
കണ്ണൂർ: എടക്കാട് ദുരൂഹ സാഹചര്യത്തിൽ യുവാവ് മരിച്ചത് കസ്റ്റഡി മർദ്ദനം മൂലമല്ലെന്ന് രാസപരിശോധനാ ഫലം. അമിതമായ ലഹരി മരുന്ന് ഉപയോഗമാണ് മരണത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. കസ്റ്റഡി മർദ്ദനമാണ് ഉനൈസിനെ മരണത്തിലേക്കെത്തിച്ചതെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു.
കസ്റ്റഡി മർദ്ദനം മൂലമല്ല മരണമെന്ന് നേരത്തേ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടുന്നതിനൊപ്പം, കസ്റ്റഡി മർദ്ദനം നടന്നിട്ടില്ലെന്നും പൊലീസ് നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു. പൊലീസ് വാദം ശരിവെക്കുന്ന തരത്തിലാണ് ആന്തരീകാവയവങ്ങളുടെ രാസപരിശോധനാഫലം കൂടി പുറത്തുവന്നിരിക്കുന്നത്. അമിതമായി ലഹരി മരുന്നുകൾ ഉനൈസ് ഉപയോഗിച്ചിരുന്നതായും, ഇത് മരണ കാരണമായെന്നുമാണ് രാസപരിശോധനാ റിപ്പോർട്ട്. രക്തത്തിലും കിഡ്നിയിലും കരളിലും അളവിലധികം ഹെറോയിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഉനൈസിന്റെ കൈകളിൽ നിറയെ സൂചിപ്പാടുകളും കീറിവരഞ്ഞ പാടുകളും നേരത്തെ കണ്ടെത്തിയിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി 21നാണ് എടക്കാട് പൊലീസ് ഉനൈസിനെ കസ്ററഡിയിലെടുത്തത്. കസ്റ്റഡിയിൽ നിന്ന് വിട്ട ശേഷം ആശുപത്രിയിൽ ചികിത്സ തേടിയ ഉനൈസ് താൻ ക്രൂരമായി മർദ്ദിക്കപ്പെട്ടതായി കുറിപ്പെഴുതി വച്ചിരുന്നു. ഈ മാസം രണ്ടിനാണ് ഉനൈസ് മരിച്ചത്. മരണ ശേഷമാണ് ഉനൈസ് എഴുതിയ കുറിപ്പ് സഹിതം ബന്ധുക്കൾ പരാതി നൽകിയത്. സംഭവത്തിൽ തൃശൂർ ഐജിയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്. പോസ്റ്റുമോർട്ടത്തിൽ അസാധാരണമായ മുറിവുകളോ ക്ഷതങ്ങളോ കണ്ടെത്താഞ്ഞത് വേണ്ട പരിശോധന നടത്താഞ്ഞത് മൂലമാണെന്ന നിലപാടിലായിരുന്നു ബന്ധുക്കൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam