
കണ്ണൂര്‍: കറപ്പത്തോട്ടം കൈമാറ്റക്കേസില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് എതിരെ ത്വരിത അന്വേഷണം നടത്താന്‍ തലശ്ശേരി വിജിലന്‍സ് കോടതിയുടെ നിര്‍ദേശം. കേസില്‍ നാലാംപ്രതിയായ കാന്തപുരത്തെ ഒഴിവാക്കിയതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ഈ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമെ കാന്തപുരത്തെ കേസില്‍ പ്രതിയാക്കണോ എന്ന കാര്യം തീരുമാനിക്കു.
നേരത്തെ കാന്തപുരത്തെ ഒഴിവാക്കിയ കാരണം വ്യക്തമാക്കാന്‍ സ്‌പെഷ്യല്‍ ജഡ്ജി വിജിലന്‍സിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിലാണ് കോടതിയുടെ നടപടി സ്വീകരിച്ചത്. തെളിവ് ലഭിച്ചാല്‍ കാന്തപുരത്തെ പ്രതി ചേര്‍ക്കുന്നതിന് വിരോധമില്ലെന്നും കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു.
അഞ്ചരക്കണ്ടി കറപ്പത്തോട്ടം കൈമാറ്റക്കേസില്‍ കാന്തപുരത്തെ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ.ഇ.നാരായണന്‍ മുഖേന ഇരിട്ടി സ്വദേശിയായ എ.കെ ഷാജിയാണ് ഹര്‍ജി നല്‍കിയത്. കറപ്പതോട്ടത്തിന്റെ 300 ഏക്കര്‍ ഭൂമി ഉദ്യോഗസ്ഥരുടെ സഹായത്തോടെ തരംമാറ്റി മെഡിക്കല്‍ കോളെജ് അടക്കം പണിതെന്ന ഇരട്ടി സ്വദേശിയുടെ പരാതിയിലാണ് വിജിലന്‍സ് എഫ്‌ഐആര്‍ ഇട്ട് അന്വേഷണം ആരംഭിച്ചത്.
കാന്തപുരം എപി അബുബക്കര്‍ മുസ്ലിയാരടക്കം നാലുപേരെ പ്രതികളാക്കിയായിരുന്നു പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. ഇത് പരിഗണിച്ചാണ് കേസ് എടുത്ത് അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതും. എന്നാല്‍ തുടര്‍ന്ന് വിജിലന്‍സ് കേസ് എടുത്തപ്പോള്‍ ഭൂമി ആദ്യം മറിച്ച് നല്‍കിയ കാന്തപുരം എപി അബുബക്കര്‍ മുസ്ലിയാര്‍ ഇതില്‍ നിന്നും ഒഴിവായി. ഇതിലാണ് ഇപ്പോള്‍ ത്വരിത പരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടത്.
അതേ സമയം വിധിയുടെ വിശദാശംങ്ങള്‍ ലഭിച്ച ശേഷം, പഠിച്ച് പ്രതികരിക്കാം എന്ന് എപി അബൂബക്കര്‍ മുസ്ലിയാര്‍ പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam