൽ റോഡിനോട് ചേർന്ന കടയിലെ സിസിടിവി ക്യാമറക്കണ്ണുകളിൽ കുടുങ്ങി. 

അതിവിദഗ്ധമായി നടന്ന കവർച്ചയിൽ പ്രതികൾ ബാക്കിവെച്ച ഏക തെളിവ്. ബക്കറ്റിൽ സ്വർണ്ണം നിറച്ച് കുടചൂടി സ്കൂട്ടറിൽ രക്ഷപ്പെട്ടവരുടെ ചിത്രങ്ങൾ പ്രചരിപ്പിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ 16 ദിവസങ്ങൾക്ക് ശേഷം ആദ്യ അറസ്റ്റ്. സ്വർണ്ണം വീതം വെച്ച് മാട്ടൂലിലെ വാടകവീട്ടിൽ അടുക്കളയിൽ ഒളിപ്പിച്ച് ഭാര്യവീട്ടിലായിരുന്നു പിടിയിലായ റഫീഖ്. ദിവസങ്ങളോളം നിരവധി പേരെ തുടർച്ചയായി ചോദ്യം ചെയ്തും ഫോൺ പിന്തുടർന്നുമാണ് റഫീഖിലേക്ക് പൊലീസ് എത്തിയത്. 

കുറ്റം സമ്മതിച്ച ഇയാളെ കൂടുതൽ ചോദ്യം ചെയ്യുകയാണ്. ഒന്നേമുക്കാൽ കിലോ സ്വർണ്ണമാണ് കണ്ടെടുത്തത്. കസ്റ്റഡിയിലുള്ളതും കവർച്ചയിൽ പ്രധാന പങ്കുള്ളയാളാണ്. കവർച്ച നടന്ന അൽഫതീബ് ജ്വല്ലറിയും പരിസരവും നന്നായി അറിയാവുന്നവരാണ് പ്രതികൾ. പട്ടാപ്പകൽ നടന്ന വൻ കവർച്ച പൊലീസിന് നാണക്കേടാകുന്ന ഘട്ടത്തിലാണ് പഴയങ്ങാടി - തളിപ്പറമ്പ് പൊലീസിന്റ അന്വേഷണ മികവ് തുണയായത്. മൂന്ന് സംഘങ്ങളായാണ് അന്വേഷണം നടന്നത്. കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ട് എന്ന നിഗമനത്തിൽ അന്വേഷണം തുടരുകയാണ്.

click me!